Archive for August 24, 2016

ജനനം മുതലിതു നാള്‍ വരെ തുണയായ് തെളിവതു നിന്‍
കനിവാണതു മമ മാനസമറിയാതിഹ തിരയും
കനവില്‍ സുഖമതു മാഞ്ഞിടുമളവുള്ളൊരു കദനം
“മനതാരതിലുണരും പൊഴുതൊരുവേദന നിറയും”

(ശങ്കരചരിതം)

വിണ്ണോര്‍ക്കുമുള്ളത്തിലസൂയയേറും
വണ്ണം വ്രജത്തില്‍ കളിയാടിയോനേ
കണ്ണാ! വരൂവെന്നകതാരിലെന്നുള്‍
ക്കണ്ണായ് തെളിഞ്ഞീടുക ദീനബന്ധോ

കാരാഗൃഹം മാമകമാനസം നീ-
യീരാവിലെത്തീടുക നിന്റെ രൂപം
ഈ രാത്രി പോല്‍ കൃഷ്ണനിറത്തിലെന്തേ-
യാരാരുമേ കാണരുതെന്നതോര്‍ത്തോ

(ഇന്ദ്രവജ്ര)

 

ഹിരണ്യനാഭാ! തവ നാഭിപദ്മം
വിരിഞ്ഞതില്‍ ബ്രഹ്മനുണര്‍ന്നു നിന്നെ
തിരഞ്ഞു പോല്‍ ഞാനുമതിന്നു ചിത്തേ
സ്മരിപ്പു കാണായ് വരണേ പ്രഭോ നീ

(ഉപേന്ദ്രവജ്ര)