Archive for August 1, 2017

പോരില്‍ ദ്ദാരികനേ വധിച്ചുമെരിയും
കോപത്തിനാലെന്ന പോല്‍
പോരും നേരമടുത്തു നില്ക്കുവതിനായ്
പേടിച്ചു ഭൂതങ്ങളും
പാരം ഭീതിയെനിക്കു ലോകമരുളീ-
ടുന്നുണ്ടു കാരുണ്യമായ്
പാരില്‍ ക്കാണുവതാകണേയഭയവും
ശ്രീപോര്‍ക്കലീ നല്കണേ

ഇക്കാണ്മതായ ഭുവനം ഭയമേകിടുന്നു-
ണ്ടെക്കാലവും പതറിടുന്നൊരു ജീവനേ നീ
രക്ഷിക്കണേ സദയമെന്നകതാരിനെന്നും

തൃക്കാല്‍ക്കലേകു ശരണാഗതിയെന്‍ മുരാരേ (1)

 

ഇക്കാണ്മതൊക്കെ മറയുന്നതു തന്നെയാണി-
ങ്ങെക്കാലവും മരുവിടും പൊരുളങ്ങു മാത്രം
ഇക്കാലമൊന്നു തെളിയേണമെനിക്കു ചിത്തേ
തൃക്കാല്‍ക്കലേകു ശരണാഗതി വിശ്വനാഥാ (2)

ഭക്തന്നു നിത്യമഭയം ഭഗവത് പദാബ്ജം
ചിത്ക്കാമ്പിലെന്നുമതു കാണുവതായ് വരേണം
എക്കാലവും സദയമങ്ങു വസിച്ചിടേണേ
തൃക്കാല്‍ക്കലേകു ശരണാഗതിയെന്‍ ഹരേ നീ (3)

ചിക്കെന്നണഞ്ഞുടനെയങ്ങു മറഞ്ഞു പോകു-
ന്നൊക്കുന്നതില്ല മിഴിയാലെയെനിക്കു കാണാന്‍
നില്ക്കേണമെന്റെ ഹൃദി കാണുവതായിടാനായ്
തൃക്കാല്‍ക്കലേകു ശരണാഗതിയെന്റെ കൃഷ്ണാ (4)

നില്‍ക്കില്ലിരുട്ടു കതിരോനണയുന്ന നേരം
തൃക്കണ്‍ക്കടാക്ഷമൊരുതെല്ലു ചൊരിഞ്ഞുവെന്നാല്‍
ചിക്കെന്നു മാറുമിവനുള്ള വിഷാദമെല്ലാം

തൃക്കാല്‍ക്കലേകു ശരണാഗതി പദ്മനാഭാ (5)

 

ചിക്കെന്നണഞ്ഞു മറയുന്നൊരു മായയല്ലാ-
യെക്കാലവും പരമമായൊരു സത്യമായി
നില്ക്കുന്നതായ പൊരുളങ്ങിതു കാണുവാനായ്

തൃക്കാല്‍ക്കലേകു ശരണം നിഗമേശ! നിത്യം (6)

 

നില്‍ക്കാതെ കണ്ടലയുമെന്റെ മനസ്സു നൂനം
നില്‍ക്കും ഭവാനകമെയൊന്നു തെളിഞ്ഞു, തെല്ലാ
തൃക്കണ്‍കടാക്ഷമിവനേകുവതാകിലെന്നും

തൃക്കാല്‍ക്കലേകു ശരണം ഗുരുവായുരപ്പാ (7)

പങ്കേരുഹാക്ഷ! മമ മാനസപദ്മമാം ശ്രീ-
രംഗത്തിലെന്നുമമരുന്നതു കാണുവാനായ്‌
തൃക്കൺകടാക്ഷബലമേകുക ജീവനെന്നും
തൃക്കാല്‍ക്കലേകു ശരണാഗതി രംഗനാഥാ! (8)

നിന്‍ കാല്ക്കലെന്നുമഭയം തിരുവെങ്കടത്തില്‍
നല്‍കുന്നതായ കരുണാനിധിയേ നമസ്തേ
പങ്കം കളഞ്ഞു മമ മാനസതാരിലെന്നും
തൃക്കാല്‍ക്കലേകു ശരണാഗതി വെങ്കടേശാ  (9)

എക്കാലവും മമ മനസ്സിനിരുട്ടിലായ് നീ
നില്ക്കുന്നു പക്ഷെയറിയാന്‍ കഴിയുന്നതില്ലാ
തല്‍ ക്കാലമൊന്നിരുളു മാറ്റിയണഞ്ഞിടേണേ
തൃക്കാല്‍ക്കലേകു ശരണാഗതി പാണ്ഡുരങ്കാ (10)

ദൃഢ! ഭവാന്റെ കൃപാബലമൊന്നു താന്‍
ദൃഢതയേകുവതെന്നകതാരിനായ്
ദൃഢമതെന്നിയെ മാര്‍ഗ്ഗവുമില്ല സ-
ങ്കടമകറ്റുവതിന്നിവനെന്നുമേ

(ദ്രുതവിളംബിതം)

പന്ത്രണ്ടില്‍ യതി വേണമത്രെ ഗണമായ്
മാ പിന്നെയോ സാ വരും
പിന്നീടോ ജഗണം വരുന്നു, സഗണം
താന്‍ വീണ്ടുമെത്തീടണം
പിന്നെച്ചേര്‍ക്കുക വേണ്ട പോലെ തഗണം 
രണ്ടെണ്ണവും കൂടെയായ്
തന്നെച്ചേരുവതാകണം ഗുരുയുഗം
ശാര്‍ദ്ദൂലവിക്രീഡിതേ

കവനം

Posted: August 1, 2017 in വസന്തതിലകം

പദ്യത്തിലാട്ടെ കവനം മലയാളനാട്ടില്‍
ഗദ്യത്തിലാട്ടെയവയൊക്കെയുമേ സഹിക്കാം
മദ്യം കുടിച്ചവരു ചൊല്വതു പോലസഭ്യം
ശര്‍ദ്ദിപ്പതും കവിതയെന്നു പറഞ്ഞിടുന്നൂ