Archive for the ‘മഞ്ജരി’ Category

അന്യഗ്രഹങ്ങളിൽ ഭൂമിയെന്നാളിലും
തന്നിടും നന്മകൾ തേടും നരൻ
ഇന്നീധരയ്ക്കെഴും സങ്കടം മാറ്റിടു-
മെന്നാകിലെത്ര നന്നായിരുന്നു

തന്നിൽ തുടങ്ങണം മാറ്റങ്ങൾ, പിന്നെ
തൻ വീട്ടിലും നാട്ടിലുമീക്രമത്തിൽ
എന്നല്ലിചൊൽവതിക്കാലത്തഭിജ്ഞരായ്
മന്നിൽ പുകഴോടെ വാണിടുന്നോർ

മേഘജാലം

Posted: May 26, 2024 in മഞ്ജരി

മാറ്റുവാനാകില്ല ലോകത്തെയെങ്കിലും
മാനത്തുവന്നതാം മേഘജാലം
മാഴ്‌കാതെമെയ്യിൽപ്പതിച്ചവെട്ടത്താലെ
മാരിവില്ലൊന്നങ്ങുതീർത്തിടുന്നൂ

താപമേറീടുന്ന സൂര്യാംശുതൻ ചൂടു –
തന്നുള്ളിലേറ്റിയീഭൂവിനെന്നും
തൂനിലാവെട്ടം തരും കുളിർതൂകിടും
തിങ്കളെന്നാലതിന്മെയ്യിലയ്യോ
കഷ്ടമച്ചൂടേറ്റുക്കത്തിക്കരിഞ്ഞതാം
കാഴ്ചകളാണെന്നു കേട്ടിടുന്നൂ

മാനത്തു സൂര്യനുദിച്ചുയർന്നീടവേ
ആനന്ദമോടൊരുമാങ്കൊമ്പിലായ്
നല്ലോരിലയ്ക്കുള്ളിലായ് ഹിമബിന്ദുവൊ-
ന്നല്ലലില്ലാതതുകണ്ടിരുന്നൂ

തന്മേനി സൂര്യാംശു മെല്ലെപ്പുണരവേ
ഒന്നല്ലൊരായിരം സ്വപ്നങ്ങളും
വർണ്ണപ്പകിട്ടെഴും മാരിവില്ലെന്നപോൽ
കാണ്മതായ് വിസ്മയം തന്നെയോർത്താൽ

“എന്തൊരു ഭാഗ്യ”മെന്നോർത്തുപോയാഹിമ –
ബിന്ദു, “വെൻ ജീവിതം ധന്യമായി”

തെല്ലുനേരം കഴിഞ്ഞില്ലയപ്പോൾ തന്നെ –
ത്തെന്നലൊന്നാവഴി വന്നുചേർന്നൂ

ആദ്യം മൃദുസ്പർശമായിരുന്നൂ പിന്നെ
ഭീതിയേകുംമട്ടുമാറി ഭാവം

താനിരിക്കുന്നിടം മാത്രമല്ലാമരം
തന്നെയുമാടിടുംമട്ടിലായി

വല്ലാതെകാറ്റടിച്ചീടവേ മാമര-
ച്ചില്ലയുമാടിക്കുഴങ്ങിയപ്പോൾ
മാവിന്നിലത്തുമ്പിലെത്തി വേഗത്തിലാ
പാവം ഹിമബിന്ദുവെന്തുചെയ്യാം!

താഴേയ്ക്കുനോക്കിയാലറ്റമില്ലാത്തതാ-
മാഴക്കുഴിതന്നെയെന്നുകണ്ടൂ

പേടിച്ചുമെയ്യും വിറച്ചുപോയ്, ഭീതിയി-
ലാടിയപ്പാവത്തിന്മാനസവും

അങ്ങിനെ പേടിച്ചിരിക്കുന്ന നേരത്തി-
ലെങ്ങിനെയെന്നതിങ്ങാരറിഞ്ഞൂ

താങ്ങായിക്കണ്ടതാമായിലയും വിട്ടു
താഴേയ്ക്കു വീണുപോയ് കഷ്ടമേറ്റം

“അന്തമില്ലാതുള്ള കുണ്ടിലേയ്ക്കിമ്മട്ടിൽ
ഹന്ത! ഞാൻ വീണുപോയെത്ര കഷ്ടം!

എൻ കർമ്മദോഷമോ കാലം പിഴച്ചതോ
എന്തുചെയ്തീടാവതിത്തരുണം”

എന്നുചിന്തിച്ചൊന്നു താഴേയ്ക്കുനോക്കവേ
മുന്നിലായ് കണ്ടു, കണ്ണാടിതാനോ?

താഴെയെത്തീടവേ മെയ്യുടഞ്ഞില്ലാഴി
തായല്ലി, തൻകൈയ്യിലേന്തിചെമ്മേ

ഉമ്മവച്ചുത്സാഹമേകി, താരാട്ടുമായ്
അമ്മതന്മാറോടുചേർത്തുറക്കീ

പ്രചോദനം:

*THE DEW DROP*
     As the sun rose, a dew drop became aware of its surroundings. There it sat on a leaf, catching the sunlight and throwing back it out. Proud of its simple beauty, it was very content. Around it were other dew drops, on the same leaf and some on other leaves round about. The dew drop was sure that it was the best, the most special dew drops of them all.
Ah! It was good to be a dew drop.
The wind rose and the plant began to shake, tipping the leaf. Terror gripped the dew drops as gravity pulled it towards the edge of the leaf, towards the unknown. Why? What was happening? Things were comfortable. Things were safe. Why did they have to change? Why? Why?
  The dew drop reached the edge of the leaf. It was terrified, certain that it would be smashed into thousands pieces below, sure that this was the end. The day had only just begun and the end had come so quickly. It seemed unfair. It seemed so meaningless. It tried desperately to do whatever it could do to cling to the leaf, but it was of no use.
   Finally, it let go, surrendering to the pull of gravity. Down, down it fell. Below there seemed to be a mirror. A reflection of itself seemed to be coming up to meet the dew drop. Closer and closer they came together and finally…….
And then the fear transformed into deep joy as the tiny dew drop merged with the vastness that was the pond. Now the dew drop was no more, but it was not destroyed.It had become one with the whole.

(ഈ കഥ പഴയ Life Positive എന്ന മാഗസിനിൽ വന്നതാണത്രേ.)

ആരോ കൊടുത്തയച്ചുള്ള സന്ദേശങ്ങൾ
ചാരെ വന്നോതുന്ന മേഘങ്ങളേ!

ആരറിഞ്ഞൂ നിങ്ങൾ പേറുന്ന നോവു, ക –
ണ്ണീരും മഴയെന്നേ ലോകമോർപ്പൂ

കാലം കഴിഞ്ഞാലും മങ്ങലേറ്റീടാതെ
കാണുന്ന സ്നേഹത്തിൻ ഹൃത്സ്പന്ദനം

കാട്ടിലെപ്പൂക്കളും ശേഖരിച്ചെത്തിയാ
കാർവർണ്ണനായ് വനമാല കോർക്കാൻ
കൌതുകംപൂണ്ടുനിൽക്കുന്നിവൾ, കണ്ടുവോ
കണ്ണനെ കണ്മുന്നിലായിക്ഷണം

കാണുന്നതുണ്ടൊരു പുഞ്ചിരി ചുണ്ടത്തു
കണ്ണിലും കാണുന്നു മന്ദഹാസം

കാതിൽ പതിച്ചുവോ വേണുഗാനസ്വനം?
കാളിന്ദീതീരമായോ ഹൃദന്തം ?

അക്ഷരജാലത്താൽ പ്രേമം തുളുമ്പീടു –
മക്ഷയപാത്രമായ് മാറിടുന്നൂ
ഇക്കടലാ, സതിൻ കോറിയിടും വാക്കു
തീർക്കുന്ന പായസമാർക്കുതാനോ?


കൂട്ടത്തിൽ ചേർക്കില്ല പാട്ടുകാരെങ്കിലും
കൂട്ടാക്കിടേണ്ടേ നീ പാട്ടുപാടൂ

കാട്ടുമൈനേ! നിൻ്റെ ഗാനം ശ്രവിക്കുവാൻ
കൂട്ടുകാരൊക്കെയും കാത്തിരിപ്പൂ


അന്നൊരുകാലത്തു നാർസിസസെന്നൊരു
സുന്ദരൻ പയ്യനുണ്ടായിരുന്നൂ

തൻ പ്രതിബിംബത്തെ വെള്ളത്തിൽ കണ്ടതിൻ
ചന്തത്തിലാകൃഷ്ടനാകയാലേ
സ്വന്തമാക്കീടുവാനാശിച്ചു, തന്മുഖം
തന്നെയെന്നായറിഞ്ഞില്ല പാവം

എത്ര വിളിച്ചിട്ടും  എത്രയും കാത്തിട്ടും
ചിത്രമാവെള്ളത്തിൽ കണ്ടവനെ
സ്വന്തമാക്കീടുവാനായതില്ലെന്നോർത്തു
ഹന്ത! നാർസിസസ് ദുഃഖാർത്തനായ്

നീരിൽ മുഖംനോക്കി കാലം കഴിച്ചവൻ
ചാരുതചേരുന്ന പുഷ്പമായി

ആറ്റിൻകരയിലായ് ഡാഫോഡിൽ പുഷ്പമായ്
ആയവൻ നിൽപ്പതുണ്ടിന്നുമത്രേ

https://upload.wikimedia.org/wikipedia/commons/4/4a/Glaspalast_M%C3%BCnchen_1897_118.jpg