Archive for April 21, 2024

കരുമാടിക്കുട്ടനായമരുന്നു കേരള –
ക്കരതന്നിലായിതാ ബുദ്ധദേവൻ

സ്മരിക്കുന്നവർക്കുള്ള ദുഃഖങ്ങളെല്ലാം
ഹരിക്കും മുകുന്ദൻ തുണയ്ക്കട്ടെ നിത്യം
ഹരിക്കുള്ള നാമം ജപിക്കാമവൻ സം-
ഹരിക്കട്ടെ ദുഃഖം തരുന്നോരെയെന്നും



കേരളത്തിൽ കൊച്ചിക്ക് തെക്കോട്ടുള്ള മഹാക്ഷേത്രങ്ങൾ പലതും വളരെ പ്രശസ്തവും ചരിത്രപരമായി പ്രാധാന്യമേറെ ഉള്ളതും ആണെങ്കിലും ഇതുവരെ തൊഴാൻ സാധിച്ചിരുന്നില്ല. അതിനുള്ള ആഗ്രഹം കുറെയായി മനസ്സിൽ കൊണ്ടുനടക്കുകയായിരുന്നു. അതിനുള്ള അവസരം വന്നത് ഇക്കഴിഞ്ഞ രണ്ടു ദിവസങ്ങളിലും ആയിരുന്നു.

കേരളത്തിൽ തന്നെയാണെങ്കിലും ഈ തീർത്ഥയാത്രകൾ സുഗമമാവാൻ സ്ഥലപരിചയം ഈ ക്ഷേത്രങ്ങളിൽ തൊഴാനുള്ള സമയം എല്ലാം അറിയണം. മാത്രമല്ല തീർത്ഥാടനം സുഖകരമാകണമെങ്കിൽ ക്ഷേത്രസംബന്ധിയായ കാര്യങ്ങൾ അറിയുന്ന താല്പര്യമുള്ള ഒരാൾ കൂടെയുണ്ടാകണം.

ഇങ്ങിനെയെല്ലാം ചിന്തിച്ചാണ് ഞങ്ങൾ മധുച്ചേട്ടനെ (ശ്രീ വി കെ മധുകുമാർ വർമ്മ) സമീപിച്ചത്. അദ്ദേഹം വാഹനം ഏർപ്പാടുചെയ്യുക മാത്രമല്ല സ്വയം വരാം എന്നും ഏറ്റപ്പോൾ വളരെ സന്തോഷവും സമാധാനവുമായി.

മിനിഞ്ഞാന്ന് ( ഏപ്രിൽ 19) ആലപ്പുഴയിൽ എത്തി. അന്ന് വൈകുന്നേരം മരുത്വോർവട്ടം ധന്വന്തരിക്ഷേത്രം, തുറവൂർ നരസിംഹ – സുദർശനക്ഷേത്രം, ചേർത്തലയിലെ വാരനാട് ഭഗവതിക്ഷേത്രം, ചേർത്തല കാത്യായനിക്ഷേത്രം എന്നിവിടങ്ങളിൽ ദർശനം നടത്തി. ഇന്നലെ ( ഏപ്രിൽ 20) മണ്ണാർശാല, തിരുവല്ല, ചെങ്ങന്നൂർ, ആറന്മുള, അമ്പലപ്പുഴ എന്നീ ക്ഷേത്രങ്ങളിലും ചെമ്പ്രോൽ കൊട്ടാരത്തിലെ തേവാരപ്പുരയിയും തൊഴുതു.

കൂടാതെ കേരളപാണിനി ശ്രീ ഏ ആർ രാജരാജവർമ്മയുടെ സ്മാരകത്തിലും പോകാൻ സാധിച്ചു. മാത്രമല്ല ആറന്മുളയിൽ പ്രശസ്ത ചിത്രകലാകാരനും ചരിത്രപണ്ഡിതനുമായ ശ്രീ കെ പി ശ്രീരംഗനാഥനെ പരിചയപ്പെടുവാനും വള്ളത്തോൾ വിദ്യാപീഠം പ്രസിദ്ധീകരിച്ച അദ്ദേഹത്തിൻ്റെ പുസ്തകം “ആറന്മുള: ഐതിഹ്യവും ചരിത്രസത്യങ്ങളും ” നേരിട്ട് വാങ്ങാനും സാധിച്ചു. പിന്നെ ചരിത്രം ഉറങ്ങുന്ന കായങ്കുളത്തെ കൃഷ്ണപുരം കൊട്ടാരത്തിൽ എത്തി. തുടർന്ന് ഹരിപ്പാട് അനന്തപുരം കൊട്ടാരത്തിൻ്റെ പാചകവിരുത് മോദക് എന്ന പേരിൽ നമ്മളിലേയ്ക്ക് എത്തിക്കുന്ന ഗോപേട്ടനെയും കാണാൻ സാധിച്ചു. അദ്ദേഹം യാത്ര വളരെ കുറച്ചിരിക്കുന്നതിനാൽ കുറെക്കാലമായി കണ്ടിട്ട്. ” മാമ്പഴത്തിര”യിലൂടെ ആ പാചകത്തിൻ്റെ സ്വാദും ഒന്നൂടെ അറിഞ്ഞു. അങ്ങിനെ അമ്പലപ്പുഴപ്പായസം കൂടാതെ ഓർമ്മപ്പായസവും ആസ്വദിച്ചു

ഈ ക്ഷേത്രങ്ങളെയും ദേശങ്ങളെയും സ്മാരകങ്ങളെയും കുറിച്ചുള്ള ചരിത്രവും ഐതിഹ്യങ്ങളും അറിയാൻ കഴിഞ്ഞു. അങ്ങിനെ പറഞ്ഞുതന്നില്ലായിരുന്നെങ്കിൽ പുന്നപ്ര വയലാർ സ്മാരകവും കരിമാടിക്കുട്ടൻ്റെ പ്രതിമയും എല്ലാം ശ്രദ്ധിക്കാതെ പോയേനേ

ചുരുക്കിപ്പറഞ്ഞാൽ യാത്ര പ്രതീക്ഷകൾക്കപ്പുറമായിരുന്നു. രണ്ടു ദിവസം പോയതറിഞ്ഞില്ല എന്ന് പറഞ്ഞാൽ മതിയല്ലോ

മിഴാവിൽ മയങ്ങിക്കിടന്നോരു നർമ്മം
മരന്ദം കണക്കായ് മൊഴിക്കേകി നമ്പ്യാർ
മടിക്കാതെയിന്നാമഹത്വം ഗ്രഹിക്കാൻ
മനസ്സേ! ശ്രമിക്കൂ സ്മരിക്കൂ നമിക്കൂ

അമ്പലപ്പുഴ ക്ഷേത്രത്തിൽ സൂക്ഷിച്ചു വച്ചിട്ടുള്ള കുഞ്ചൻ നമ്പ്യാരുടെ മിഴാവ്’ ഇവിടെ കൂത്തിനിടയ്ക്ക് അദ്ദേഹം മയങ്ങിപ്പോയതാണല്ലോ ഓട്ടൻ തുള്ളൽ എന്ന കാലാരൂപത്തിൻ്റെ പിറവിക്ക് കാരണമായത്

അമ്പരപ്പൊടിള തന്നിലുമ്പരും
കുമ്പിടാം സവിനയം നിരന്നിടും
അമ്പലപ്പുഴയിലുള്ള തമ്പുരാ –
നൻപിയന്നു തുണയായിരിക്കണം

അറന്മുള തന്നിൽ വാഴും പാർത്ഥസാരഥേ എന്നുള്ളം
നീറാതെന്നും വാഴാൻ നല്ല വഴികാട്ടണം

ചെങ്ങന്നൂർ വാണിടും ഗംഗാധരൻ ഹരൻ
ശങ്കരീവല്ലഭൻ സങ്കടം മാറ്റണം

വിറന്മിണ്ടനായനാർ ഭൂജാതനായതീ –
നാട്ടിലെന്നോർക്കുന്നു കൂപ്പുന്നു സാദരം

സദയം

Posted: April 21, 2024 in ശങ്കരചരിതം

തിരുവല്ലയിലമരും ഹരി സദയം ഹൃദി സതതം
മരുവീടണമിവനാശ്രയമരുളീടണമനിശം

അന്നാൾ മന്നൻ തടവിലമരും
കാലമാമനസത്തിൽ
വന്നെത്തീടും വിഷമമഖിലം
ശ്ലോകരൂപത്തിലാക്കി
മന്ദാക്രാന്താഘടനയി, ലതും
കൊണ്ടുപോയോരു ദൂതൻ
തൻ നാഥൻ ശ്രീമുരുകനഭയം
നൽകണം സന്തതം മേ

മണ്ണാറശ്ശാലതൻ  നാഗരേ മക്കൾക്കു
ദെണ്ണം വരാതെന്നും കാക്കേണമേ