Archive for August 10, 2016

ദ്രുതമിടയ്ക്കു വിളംബിതമായിടും
ഗതിയിലായ് തുടരുന്നൊരുയാത്രയില്‍
പതറിടുന്നു മനസ്സു ഗണേശ! സദ്-
ഗതി വരാന്‍ കൃപയേകുക നിത്യവും
ദ്രുതവിളംബിതമെന്നൊരുവൃത്തമൊ-
ത്തിതുകുറിച്ചു പദാംബുജസേവയായ്
ഇതിലെ ദോഷമകറ്റിയൊരര്‍ഘ്യമാ-
വതിനുമൊന്നു തുണയ്ക്ക ഗണേശ്വരാ
(ദ്രുതവിളംബിതം)

കമലാകരം 

Posted: August 10, 2016 in കമലാകരം

ലക്ഷണം: നനഭസ കമലാകരമിഹ ലം ലഘു
000/000/-00/00-/0-

ഇരുമിഴികളുമൊട്ടൊഴുകിലുമെപ്പൊഴും
തിരയുമുലകിലായൊരുവഴിനൊമ്പരം
കുറയുവതിനുമെന്നതുസമമെന്നു താന്‍
കരുതണമതു വിട്ടൊരു വഴി വന്നിടാ

ധ്യാനം 

Posted: August 10, 2016 in Malayalam
ഞാനാരു ലോകത്തിനാധാരമായിടു-
മാനന്ദമാണിങ്ങു ജീവനായി
സാനന്ദമെല്ലാര്‍ക്കുമുള്ളിലായ് ബോധമായ്
ജ്ഞാനമായ് കാണുന്ന സത്യമത്രേ
 
ആരെടാ നീയെന്നു ചോദിച്ചിടുന്നേര-
മാരോവൊരാളുള്ളില്‍ നിന്നുമോതും
പേരതിനില്ല പോല്‍ പേരു കൊടുത്തു നാം
പോരടിച്ചീടുന്നുവെന്നാകിലും
 
പോരു മറന്നു കൈ കോര്‍ത്തു നീങ്ങീടുകില്‍
നേരായ് തെളിയുന്ന സത്യമത്രേ
ആരു നീയെന്നൊരുചോദ്യത്തിനായെന്നു
മാരാകിലും ചൊല്വതാമുത്തരം
 
കൂരിരുട്ടില്‍ സത്യം തേടി നടക്കുന്നോ-
രാരായും ലക്ഷ്യവുമുള്‍ ത്താരിലായ്
ആരുമേ കാണാതെയേറ്റവും ഗൂഢമായ്
നേരായ് തെളിയുന്ന വെട്ടമത്രേ
 
പ്രചോദനം 
 
““ഇരുളിലിരുപ്പവനാര്? ചൊൽക നീ”യെ-
ന്നൊരുവനുരപ്പതു കേട്ടു താനുമേവം
അറിവതിനായവനോടു “നീയുമാരെ”-
ന്നരുളുമിതിൻ പ്രതിവാക്യമേകമാകും.
 
‘അഹമഹ’മെന്നരുളുന്നതൊക്കെയാരാ-
യുകിലകമേ പലതല്ലതേകമാകും;
അകലുമഹന്തയനേകമാകയാലീ
തുകയിലഹമ്പൊരുളും തുടർന്നിടുന്നു”
 

ധ്യാനം 

Posted: August 10, 2016 in Malayalam

കൂരിരുള്‍ ചുറ്റും നിറഞ്ഞു കാണുന്നേരം
കാര്‍മുകില്‍ വര്‍ണ്ണനാണെന്നു തോന്നും
കാര്‍മുകില്‍ മാനത്തു കാണ്മതായീടിലെന്‍
കണ്ണാ! നീ വന്നുവെന്നത്രെ തോന്നും

കണ്ണിനാനന്ദമാം മാരിവില്‍ കാണുമ്പോള്‍
കണ്ണന്റെ പീലിയാണെന്നു തോന്നും
കാറ്റുവന്നെന്തോ സ്വകാര്യമോതീടുമ്പോള്‍
കണ്ണനെന്‍ ചാരെയുണ്ടെന്നു തോന്നും

കൈകളാല്‍ കണ്ണുകള്‍ മൂടിച്ചിരിക്കുന്ന
കുട്ടിക്കുറുമ്പനാണെന്നു തോന്നും
കണ്ണിനും കണ്ണായെന്നുള്ളിലായ് മേവുന്ന
കാരുണ്യം തന്നെയാണെന്നു തോന്നും

കണ്ണുനീരിന്‍ മറയില്‍ പോയൊളിക്കുന്ന-
കണ്ണനെ കാണുക വയ്യെങ്കിലും
കണ്ണില്‍ തെളിയുന്നതായൊക്കെയും നിന്റെ
കേളികളാണെന്നു തന്നെ തോന്നും

ശ്രീമാന്‍ ശ്രീയായ് നിനയ്ക്കുന്നിവിടെധന, മതു-
ണ്ടാകിലുണ്ടാകുമത്രേ
കേമത്തം, സൌഖ്യമുണ്ടോ വരുവതുമതിനാല്‍
ജീവ, നുണ്ടായ് വരുന്നൂ
ക്ഷേമം നിന്‍ പാദപദ്മസ്മരണയി, ലവിടം
വിട്ടു പോകില്ല പോല്‍ ശ്രീ-
യാമട്ടായീടുവാനായുരുവിടു സതതം
നാമമുള്‍ത്താരിലെന്നും
(സ്രഗ്ദ്ധര)