Archive for August 26, 2017

ഹൈക്കുവായി രസതന്ത്രമൂലകം
വയ്ക്കുമീവിരുതു കണ്ടു മാനസം
ഓര്‍ക്കുമേറെകുതുകത്തൊടേയിതി-
ന്നൊക്കെയെത്രരസമുണ്ടു കാണുവാന്‍

http://vis.sciencemag.org/chemhaiku/?utm_source=sciencemagazine&utm_medium=facebook-text&utm_campaign=chemhaiku-14531

കാണുന്നതൊക്കെ ഭഗവദ് കൃപമാത്രമായി-
ക്കാണുന്നുവെങ്കിലൊരുദുഃഖവുമിങ്ങു വാഴ്വില്‍
കാണുന്നതല്ല മനമേയതിനാലതേപോല്‍
കാണാന്‍ പഠിക്കു നിഗമേശപദം നമിക്കൂ

ധ്യാനം

Posted: August 26, 2017 in ഇന്ദ്രവംശ

എല്ലാം പിറന്നൂ ഭഗവന്‍ ഭവാനിലാ-
യല്ലോ, വസിക്കുന്നതു മാഞ്ഞുപോവതും
എല്ലായ്പൊഴും നിന്നിലെനിക്കു കാണ്മതാ-
കില്ലെങ്കിലും, സത്യമതല്ലെയോ ഹരേ

കാരുണ്യമോടെന്‍ നിഗമേശനായി ഹൃ-
ത്താരില്‍ വസിക്കും ഹരി തന്നെയല്ലയോ
ശ്രീരംഗമാം കോവിലിലായ് ശയിപ്പതെ-
ന്നേരത്തുമോര്‍ത്താല്‍ ഭഗവന്‍ നമിപ്പു ഞാന്‍

തൊട്ടാലെരിക്കുന്നവരോടു തന്നെ ചെ-
ന്നൊട്ടുന്നതോ സംസ്കൃതി, നീചരല്ലയോ
കാട്ടുന്നതേവം, മികവുറ്റതായി നാം
കേട്ടുള്ളതാം പൈതൃകമീവിധത്തിലോ

സാക്ഷിയ്ക്കിതാരേകിയതോ നൃപത്വമാ
കക്ഷിക്കു തോന്നും പടിയോതിടുന്നഹോ
രക്ഷിക്കുവാന്‍ വെമ്പുവതാരെയെന്തിനീ
പ്രക്ഷോഭമപ്പാടെയനീതിയല്ലയോ

നിന്‍ മുന്നിലെത്താതെ ഗമിച്ചിടാന്‍ തുനി-
ച്ചന്നത്രെയോട്ടൂര്‍, ഭഗവന്‍! സവിസ്മയം
നിന്നൂ ചിലര്‍, ചൊല്ലുകയെന്നുമായ്, “ഭവാ-
നെന്തേ തൊഴാനിന്നു മടിച്ചിടുന്നു?”

“എന്തേ ഭവാന്‍ വായുപുരേശനെ ത്തൊഴാന്‍
നന്നേ മടിച്ചങ്ങു ഗമിപ്പു, ഭക്തരില്‍
എന്നും ഭവാന്‍ ശ്രേഷ്ഠതമന്‍ “‍, പറഞ്ഞു പോല്‍
തന്‍ കണ്ണുനീര്‍ തൂകിയ വിപ്രവര്യനും

തന്‍ ഭക്തനുള്ളോരു വിഷാദമൊക്കെയും
തന്റേതു താന്‍ കണ്ണനു നിത്യ, മാകയാല്‍
ഇന്നീവിധം ദെണ്ണമെനിക്കു കാണ്കിലോ
നന്നായിരിക്കി, ല്ലവനും കരഞ്ഞു പോം

എന്‍ ദുഃഖമെല്ലാമെയറിഞ്ഞു വേണ്ടതി-
ങ്ങെന്താണതെല്ലാമവനേകുമെന്നുമേ
എന്നാലുമാകണ്ണിലെയശ്രു കാണുവാ-
നെന്നില്‍ ക്കരുത്തില്ലതുകൊ, ണ്ടറിഞ്ഞിടൂ

എന്‍ കണ്ണനേ വിട്ടു ഗമിപ്പതില്ല ഞാ-
നെന്നുള്ളതല്ലേ നിജ, മെങ്ങു പോകിലും
മുന്നില്‍ തെളിഞ്ഞീടുവതുണ്ടു കാണ്മതാ-
യെന്തുണ്ടതെല്ലാം ഗുരുവായുരപ്പ! നീ

ആ ബാബിലോണിയയിലായ് ഗണിതത്തിലേതോ
ടാബ്ലെറ്റു കണ്ടു, ലിഖിതങ്ങളിലുണ്ടുപോലും
ഇപ്പോഴുമോര്‍ക്കിലതിവിസ്മയമേകിടും പോ-
ലപ്പോള്‍ കുറിച്ച ചില പട്ടിക, യെന്നു ചൊല്വൂ

കണ്ണന്റെ കൈയ്യിലൊരു വെണ്ണ കണക്കിലോട്ടൂ-
രുണ്ണിയ്ക്കു ഭക്തി, യതു തന്നെ നിവേദ്യമായി
കണ്ണന്‍ നിനച്ചു, മധുരം വരികള്‍ക്കണഞ്ഞീ
വണ്ണം, നിറഞ്ഞു മിഴിയാവരി ഞാന്‍ ശ്രവിക്കേ

ദെണ്ണത്തിനാലുഴലുമാദ്വിജനുള്ളിലായീ
വണ്ണം ചൊരിഞ്ഞു കൃപ, ഭക്തമനസ്സിനെന്നും
കണ്ണന്‍ കനിഞ്ഞരുളുമൊക്കെ, സുഖത്തിനായെന്‍
കണ്ണേ! അലഞ്ഞിടുവതെന്തിനു ലോകമെല്ലാം

ഓട്ടൂരുണ്ണി രചിച്ചതായ കവിതാരത്നങ്ങളാണെന്നുമേ-
യിഷ്ടം കണ്ണനു പാടിടുന്നു ദിനവും പാടീടുവാനായി മേ
ഒട്ടും തന്നെ പടുത്വമില്ല പകരം തെല്ലുള്ളതോ ഭക്തിയി-
മ്മട്ടെന്നും ചിലതോതിടുന്നു ഗുരുവായൂരപ്പ! നീ കാണണേ

 

 

പൂവാലൊരുങ്ങി ഭഗവാനൊരു പൂക്കളം, ഹൃത്-
പൂവൊന്നവന്റെ ചരണങ്ങളിലെത്തിടാനായ്
ആവുന്ന പോലെ ചിലതിങ്ങു കുറിച്ചിടുന്നേന്‍
നീ വന്നെടുക്കു ഗുരുവായുപുരേശ! നിത്യം

സന്തോഷമാണു മനമേ തിരയുന്നതെങ്കില്‍
നന്നായ് സ്മരിക്ക ഹരിപാദയുഗത്തെ മാത്രം
ഇന്നോളമാര്‍ക്കുമുലകം സുഖമേകിയില്ലി-
ങ്ങെന്നോര്‍ക്കയൊക്കെ മറയും ക്ഷണമാത്രകൊണ്ടേ