Archive for April 5, 2024

ഗുണഗണമകമേ  നിറഞ്ഞിടാൻ വ –
ന്നണയണമേ സദയം വിനാ വിളംബം
ഗണപതിഭഗവാൻ കനിഞ്ഞു നിത്യം
തുണയരുളാനടിയൻ നമിപ്പു ഭക്ത്യാ

കുമിളയ്ക്കുള്ളിലായ് ലോകം
തെളിഞ്ഞുമറയുന്നപോൽ
കാണാം ചിന്തകളുൾത്താരിൽ
തന്നത്താൻവന്നുപോവതായ്

ആരിവർ?

Posted: April 5, 2024 in കാകളി

ആരിവർ, ജീവിതഭാരം ചുമന്നെന്നും
പാരിതിൽ ചുറ്റുന്നു, കാരുണ്യം നിത്യവും
ആരിലും തൂകുന്ന ദൈവമേ! നോക്കണേ
ഭൂരിമോദം കൊടുത്താശ്രയം നൽകണേ

ആറിൻ തീരത്തുവാണൂ ജനതതി, യവിടം
മാറിയൊട്ടേറെ, വീണ്ടും
നീരും തേടിട്ടലഞ്ഞൂ ജനത, യിതുവിധം
ഭൂവിലെല്ലാം നടന്നൂ
നേരാണിമ്മട്ടിലുണ്ടായ് ജനപദമൊരുപാ –
ടെങ്കിലും വെള്ളമിപ്പോൾ
തീരാറായെന്നതോർക്കും പൊഴുതുധരയിതാ
കാട്ടിടുന്നാഴിയുള്ളിൽ














ആരാകാം പൊന്നുരുക്കുന്നതു ബത! ഗഗനം
തന്നിലാ, യന്തിയെത്തും
നേരം നക്ഷത്രഹാരം പണിതു ശശികല –
യ്ക്കേകുവാൻ തന്നെയെന്നോ?
പാരം ചൂടേറ്റിടുന്നുണ്ടതുവഴിവരുമ-
ത്തെന്നലും പാരി, ലെന്നാ-
ലാരോടോതാനിതെല്ലാം, മുകളിലമരുവോർ-
ക്കില്ല തെല്ലും പ്രയാസം



ശാസ്ത്രജ്ഞരോതുന്നു ‘വൻകടലൊന്നതാ
വ്യക്തമായ് കാണുന്നു  ഭൂമിക്കകം’

ശാസ്ത്രത്തിനാശ്ചര്യമായിരിക്കാമെന്നാൽ
സത്യത്തിലെന്തിത്ര വിസ്മയിക്കാൻ

മക്കൾക്കു വാഴുവാൻ വേണ്ടതെല്ലാം സ്വയം
സൂക്ഷിച്ചുമാതാവുവയ്ക്കുന്നപോൽ
വന്നെത്തിടും കൊടുംവേനലിൽ ദാഹനീർ
തീർന്നുവെന്നാലന്നു വീതിക്കുവാൻ
ആരുമേ കാണാതെ വച്ചതാണിക്കടൽ
കാരുണ്യമോർക്കുകെൻ കൂട്ടുകാരേ!

സാമ്യമറ്റുള്ളതാം വൻകൃപാസാഗരം
നാമീ വസിക്കുന്ന ഭൂമി നൂനം

വന്ദനം

Posted: April 5, 2024 in കാകളി

അന്നാളിൽ നട്ടതാം വൃക്ഷം തരും തണ-
ലെന്നാളുമാശ്രയമേകുമാനന്ദവും

ഇന്നു നാം ചെയ്യുന്ന കർമ്മമേകും ഫലം
പിന്നെയെന്നുള്ളപോൽ താനിതും തോഴരേ!

നന്മ തൻ മാർഗ്ഗത്തിലൂടെ ചരിച്ചതിൻ
മേന്മ കാട്ടിത്തന്നവർക്കെൻ്റെ വന്ദനം

വിത്തൊന്നു നട്ടതു വൃക്ഷമായാൽ ചാരെ –
യെത്തുന്നവർക്കൊക്കെയും തണൽ നൽകിടും

ആർക്കൊക്കെയാമരമേകും തണലെന്ന-
തോർക്കാതെ വിത്തുപാകിപ്പോയ് മറഞ്ഞോരേ
ഓർക്കുമോ വൃക്ഷത്തണലാസ്വദിക്കുവോ –
രിക്കാലം നാളെയ്ക്കായ് വിത്തുപാകീടുമോ?