Archive for August 19, 2017

ആനന്ദരൂപ! ഭഗവന്‍ സ്വയമങ്ങു തന്നെ
സാനന്ദമെന്നുമമരുന്നു മനസ്സിലെന്നാല്‍
ആനന്ദമീയുലകിലൊക്കെ തിരഞ്ഞു കഷ്ടം
ഞാനിത്ര നാളലയുവാനിടയായതെന്തേ

ധ്യാനം 

Posted: August 19, 2017 in സ്വാഗത

സ്വര്‍ഗ്ഗമെന്തിനു, മനസ്സിതു കാണ്മൂ
ദുര്‍ഗ്ഗമാ, യതിനകത്തമരുന്നൂ
ദുര്‍ഗ്ഗ!, ഭക്തിയൊടു കുമ്പിടുവോര്‍ക്കോ
ദുര്‍ഗ്ഗതിയ്ക്കിട? നമിപ്പു പദാബ്ജേ

പയ്യെപ്പയ്യെ വിരിഞ്ഞിടുന്ന മലരാം
പ്രേമം തഥാ ഭക്തിയാം
നെയ്യും സ്നേഹവുമൊക്കെയൊന്നു പലതായ്
ചൊല്ലുന്നതാരാണവര്‍
പൊയ്യത്രേ പറയുന്നതിങ്ങുലകിനാ-
യാധാരമാസത്യമെ-
ന്നയ്യേ ഞാനറിയാതെ ദൂരെ ഭഗവന്‍!
നിന്നെത്തിരഞ്ഞൂ വൃഥാ

എങ്ങും തന്നെ നിറഞ്ഞു നില്ക്കുമവിടു-
ന്നെങ്ങെന്നു കാണാതെ ഞാന്‍
വിങ്ങും മാനസമോടെയോടിയകലെ-
ത്തീരങ്ങളില്‍ തേടിയും
അങ്ങും നിന്നൊളി കണ്ടിടാതെതിരികെ-
പ്പോന്നെന്റെയുള്‍ത്താരിലാ-
യങ്ങുണ്ടെന്നതറിഞ്ഞു കൂപ്പി കുമിളയാ-
ഴിയ്ക്കുള്ളിലേയ്ക്കെന്ന പോല്‍

കത്തും സ്പര്‍ദ്ധയൊടന്നറുത്തു ചിലരാ-
പങ്കായപാക്കെന്നുമേ
കത്തീടുന്നതു കണ്ടു ജിന്നയതിനാല്‍
പശ്ചാത്തപിച്ചില്ലയോ
രക്തത്തിന്‍ കറ മാറിടാതെയവിടെ-
ക്കാണുന്നു മാറ്റം വിനാ
” മത്തങ്ങാക്കുരു മണ്ണിൽ വീണു മുളയി-
ട്ടുണ്ടാകുമോ കുമ്പളം ”

മര്‍ത്ത്യന്‍ മര്‍ക്കടനായിരുന്നു പല നാള്‍
മുമ്പത്രെ, യിന്നും ചിലര്‍
നൃത്തം ചെയ്യുമതേ കണക്കി, ലൊരുവാ-
ലില്ലെന്നതോര്‍ക്കായ്കിലോ
പ്രത്യേകിച്ചൊരു മാറ്റവും പറയുവാ-
നില്ലെന്നു കാണാം, ദൃഢം !
” മത്തങ്ങാക്കുരു മണ്ണിൽ വീണു മുളയി-
ട്ടുണ്ടാകുമോ കുമ്പളം “

വിത്തത്തിന്നു സമാനമായൊരളവില്‍
മാംസം കൊടുക്കുന്നതാ-
ണത്രേ നീതിയതിന്നു വേണ്ടിയലറീ-
ടുന്നുണ്ടു ഷൈലോക്കുകള്‍
രക്തം ചിന്തുമതിന്നു വേണ്ടി പണമാ-
ണത്രേയവര്‍ ക്കൊക്കെയും
” മത്തങ്ങാക്കുരു മണ്ണിൽ വീണു മുളയി-
ട്ടുണ്ടാകുമോ കുമ്പളം “.

 

 

 

ധ്യാനം 

Posted: August 19, 2017 in സ്വാഗത

ചിത്രമെത്ര ദിനമായിവിനിങ്ങൊ-
ന്നെത്തിടാതെ ഭഗവദ് കഥ കേള്‍ക്കേ
ഹൃത്തടം മയിലു പോലവെ നിത്യം
നൃത്തമാടിയതു മാത്രമറിഞ്ഞൂ