Archive for January 16, 2023

Kaleidoscope

Posted: January 16, 2023 in വസന്തതിലകം

പൊട്ടിപ്പൊളിഞ്ഞ പല വസ്തുനിറച്ചതാമ –
ക്കൂട്ടിന്നകത്തു നിറയും ബഹുവർണ്ണചിത്രം
പൊട്ടിത്തകർന്ന കനവേറെയുമുള്ളതാമുൾ
ത്തട്ടിൽത്തെളിഞ്ഞു കവിതാഗണമെത്തിടും പോൽ

പ്രാർത്ഥന

Posted: January 16, 2023 in ശാലിനി

ആറും, പാമ്പും, ചന്ദ്രനും, കാളിടും തീ
പാറും കണ്ണും, ഢക്കയും, ശൂലമേവം
ആറും ചേരും മെയ്യിലായ് പൂശിടും വെ-
ണ്ണീറും കാണാൻ നൽകണം പുണ്യമീശൻ

വീണോരു പൂവിനുയിരേകി സുരദ്രുമത്തിൽ
വാണീടുവാൻ കവിതയാക്കിയതാം കവീന്ദ്രാ!
വാണീവിലാസമിതു വാണി കരത്തിലേന്തും
വീണയ്ക്കുതുല്യമതിലാരുമയങ്ങിനിൽക്കാ

കളിയല്ല, മനസ്സേ! ഈ
കളിയെന്നു ധരിക്കണം
കളിയാട്ടം ശരിക്കും തീ –
ക്കളിതാനുണ്മയോർക്കുകിൽ

തീയിൽ ചാടാൻ കുതിച്ചയ്യോ
പായും വേഷത്തിനുളളിലും
തീയുണ്ടു, കൺകളേ! നിങ്ങൾ –
ക്കായില്ലേയതുകാണുവാൻ

പയ്യാകണം മമ മനം, ചരണാംബുജത്തിൽ
പയ്യെക്കിനിഞ്ഞ മധുവുണ്ടു കഴിഞ്ഞിടാനായ്
കയ്യെത്തിടുന്നൊരകലത്തു ഭവാനിരുന്ന –
ക്കയ്യാൽത്തലോടിയരുളൂ കൃപ, ദീനബന്ധോ!