Archive for the ‘വൃത്തലക്ഷണം’ Category

17. വൃത്തം: ശാലിനി

ലക്ഷണം:
നാലേഴായ് മം ശാലിനീ തംതഗംഗം

മഗണം തഗണം തഗണം ഗുരു ഗുരു

ggg/g(യതി)gl/g(യതി)gl/gg

കാണാകേണം നാലി,ലേഴാമിടത്തും
വേണം തട്ടീശാലിനിയ്ക്കായ്, തുടക്കം
കാണാം മായാകും ഗണം, പിന്നെയുണ്ടാ-
കേണം താ രണ്ടും, ഗുരുദ്വന്ദ്വമന്ത്യേ

18. വൃത്തം: മാലിനി

ലക്ഷണം:
നനമയയുഗമെട്ടിൽ തട്ടണം മാലിനിയ്ക്ക്

നഗണം നഗണം മഗണം യഗണം യഗണം

lll/lll/gg(യതി)g/lgg/lgg

ഇരുകുറി നഗണം താനാദ്യമീമാലിനിയ്ക്കായ്
വരുമഥ മഗണം കേളെട്ടിലായ് തട്ടിടേണം ​
ഒരു യതി യഗണങ്ങള്‍ രണ്ടുമായെങ്കിലൊത്തെ-
ന്നറിക ലളിതമേറ്റം തന്നെയീവൃത്തമാര്‍ക്കും

19: വൃത്തം: ശിഖരിണി

ലക്ഷണം:
യതിക്കാറില്‍ തട്ടും യമനസഭലം ഗം ശിഖരിണി

യഗണം മഗണം നഗണം സഗണം ഭഗണം ലഘു ഗുരു
lgg/ggg/(യതി)/lll/llg/gll/lg

തുടക്കം യായത്രെ മഗണമണയും പിന്നെ നഗണം
ചൊടിക്കായാറാറിൽ യതിയുമഥ പിന്നീടു സഗണം
ഒടുക്കം ഭാ യല്ലോ ലഘുഗുരുയുഗം വേണ്ടവിധമാ-
കൊടുത്താൽ കിട്ടീടും ശിഖരിണി പകർന്നോരുലഹരി

20: വൃത്തം: മാനിനി

ലക്ഷണം:
ന ജ ജ ര കേള്‍ യതിയഞ്ചില്‍ മാനിനി

നഗണം ജഗണം ജഗണം രഗണം
lll/lg(യതി)l/lgl/glg

നഗണമുടന്‍ യതിയഞ്ചിലായ് തഥാ
ജഗണയുഗം വരുമത്രെ പിന്നെയോ
രഗണമിതിന്‍ പടിയൊത്തു ചേരുകില്‍
സുഖകരമാണതു തന്നെ മാനിനി

21: വൃത്തം: സുമുഖി

ലക്ഷണം:
സുമുഖി സസജത്തൊടേ ഗുരു

സഗണം സഗണം ജഗണം ഗുരു
llg/llg/lgl/g

വരുമേ സഗണദ്വയമാദ്യമെ-
ന്നറിയൂ സുമുഖിയ്ക്കു പിന്നെയോ
ഗുരുവന്ത്യമതിന്നു മുന്നെയായ്‌
വരണം ജഗണം യഥോചിതം

22: വൃത്തം: രഥോദ്ധത

ലക്ഷണം:
രം നരം ല ഗുരുവും രഥോദ്ധത

രഗണം നഗണം രഗണം ലഘു ഗുരു
glg/lll/glg/lg

വൃത്തലക്ഷണമിതു താന്‍ രഥോദ്ധത-
യ്ക്കാദ്യമായ് രഗണമത്രെ പിന്നെയോ
ഒത്തു ചേര്‍ന്നു നഗണത്തൊടായി രാ,
കൃത്യമായ് ഗുരുവുമന്ത്യമാത്രയായ്

പേരിതിന്നു പറയാം രഥോദ്ധതാ
ചേരുമാദ്യഗണമായി രാ തഥാ
ചേരണം നഗണമൊത്തു രായുമ-
ന്നേരമായ് ലഘുഗുരുദ്വയങ്ങളും

1. വൃത്തം: ദ്രുതവിളംബിതം

ലക്ഷണം:
ദ്രുതവിളംബിതമാം നഭവും ഭരം

നഗണം ഭഗണം ഭഗണം രഗണം  (lll/gll/gll/glg)

ദ്രുതമിടയ്ക്കുവിളംബിതമായുമീ-
ഗതി സുഖപ്രദമാണുലകത്തിലെ
പതിവുജീവതമെന്നകണക്കു താ-
നിതുമതോ സുഖമേകുവതെപ്പൊഴും

2.  വൃത്തം: മന്ദാക്രാന്ത

ലക്ഷണം:
മന്ദാക്രാന്താ മഭനതതഗം നാലുമാറേഴുമായ്ഗം

മഗണം ഭഗണം നഗണം തഗണം തഗണം ഗുരു ഗുരു
നാലിലും ആറിലും യതി

ggg/g(യതി)ll/lll/g(യതി)gl/ggl/gg

മന്ദം മന്ദം വിരിയുമൊരു പൂ പോലെ കാണുന്നു നിന്നില്‍
മന്ദാക്രാന്തേയഴകു തഴുകും തെന്നലായ് ചിന്ത താനേ
വന്നീടുമ്പോളിളകിയതിനോടൊത്തു ചാഞ്ചാടി നില്ക്കും
നിന്നെക്കാണാന്‍ കുതുകമിവനുണ്ടെന്നുമെന്നോതിടട്ടേ

3.  വൃത്തം: സ്രഗ്ദ്ധര

ലക്ഷണം:
ഏഴേഴായ് മൂന്നു ഖണ്ഡം മരഭനയയയം സ്രഗ്ദ്ധരാവൃത്തമാകും

മഗണം രഗണം ഭഗണം നഗണം യഗണം യഗണം യഗണം
ഏഴിലും പതിനാലിലും യതി

ggg/g-g/g(യതി)ll/lll/lgയതിg/lgg/lgg/

ഏഴാം സ്ഥാനത്തി, ലേവം വരുമഥ പതിനാ-
ലിങ്കലായിട്ടുമത്രേ
യേഴേഴായാക്കിടും പോല്‍ യതി, മ ര ഭ ന-
യെന്നൊക്കെയാദ്യം ഗണങ്ങള്‍
ഏഴെണ്ണം കാണുമല്ലോ ഗണമിതിലഖിലം
പാര്‍ക്കിലാ, യന്ത്യഭാഗേ
വാഴുന്നൂ മൂന്നു വട്ടം യഗണമിതു കണ-
ക്കായ് വരും സ്രഗ്ദ്ധരയ്ക്കായ്

ഏഴേഴായ് മൂന്നു വട്ടം മുറിയുമതു നിജം
സ്രഗ്ദ്ധര+യ്ക്കെങ്കിലും നീ
കേഴൊല്ലാ നിന്നടുത്തായൊരുദിനമണയും
കണ്ണനത്രേ ത്രിവക്രേ*
പാഴല്ലാ നിന്റെ ജന്മം പകരണമവനായ്
ഭക്തിയാകും സുഗന്ധം
പാഴ്ത്തണ്ടില്‍ പാട്ടുണര്‍ത്തുന്നവനഴകുനിന-
ക്കേകിടും നിര്‍ണ്ണയം താന്‍

4. വൃത്തം:  ശാര്‍ദ്ദൂലവിക്രീഡിതം

ലക്ഷണം:
പന്ത്രണ്ടാൽ മസജം സതംതഗുരുവും ശാർദ്ദൂലവിക്രീഡിതം

മഗണം സഗണം ജഗണം സഗണം തഗണം തഗണം ഗുരു

പന്ത്രണ്ടില്‍ യതി

ggg/llg/lgl/llg(യതി)ggl/ggl/g

പന്ത്രണ്ടില്‍ യതി വേണമത്രെ ഗണമായ്
മാ പിന്നെയോ സാ വരും
പിന്നീടോ ജഗണം വരുന്നു, സഗണം
താന്‍ വീണ്ടുമെത്തീടണം
പിന്നെച്ചേര്‍ക്കുക വേണ്ട പോലെ തഗണം 
രണ്ടെണ്ണവും കൂടെയായ്
തന്നെച്ചേരുവതാകണം ഗുരുയുഗം
ശാര്‍ദ്ദൂലവിക്രീഡിതേ

ശാര്‍ദ്ദൂലക്കളി പാടു തന്നെയൊരു നാള്‍
വാലില്‍ പിടിച്ചിട്ടു ഞാന്‍
ശാര്‍ദ്ദൂലത്തെ മെരുക്കുവാന്‍ പല വിധം
പോരാടി, ദാക്ഷിണ്യമോ
ശാര്‍ദ്ദൂലത്തിനു, ഭീതിയോടെയകലേ-
യ്ക്കോടുന്ന നേരം കവി-
ശ്ശാര്‍ദ്ദൂലം തുണയായ് തുടങ്ങിയെഴുതാന്‍
ശാര്‍ദ്ദൂലവിക്രീഡിതം

5. വൃത്തം: വസന്തതിലകം

ലക്ഷണം:
ചൊല്ലാം വസന്തതിലകം തഭജം ജഗംഗം

തഗണം ഭഗണം ജഗണം ജഗണം ഗുരു ഗുരു
ggl/gll/lgl/lgl/gg

നല്ലൂ വസന്തതിലകം, കൊഴിയുന്ന പൂവി-
ന്നല്ലല്‍ തിരിച്ചറിയുമാകവിമാനസത്തെ
തെല്ലൊന്നിളക്കി കവിതാമലരായി വന്നോ-
ളല്ലേ, നിനക്കുസമമായൊരുവൃത്തമുണ്ടോ

6.  വൃത്തം: മത്തേഭം

ലക്ഷണം:
മത്തേഭസംജ്ഞമിഹ വൃത്തം ധരിക്ക തഭയത്തോടു ജം സരനഗം

തഗണം ഭഗണം യഗണം ജഗണം സഗണം രഗണം നഗണം ഗുരു
യതി ഏഴിലും പതിനാലിലും

ggl /gll/l (യതി) gg/ lgl/ll (യതി) g/glg/ lll/ g

മത്തേഭവൃത്തമിവനാദ്യം ശ്രവിച്ച സമ-
യത്താവതില്ലടിയനെ-
ന്നത്രേ നിനച്ചു, പല നാളായ് ശ്രമിച്ചു, വൊരു-
നാളില്‍ കുറിച്ചു പലതും
പ്രത്യേകമുള്ള സുഖമിന്നുള്ളിലായ് വരുവ-
തുണ്ടൊന്നു നോക്കുമളവീ
വൃത്തത്തി, നാനയണയും പോലെയാണിതു ര-
സിച്ചീടുകെന്റെമനമേ

7. വൃത്തം: ഇന്ദുവന്ദന

ലക്ഷണം:
ഇന്ദുവന്ദനയ്ക്ക് ഭ ജ സം ന ഗുരു രണ്ടും

ഭഗണം ജഗണം സഗണം നഗണം ഗുരു ഗുരു
gll/lgl/llg/lll/gg

 

ഇന്ദുവദനയ്‌ക്കെതിരു നില്ക്കുവതിനില്ലെ-
ന്നിന്ദു വദനത്തെ മുകിലാലിഹ മറച്ചൂ
ഇന്ദുവദനേ! വദനമെന്തിനു മറച്ചീ-
ടുന്നു വദ ലോകമിരുളാലെ വലയുന്നൂ

8. വൃത്തം: കുസുമവിചിത്ര

ലക്ഷണം:
നയ നയ വന്നാല്‍ കുസുമവിചിത്ര

നഗണം യഗണം നഗണം യഗണം
lll/lgg/lll/lgg

നയനയയെന്നായ് നഗണമൊടൊപ്പം
നയമൊടുചേരും യഗണവുമത്രേ
സ്വയമതുവീണ്ടും വരുമൊരുവട്ടം
പ്രിയതരമേവം കുസുമവിചിത്രാ

9. വൃത്തം: വനമാലം

ലക്ഷണം
ഇഹ വൃത്തം സഭസഭമോടേ സഭ ഗഗ ചേര്‍ ന്നാല്‍ വനമാലം

സഗണം ഭഗണം സഗണം ഭഗണം സഗണം ഭഗണം  ഗുരു ഗുരു
llg/gll/llg/gll/llg/gll/gg

വനമാണെന്മനമതിലെന്നും വിരിയുവതാം ചിന്തകളെല്ലാം
വനമാലീ! തിരുവുടലിന്‍ നീയണയുവതാം മാലയൊരുക്കാന്‍
ദിനവും ഞാന്‍, കഴിവതു പോ, ലിങ്ങിവിടെ പെറുക്കുന്നു നിനക്കീ
വനമാലം തരുവതണിഞ്ഞാല്‍ സുകൃതമതാണെന്നു നിനയ്ക്കാം

10. വൃത്തം: മല്ലിക

ലക്ഷണം: രം സജം ജഭ രേഫമിഗ്ഗണയോഗമത്ര ഹി മല്ലിക

രഗണം സഗണം ജഗണം ജഗണം ഭഗണം രഗണം
glg/llg/lgl/lgl/gll/glg

ചൊല്ലുവാന്‍ സുഖമുള്ള മട്ടൊരു താളമേകുവതായിടും
മല്ലികയ്ക്കു സമം സുഖപ്രദമേതു വൃത്ത, മതാര്‍ക്കുമേ
ചൊല്ലിടാന്‍ ലളിതം, പഴേ ചലചിത്രഗാനവുമേവമാ-
യില്ലയോ, മനതാരിനേറ്റവുമിമ്പമുണ്ടതുകേള്‍ക്കുവാന്‍

11. വൃത്തം: മഞ്ജുഭാഷിണി

ലക്ഷണം: സജസം കഴിഞ്ഞു ജഗമഞ്ജുഭാഷിണി

സഗണം ജഗണം സഗണം ജഗണം  ഗുരു
llg/lgl/llg/lgl/g

സഗണം തുടക്ക, മതിനോടടുത്തതായ്
ജഗണം വരേണ, മതുരണ്ടു പിന്നെയും
ദ്വിഗുണീഭവിച്ചു ഗുരുവൊത്തു ചേരുകില്‍
തികയുന്ന വൃത്തമതുമഞ്ജുഭാഷിണി

അറിവി, ങ്ങു പേര്‍ പെരുമയെന്നതേതുമേ
യരുളേണ്ടയേകുമവ ഗര്‍വ്വമുള്ളിലായ്
പറയുന്ന വാക്കിനഴകേറിടാന്‍ തരൂ
വരമെന്റെ നാവിനിഹ മഞ്ജുഭാഷിണീ

12. വൃത്തം: ഭുജംഗപ്രയാതം

ലക്ഷണം:
യകാരങ്ങൾ നാലോ ഭുജംഗപ്രയാതം

യഗണം യഗണം യഗണം യഗണം
lgg/lgg/lgg/lgg

ഗുരുക്കള്‍ നിരക്കുന്നുയാദ്യത്തെ വിട്ട-
ക്ഷരത്തിന്നതേകും ഗണം താന്‍ യകാരം
ഒരേപോലെയായ് നാലു വട്ടത്തിലേവം
നിരന്നാലതത്രേ ഭുജംഗപ്രയാതം

13. വൃത്തം: വസന്തമാലിക

ലക്ഷണം:
വിഷമേ സസജം ഗഗം സമത്തില്‍
സഭരേഭം യ വസന്തമാലികയ്ക്ക്

സഗണം സഗണം ജഗണം ഗുരു ഗുരു
സഗണം ഭഗണം രഗണം ഭഗണം

llg/llg/lgl/gg
llg/gll/glg/lgg

വരുമാസഗണങ്ങളാദ്യപാദേ
യിരുവട്ടം ജഗണം തുടര്‍ന്നു കാണാം
ഗുരു രണ്ടതു പോലെ മൂന്നിലെന്നായ്
വരുമെന്നോര്‍ക്ക വസന്തമാലികയ്ക്കായ്

ഒരുപോലഥ രണ്ടു നാലിലായും
വരുമല്ലോ സഗണം തുടര്‍ന്നു പിന്നെ
വരുമാഭഗണത്തിനൊത്തുചേര്‍ന്നായ്
കരുതീടാം രഗണത്തൊടുത്തുഭായും

14. വൃത്തം: വിയോഗിനി

ലക്ഷണം:
വിഷമേ സസജം ഗവും സമേ,
സഭരം ലം ഗുരുവും വിയോഗിനീ

സഗണം സഗണം ജഗണം ഗുരു
സഗണം ഭഗണം രഗണം ലഘു ഗുരു

llg/llg/lgl/g
llg/gll/glg/lg

ഒരു നോവു തരും വിയോഗിനി-
യ്ക്കരുളീടും മികവങ്ങു വാക്കിനാല്‍
കരുണാബലമെന്നുതന്നെയായ്
കരുതാം ചിന്തയിലാണ്ട സീത പോല്‍

15.  വൃത്തം: സ്രഗ്വിണി

ലക്ഷണം:
നാലു രേഫങ്ങളാല്‍ സ്രഗ്വിണീ വൃത്തമാം

രഗണം രഗണം രഗണം രഗണം
glg/glg/glg/glg

സ്രഗ്വിണിയ്ക്കായ് ഗണം നാലു താന്‍, നാലിലും
‘രാ’ ഗണം തന്നെയാണത്രെ, നൂലൊന്നിലായ്
സ്നിഗ്ധമാകും മലര്‍ കോര്‍ത്ത പോല്‍, കണ്ടിടാം
സ്രഗ്വിണിയ്ക്കുള്ളതാം ഭംഗി വൃത്തത്തിനും

16. വൃത്തം: മൌക്തികമാല

ലക്ഷണം:
മൌക്തികമാലാ ഭതനഗഗങ്ങള്‍

ഭഗണം തഗണം നഗണം ഗുരു ഗുരു

gll/ggl/lll/gg

മൌക്തികമാലയ്ക്കറിയുകയാദ്യം
വയ്ക്കണമത്രേ ഭഗണമതൊപ്പം ​
ചേര്‍ക്കുക താ-നാ-ഗണയുഗമന്ത്യേ
വയ്ക്കുവതിന്നായഥ ഗുരു രണ്ടും

 

“ആദിമധ്യാവസാനേഷു
യ,ര,താ യാന്തി ലാഘവം
ഭ,ജ,സാ ഗൗരവം യാന്തി
മനൗ തു ഗുരുലാഘവം”

(യ) lgg
(ര) glg
(ത) ggl
(ഭ) gll
(ജ) lgl
(സ) llg
(മ) ggg
(ന) lll

g indicates ഗുരു

l indicates ലഘു