Archive for April 26, 2024

1982-83, ഞാൻ എറണാകുളം മഹാരാജാസ് കോളേജിൽ ഊർജതന്ത്രത്തിൽ ബിരുദത്തിന് പഠിക്കുന്ന കാലം. ശ്രീമതി പാർവ്വതി മനോരഞ്ജിനി ടീച്ചറായിരുന്നു ക്ലാസ് ടീച്ചർ. പ്രധാനവിഷയമായിരുന്നു ഊർജതന്ത്രം എങ്കിലും ഞങ്ങൾക്ക് പൊതുവേ ടീച്ചേർസുമായി നല്ല നിലയിലുള്ള ബന്ധമായിരുന്നില്ല. അതുകൊണ്ടു ആരും തന്നെ തിയറി ക്ലാസുകളിൽ കയറിയിരുന്നില്ല.  എന്നാൽ പ്രാക്റ്റിക്കൽ ലാബ് എല്ലാം മുടക്കമില്ലാതെ അറ്റൻഡ് ചെയ്തിരുന്നു. അതിന് ടീച്ചേർസ് ആരും തടസ്സം നിന്നുമില്ല. റെക്കോഡ് ബുക്കുകളുമായി ബന്ധപ്പെട്ടും പ്രശ്നങ്ങൾ ഒന്നും വന്നില്ല. മാത്രമല്ല, ഞങ്ങളുടെ സെൻഡോഫ് പാർട്ടിയിൽ മറ്റു ടീച്ചേർസ് പങ്കെടുത്തില്ല എങ്കിലും  ശ്രീമതി പാർവ്വതി മനോരഞ്ജിനി ടീച്ചർ പങ്കെടുത്തു!

ആ ടീച്ചർ ഇന്നലെ (ഏപ്രിൽ 25 ന് ) ഇഹലോകവാസം വെടിഞ്ഞതായി സഹപാഠികളിൽ നിന്നും അറിയാൻ കഴിഞ്ഞു.

ഇന്ന് ഔദ്യോഗികമായി പല നിലകളിൽ പ്രവർത്തിച്ച്, പല തരത്തിലുള്ള ആളുകളുമായി ഇടപഴകി, സ്വയം ഔദ്യോഗിക ജീവിതം കഴിഞ്ഞ് വിശ്രമജീവിതം നയിക്കുന്ന വേളയിൽ ചെയ്തതെല്ലാം എത്രയോ തെറ്റായി, അവർക്ക് എത്ര ബുദ്ധിമുട്ട് ഉണ്ടാക്കിയിരിക്കും എന്ന് ഓർക്കുമ്പോൾ മനസ്സ് പശ്ചാത്താപവിവശമാകുന്നു. ക്ഷമാപണത്തോടെ ഗുരുപാദത്തിൽ മനസാ നമിച്ച് ആദരാഞ്ജലി നേരുന്നു

തിരുപ്പതിയിലും തഥാ തിരുമലയ്ക്കുമേലേയുമായ്
വരുന്ന നിജഭക്തരിൽ കനിവുതൂകി വാഴും ഹരേ
ഇരുട്ടുമളവുള്ളിലായ് വളരുമെൻ ഭയം നീക്കി മേ
കരുത്തു പകരൂ സദാ തവ കൃപാബലം താൻ ബലം

മരിച്ചോരുപോലും വരുംവോട്ടുചെയ്യാൻ
തിരിച്ചീയിടം തന്നിലീനാളിലത്രേ
ശരിക്കീയലക്ഷൻ്റെ മാഹാത്മ്യമോർത്താ-
ണിരിക്കുന്നതക്കാലനും കാലനൂരിൽ

ഒഴിഞ്ഞ കപ്പുതാനേറ്റ-
മുപകാരപ്രദം സദാ

പുത്തൻമട്ടുള്ളതെന്നാലും
വൃത്തമൊത്തുള്ളതാകിലും
കാരുണ്യം താനലങ്കാരം
കവിതയ്ക്കേതുകാലവും