Archive for April 28, 2024

പോയകാലത്തിനുണ്ടാകും
ഭാരമൊട്ടേറെയാകയാൽ
തന്നുള്ളിൽ താങ്ങിനിർത്താതെ
താഴെവയ്ക്കാൻ ശ്രമിക്കുക

ജ്ഞാനവും വിത്തവും സ്ഥാനമാനങ്ങളും
ചിന്തിക്കും ശീർഷമല്ലുത്തമാംഗം,
നിർണ്ണയം താൻ വിശപ്പാറ്റുവാനായന്നം
നിത്യവും നൽകുന്നതാം കരങ്ങൾ
വിങ്ങുന്ന നെഞ്ചിലായ് തിങ്ങുന്ന നൊമ്പരം
തേങ്ങലായ് പൊങ്ങിവന്നെത്തിടുമ്പോൾ
ശാന്തമായ് കേൾക്കുന്ന കാതുമാകണ്ണീരു
കാണുന്ന കണ്ണുകൾ, മാത്രമല്ലാ
അന്യൻ്റെ സങ്കടം മാറ്റുവാനാശ്വാസ –
വാക്കുതിർത്തീടുന്ന നാവുമേറ്റം
കാരുണ്യമൂറുന്ന  മാനസ, മീവിധം
സ്നേഹത്താൽ ശ്രേഷ്ഠമിപ്പാരിലെന്തും

വനമാലം

Posted: April 28, 2024 in വനമാലം

വനമാലിക്കണിയുവതിന്നായ്, മലരുകളും തേടി നടന്നാ
വനഭൂവിൽ ഗോപികളലരാൽ നല്ലഴകെഴുമാഹാരമൊരുക്കി
മനമാമീവിപിനതലത്തിൽ പലവിധമായ് വന്ന കിനാവും
ദിനമനു ഞാൻ കോർക്കുവതവതെല്ലാം നുതിയവതാനെൻ വനമാലം




ഗന്ധവാഹൻ കവർന്നീടുന്നു പൂവിൻ്റെ
ഗന്ധമെന്നാലതിൻ നന്മയാം തേൻ
തെന്നലിനാവുമോ തെല്ലെടുക്കാനതു
തേടിയെത്തും വണ്ടിനേകുമത്രേ

കാലനും ജോലിയില്ലാതെയായ് തീരുന്ന
കാലമായ് റോമ്പോട്ടതുംതന്നെ ചെയ്തിടും

സൃഷ്ടിസ്ഥിതി മുതലഞ്ചും നടത്തുവാ –
നിഷ്ടൻ സമർത്ഥനായ് തീർന്നിടും നിർണ്ണയം

ഒരുമ

Posted: April 28, 2024 in Uncategorized

ഒരുമയുണ്ടെങ്കിലോ കടലേഴും താണ്ടിടാ-
മൊരുമിക്കുകില്ലെങ്കിലൊറ്റപ്പെടും

കാലമേറെക്കഴിഞ്ഞിട്ടും
കാണുമിച്ചെറുപുഞ്ചിരി
കണ്ടുമോഹിച്ചിടാത്തോനെ –
ക്കാണ്മതോ പാരിലെങ്ങുമേ?

പറയും മൊഴിയിൽ മാറ്റം
പലതും കാണുമെങ്കിലും
പറയാം, ചിത്രമുൾത്താരിൽ
പതിയും, ചിന്ത പൊന്തിടും

കാലദേശാദിയും താണ്ടും
കലതാൻ ചിത്രലേഖനം
കഥ ചൊല്ലുമതുൾത്താരിൽ
കലരും വേളയിൽ സ്വയം

ജീവിതം പുസ്തകം, മാറും
നാളുകൾ തന്നെ താളുകൾ
പുത്തനദ്ധ്യായമായ് കാണാം
കണ്ടുമുട്ടുന്ന കൂട്ടരേ

തുടർലക്കം കണക്കത്രേ
പുതുവർഷം വരുന്നതും
സചിത്രമിതുനിർമ്മിക്കും
കഥാകാരനു കൂപ്പുകൈ

ചങ്ക്

Posted: April 28, 2024 in മഞ്ജരി

രക്താഭമായൊരുപൂവൊന്നുകണ്ടുവോ?
കണ്ടെങ്കിലെന്തെൻ്റെ കൂട്ടുകാരാ?

ആരാനുമാപൂവു കാൽവെച്ചരച്ചതായ്
കണ്ടുവോ നീ വരും വേള റോട്ടിൽ

പൂവിൽ ചവുട്ടിയെന്നാലരച്ചെന്നാകിൽ
എന്തു ചേതം തനിക്കെൻ്റെ തോഴാ

ഒന്നുമില്ലേ, യതെൻ ചങ്കായിരുന്നെന്നു
ചിന്തിച്ചുപോയി ഞാനെന്നുമാത്രം