Archive for July 12, 2016

ധ്യാനം

Posted: July 12, 2016 in സുവദനാ

അയ്യപ്പാ പാപപുണ്യങ്ങളെയിരുമുടിയാ-
ക്കീട്ടെത്തുമളവില്‍
വയ്യെന്നോതുന്നു ജീവന്‍ തളരുമതിനു നീ
കൂട്ടായി വരണേ
നിയ്യാല്ലാതാരുകാണുന്നുലകിലെയിരുളില്‍
പെട്ടേറെവലയു-
ന്നയ്യോ ജ്ഞാനപ്രകാശം പകരുക സദയം
നല്കീടു ശരണം

ധ്യാനം

Posted: July 12, 2016 in ഇന്ദുവദന

കാമനകളൊക്കെയുമകറ്റിരഘുരാമന്‍
മാമകമനസ്സിലമരാന്‍ രസനയെന്നും
നാമമുരുവിട്ടതു രസിക്കുവതിനായീ
പാമരനുമാരുതി കനിഞ്ഞരുളു മാര്‍ഗ്ഗം

ശോകം മനസ്സിലുളവായൊരുനേരമൊട്ടും
പാകം വരാത്ത മമ മാനസമര്‍ക്കടത്താന്‍
മൂകം കരഞ്ഞുമരുവും പൊഴുതുതെത്തി കൂട്ടായ്
“നാകത്തിലേയ്ക്കു വഴിതേടിയലഞ്ഞിടുന്നോർ“

പാകം വരാത്ത മനതാരിലു കാണ്മതോ സ്വര്‍
ലോകങ്ങളായറിവതാം കനിവുള്ളിലായി
ഈ കൂട്ടരത്രെ മതചിന്തനിറച്ചിരുട്ടില്‍
“നാകത്തിലേയ്ക്കു വഴിതേടിയലഞ്ഞിടുന്നോർ“

നെഞ്ചില്‍ കത്തിയെരിച്ചിടുന്ന കനലും
തീയും തരും ശക്തിയാ-
ലഞ്ചാതല്ലൊ കുതിച്ചിടുന്നു റെയിലില്‍
തീവണ്ടി, യിമ്മട്ടിലായ്
സഞ്ചാരം തുടരാം നമുക്കുമുലകില്‍
നില്ക്കാതെ, തീയേകുവാ-
നഞ്ചായ് ചൊല്ലുവതാകുമിന്ദ്രിയഗണം
പോരെന്നു വന്നീടുമോ ?

ധ്യാനം

Posted: July 12, 2016 in ഇന്ദുവദന

ഇന്ദുവദനേ! വരിക തൂലികയിലെന്നും
ചന്തമൊടു രാത്രിയിരുളൊക്കെയുമകറ്റും
ചന്ദ്രിക വരുന്ന പടി, മാമകമനസ്സില്‍
സന്തതമണഞ്ഞു ഹൃദി മോദമിവനേകൂ

കണ്ണാ! കൂരിരുളാണുചുറ്റു, മതു നിന്‍
കൈയ്യെന്ന പോലെന്നുമേ
കണ്ണീരൊപ്പുവതുണ്ട, തെന്തു ഭഗവന്‍
നീ തന്നെയോ, മൂടുമെന്‍
കണ്ണെന്നും, സുഖമാണെനിക്കിരുളിലും,
കാര്‍വര്‍ണ്ണ! രാവിന്നു നിന്‍
വര്‍ണ്ണം നല്കിയതെന്തിനായ് നറുനിലാ-
വായ് വന്നു പുല്കീടുവാന്‍

ധ്യാനം

Posted: July 12, 2016 in സുവദനാ

കൈയ്യില്‍ വില്ലമ്പുമൊപ്പം ചുരിക മറുകരത്തില്‍ ചേര്‍ത്തു സദയം
നീയ്യെന്നില്‍ കാണ്മതായീടണമതിനു നമിപ്പൂ ശംഭുതനയാ
വയ്യാതാക്കുന്നു ദര്‍പ്പം മമ മനവനഭൂവില്‍ ക്കാണുമതിനേ
കയ്യോടിപ്പോള്‍ പിടിയ്ക്കൂ ഹൃദയമലരിലായ് നീ വാഴ്ക സതതം

ജേതാവായ്, ജീവനായിട്ടു, ലകിനുബലമാ-
മേകമാം സത്യമായും
നീ താന്‍ കാണായ് വരുന്നൂ, രണഭുവിയൊരുനാൾ‍
കേണൊരാപാര്‍ത്ഥനേകീ
ഗീതാസന്ദേശ, മൊപ്പം വിജയ, വുമടിയന്‍
ചൊല്വതാം ശ്ലോകമെല്ലാ-
മേതാനും പൂക്കളായിത്തവപദകമലേ
ചേരുകില്‍ ധന്യനായ് ഞാന്‍

ഒരു കുറി മനമായിടുന്ന മുല്ല-
ത്തറയിലമര്‍ന്നിടണേ വരുന്നതാകും
ദുരിതമകലുവാന്‍ തുണയ്ക്ക, ചിത്തേ
നിറയുവതാമിരുളൊന്നകറ്റിടേണേ

താതന്‍ പുത്രനുമച്ഛനും ഗുരുവുമെ-
ന്നോതുന്നതെന്തേ പിതാ-
വത്രേ പൈതലിനുള്ളിലെന്നു കരുതീ-
ട്ടാണോ, മകന്നാദ്യമായ്
സത്യത്തിന്നൊളി കാട്ടിടുന്ന ഗുരുവ-
ച്ഛന്‍ താനിതോര്‍ത്തായിടാ-
മോതീടുന്നതു താതനാണുഗുരുവെ-
ന്നും നമ്മളെക്കാലവും

(വ്യക്തമായ  യതിഭംഗമുണ്ട് അവസാന രണ്ട് പാദങ്ങളില്‍ )