Archive for April 12, 2024

അക്ഷരക്കൂട്ടത്തെ വാക്കാക്കി നല്ലപോൽ
വാക്കുകൾ വാചകക്കെട്ടിലാക്കി
വാചകക്കൂട്ടത്തെ താളിലാക്കി പിന്നെ
താളുകൾ കോർത്തൊരു ഗ്രന്ഥമാക്കി
ബന്ധിച്ചു സൂക്ഷിച്ചു വച്ചതാം മർത്യൻ്റെ
ചിന്തകൾ നഷ്ടപ്പെടാതിരിക്കാൻ
ചങ്ങലക്കെട്ടിലായ് പുസ്തകരെങ്കിലും
ചങ്ങലക്കിട്ടില്ല ചിന്തകളെ

നാകലോകസുഖമെന്തിനാണു ബത! മാറുമെന്നുമതു നശ്വരം
പാകവൈരി മുതലായ ദേവഗണവും നമിക്കുവതു നിൻപദം
ലോകനാഥ, കുടജാദ്രിതന്നിലമരുന്ന ദേവി മമ ചിന്തകൾ
ശ്ലോകപുഷ്പഗണമായ് തവാംഘ്രികളിലെത്തുവാൻ ഹൃദി വിളങ്ങണം


ലോകത്തെ, ജീവജാലത്തെ
പടച്ച കരുണാമയൻ
വിശ്രമിക്കാനിരുന്നപ്പോൾ
കൈകൂപ്പിച്ചെന്നുപോൽ നരൻ

അവനെന്നും വേണ്ടതെല്ലാം
കൊടുത്തോൻ ദൈവമെങ്കിലും
വരങ്ങളിനിയും വേണ-
മെന്നായ് മുന്നിലണഞ്ഞവൻ

വേണ്ടതെല്ലാം പടച്ചീടാൻ
വേണ്ടും ബുദ്ധി കരങ്ങളും
കരുത്തും കലയും നൽകി
സദയം ദൈവമാക്ഷണം

പിന്നെയും പല മട്ടായി –
ട്ടാവശ്യങ്ങൾ നിരത്തവേ
ചെന്നൊളിക്കാനിടം പാവം
ദൈവം തേടാനുറച്ചുപോൽ

എവിടെപ്പോയൊളിച്ചാലും
രക്ഷയില്ലെന്നു കാൺകയാൽ
കൃപയായ് ചെന്നുചേർന്നത്രേ
മനുഷ്യഹൃദയങ്ങളിൽ

ശാന്തിയായ് സ്വത്വമായേവം
നന്മയായ് സ്നേഹമായ് സദാ
മിന്നാറുണ്ടെങ്കിലും കാണാൻ
ചെന്നിടുന്നോർ സുദുർലഭം

മഞ്ഞിന്മലകളും തമ്മിൽ പൊരുതുവാൻ
നെഞ്ഞൂക്കുകൂടിടുമാഴിത്തിരകളും
നെഞ്ഞിലെച്ചിന്തപോൽ കാണുന്ന ലാവയും
നെഞ്ഞേറ്റുമാരുമീവിസ്മയക്കാഴ്ചകൾ



കിംവദന്തി  ഭയക്കുന്നൂ
കൃപയുള്ള മനുഷ്യരെ
അക്കാതിൽ വീണുപോയെന്നാൽ
അക്ഷണം മൃത്യുവെത്തിടും


പൊന്നേ! ഇമ്മട്ടിലായ് പാഞ്ഞീ-
ടുന്നതെന്തിനു നിത്യവും
മുന്നോട്ടുവച്ച നിൻ പാദം
പിന്നോട്ടും  വച്ചുനോക്കണേ

കടന്നുപോയ മാർഗ്ഗത്തെ
മറന്നാൽ നന്മ വന്നിടാ
ഇതൊന്നു മനസ്സിൽ വയ്ക്കൂ
തുടർന്നങ്ങു ഗമിക്കവേ

നിന്നൊപ്പമെത്തുവാനാർക്കും
തന്നെ സാധിക്കുകില്ല കേൾ
പിന്നെയൊറ്റപ്പെടും താനി –
ങ്ങെന്നും നന്നായ് ധരിക്കുക

പുസ്തകം

Posted: April 12, 2024 in മാലിനി

വെറുമൊരുകടലാസെന്നോർക്കൊലാ, പുസ്തകത്താൾ
ഒരുവനിവിടെയെന്നോ കണ്ടതാം സ്വപ്നമത്രേ
ഒരുചിരി, മിഴിനീരും  വർണ്ണഭേദങ്ങളായ് ത-
ന്നരുളുമുരുസുഖം നാം നോക്കിയാൽ ബുക്കു നൂനം


https://www.facebook.com/share/p/oP1SDn823ZK3K4UQ/?mibextid=xfxF2i

കാടുകാണാൻ ഗമിക്കുന്നോർ
കാടുകാട്ടിനടപ്പതോ
നാടുതേടി മൃഗങ്ങൾ വ-
ന്നീടുവാനിന്നു കാരണം?

ജ്ഞാനം കേൾ വിനയം നൽകും
തല താനേ കുനിഞ്ഞിടും
നമ്മെയിങ്ങതുപോലാക്കും
സെൽഫോൺ നല്ലവനല്ലയോ?