Archive for January 9, 2023

അഭയം

Posted: January 9, 2023 in മാനിനി


ഭുവനമഹോ! ഭയമേകിടുന്നതു –
ണ്ടിവനഭയം തരണേ ഭയപഹേ!
ശിവദയിതേ! ഗിരിജേ! മഹേശ്വരീ
തവ ചരണം ശരണം സദാശിവേ!

കേൾക്കാം വാർത്തകളുത്സവം സിനിമയും
കണ്ടാസ്വദിക്കാം, തഥാ
കാണാം ബന്ധുജനത്തെ ദൂരെയമരു-
ന്നോരാകിലും നിത്യവും
കയ്യിന്നുള്ളിലൊതുങ്ങിടുന്ന ചെറുഫോൺ
ജ്ഞാനം തരും വേണ്ടതാം
കാര്യപ്രാപ്തിയുമേവമുള്ളൊരുവനെ –
പ്പറ്റില്ല പറ്റിക്കുവാൻ

ഏറും രാവിലെയങ്ങുദൂരെമലമേൽ
പിന്നീടതുംവിട്ടുതാൻ
കേറും വാനിലിനൻ, ജ്വലിക്കുമളവിൽ
താപം തരും, വെട്ടവും
വീറും വാശിയുമൊട്ടുപോയൊടുവിലാ –
യാഴിക്കകത്താണ്ടുപോം
നീറും നെഞ്ചൊടു, കാലമേ സകലതും
നിന്നാട്ടമെന്നോർപ്പു ഞാൻ

മൗനം പൂണ്ടമരുന്നതെന്തു സുമമേ!
നിൻ നോവറിഞ്ഞെത്തിടും,
നൂനം സാന്ത്വനമേകിടും സകരുണം
മന്ദാനിലൻ മത്സഖേ!
ഗാനം മൂളിയണഞ്ഞിടും മധുപനും
തേനുണ്ടുകൊണ്ടാടിടും
സാനന്ദം വിതറും പരാഗമുലകിൽ
കേഴാതെ വാഴൂ സദാ

ഭക്തർക്കേതൊരുനാളിലും സുലഭമായ്
കിട്ടുന്നു നിൻ ദർശനം
സത്യം താനതുപോലെയെന്നുമിവനുൾ –
ത്താരിൽത്തെളിഞ്ഞീടണം
നിത്യം ശേഷനുമേലിരുന്നു ഭഗവാൻ
തൂകും കടാക്ഷാമൃതം
ഹൃത്താരിൻ വിഷമം കളഞ്ഞുനിറയാൻ
പൂർണ്ണത്രയീശൻ തുണ

വേലയൊക്കെയൊരുപോലെയെന്നുക-
ണ്ടാലുമെന്നുപറയുന്നു, കേൾക്ക നാം
മേലെയല്ല ചിലതന്നമേകിടും
ജോലിയേതുമിഹ നല്ലതല്ലയോ