Archive for August 17, 2016

ആനന്ദമോടെയമരാന്‍ മതജാതിഭേദം
ഞാനെന്നഭാവമിവയൊക്കെയകന്ന ചിത്തേ
താനേ തെളിഞ്ഞുവരുമെന്നുപറഞ്ഞിടുന്നോ-
രാനന്ദരൂപനരുളട്ടെ കൃപാകടാക്ഷം

സുരാന്മാര്‍ക്കെന്നെന്നും കനിവൊടരുളും നിന്റെ തുണയാല്‍
സുരാനന്ദാ, വാഴുന്നവരു സുരലോകത്തി, ലിവനും
തരേണം പാദാബ്ജസ്മരണ സദയം, നാവിലനിശം
വരേണം നിന്‍ നാമം, ചരണയുഗളേ നല്കു ശരണം
(ശിഖരിണി)

വരും കാലമാരിങ്ങറിഞ്ഞൂ മനസ്സില്‍
വരും മോദമേറാന്‍ തുണയ്ക്കും മഹേശന്‍
തരും സൌഖ്യമായുസ്സുമാരോഗ്യമെല്ലാ-
വരും സ്നേഹമോടൊത്തുവാഴട്ടെ വാഴ്വില്‍