Archive for April 29, 2024

അപേക്ഷ

Posted: April 29, 2024 in ലളിത

മുത്തപ്പനെത്തി സദയം വസിക്കയെൻ
ഹൃത്തട്ടിലെന്നുമഭയം മുദാ തരാൻ
നൃത്തം ചവുട്ടി ചിരിതൂകി നിത്യവും
പ്രതൃക്ഷനാകുവതിനുണ്ടപേക്ഷ മേ

വണ്ടിനുണ്ണുവതിനുള്ള തേൻകണം
തിണ്ണമൂറുമൊരുപൂവിലെന്നുമേ

സ്തന്യമമ്മ മകനേകിടുന്നപോൽ
തന്നെയിക്കരുണതൻപ്രവാഹവും

ദാഹനീർ

Posted: April 29, 2024 in മഞ്ജരി

ദേഹം തളർന്നുപോമേറുന്നതാപത്താൽ
ദാഹം പെരുക്കുന്ന വേനലല്ലേ ?

ദാഹനീരേകണം പാന്ഥനിക്കാലം സ –
ന്ദേഹം വെടിഞ്ഞെൻ്റെ കൂട്ടുകാരേ

Les Moissonneurs (The Harvesters), Julien Dupre

ചൂടായ സൂര്യനെച്ചാടിപ്പിടിക്കുവാൻ
പാടാണതാണൊരോടത്തിലേറി ദ്രുതം
ഓടിയീവീശുംവലയ്ക്കുള്ളിലേയ്ക്കതാ
ചാടിച്ചുവെള്ളത്തിൽ മുക്കാനൊരുങ്ങുന്നു 🙂

നിത്യം നാമം ജപിക്കും സമയമിവനക-
ക്കാമ്പിലായ്  കാണ്മതാകും
ചിത്രം നൽച്ചിത്രകാരൻനൃപനൊരുപൊഴുതിൽ
തീർത്തതെന്നോർത്തിടുമ്പോൾ
ചിത്രം! വന്ദിച്ചുപോകും, നിരുപമഗുണമേ –
റുന്ന രൂപം വരച്ചെൻ
ചിത്തത്തിൽ ഭക്തി ചേർത്തോരരചനു പറയാം
വന്ദനം സന്തതം ഞാൻ

പൂവിന്നകത്തു മധുവൂറുന്നപോലെ, കിളി
പാടുന്നപോൽ, സകുതുകം
ഭൂവിൽ പതിച്ച ചെറുവിത്തിൻ കിനാവു മുള പൊട്ടുന്നപോൽ സകരുണം
രാവിന്നിരുട്ടിലൊളിയേകാൻ ശ്രമിപ്പതിനു
താരങ്ങളെത്തുവതുപോൽ
നോവാറ്റിടുന്ന മൊഴിയെന്നാവിലൊന്നു കളി –
യാടാൻ കരുത്തു തരണേ


കുട്ടപ്പനു കട്ടപ്പണി കിട്ടുന്നതു കഷ്ടം
കട്ടയ്ക്കൊരു കൂട്ടായൊരുകൂട്ടാളിയുമില്ലാ
വിട്ടാൽ പണിപാളാമതുമിഷ്ടപ്പെടുമിഷ്ടൻ
സ്പഷ്ടം  ബത! കഷ്ടപ്പെടുമെന്നുള്ളൊരുമട്ടാം 😃

പണി കിട്ടി ശരിക്കു, രക്ഷ ടി-
പ്പണിതാ, നായതു ലഭ്യമാകയാൽ
പണിയില്ലിനി, വാക്പടുത്വമേ!
പണിയുന്നേനടി സാദരം സദാ

(ഒരു മറുപടിശ്ലോകം)

ചുക്കിച്ചുളിഞ്ഞു തനുവൊട്ടു തളർന്നൊരപ്പൂ
നിൽക്കുന്നതോർത്തു കരുണാർദ്രമണഞ്ഞതെന്നൽ
ചിക്കെന്നെടുത്തു കരതാരിലിടംകൊടുത്തൂ
തൃക്കാൽക്കലാഗമപുരേശനനുഗ്രഹിച്ചൂ

മരങ്ങൾ വെട്ടിവീഴ്ത്തുന്നൂ
നരനെന്നായ് ധരിക്കയാൽ
പാരം ചൂടായിനിൽക്കുന്നൂ
സൂര്യനും വാനിലിക്ഷണം