Archive for the ‘കുസുമവിചിത്ര’ Category


ഇനനകലുമ്പോളിരുളണയുമ്പോ-
ളിനകുലജാതൻ ദശരഥപുത്രൻ
മനസി ഭയം തീർത്തരുളിട്ടുവാനായ്
കനവുകളേകിത്തെളിയണമെന്നും

അനിതരസൌഖ്യം പകരുവതിന്നും
ജനിമൃതിദുഃഖം കളയുവതിന്നും
മുനിഗണവന്ദ്യൻ രഘുപതി രാമൻ
കനിവൊടു ചിത്തേ തെളിയണമെന്നും

തുണയരുളേണം സദയമെനിക്കെൻ
ഗണപതി,  ഞാനിങ്ങെഴുതുവതെല്ലാം
ഗുണഗണമേറുന്നൊരുനുതിയാകാ-
നണയണമുള്ളിൽ കൃപ ചൊരിയേണം

ഒരു ചെറുവിത്തിന്നകമെയിരിക്കു-
ന്നൊരുമരമേവം മമ മനതാരിൽ
ഒരുവനിരുപ്പുണ്ടവനിഹ കാണു –
ന്നൊരുകനവാണോ ഭുവനമിതെല്ലാം?

അടിമലരിൻ തേൻ നുകരുവതിന്നാ-
യടിയനു ഭാഗ്യം പകരുക വാണീ
അടി പണിയുന്നേനെഴുതുവതച്ചേ –
വടികളിലായ് ചെന്നടിയണമെന്നും

കടജമലയ്ക്കുള്ളധിപതിയാം നി-
ന്നുടയപദത്തിൽ തൊഴുതുനമിപ്പൂ
കടമിഴിയെൻ നേർക്കെറിയുവതിന്നെ –
ന്നുടയവിഷാദം ദ്രുതമകലാനും



ഭജ

Posted: March 9, 2024 in കുസുമവിചിത്ര

ഹരഹരയെന്നും ശിവശിവയെന്നും
നിരവധിനാമം ഭജ മനമേ! നീ
സ്മരഹരയെന്നും ഭജ മനമേ! നീ
പുരഹരയെന്നും പറയുക നിത്യം
ഹരതിരുനാമം ജപ  മടിയെന്യേ

അരികെവരാനാണിവരിരുപേരും
പിരിയുവതത്രേ, കര വെടിയുമ്പോൾ
തിരകളുമോതുന്നിതു പതിവായ് ഞാൻ-
തിരികെ വരും പോയ് മറയുകയല്ലാ

കവിത രസിക്കാതമരുകയാണോ?
കഠിനമതെന്നേ കരുതുക നല്ലൂ
കഴിവതിനേറ്റം വരുവതിനായി
കൊതിവളരട്ടെ നരനകതാരിൽ

ചൊടികളിലെത്തേൻ നുകരുവതായാൽ
ഉടനടി പാടും ചെറിയൊരുപുല്ലും
കടമിഴിയമ്പാലടിപതറിപ്പോയ്
പിടയുമൊരായർതരുണിമനസ്സും

വെറുമൊരുവാക്കല്ലെഴുതുവതെല്ലാ-
മകമലരിൻ തേ, നതുഹൃദയത്താൽ
നുകരുക, തെല്ലാമധുസുഖമുള്ളിൽ
പകരുവതായാൽ മതിയിവനെന്നും