Archive for August 24, 2017

മുരുക, വരികയെന്‍ മനസ്സിലേറു-
ന്നിരുളതു മാറ്റിടുവാന്‍ തെളിഞ്ഞിടേണേ
ഗുരുവരകൃപയായെനിക്കു നീ ത-
ന്നരുളിടു ഭക്തി സദാ നമിച്ചിടുന്നേന്‍

ധ്യാനം 

Posted: August 24, 2017 in രഥോദ്ധത

എന്തു ചൊല്ലിടണമെന്റെയുള്ളിലാ-
യെന്നുമുള്ള പൊരുളല്ലയോ ഭവാന്‍
എന്റെ കണ്കകളതു കണ്ടിടായ്കിലും
നിന്നെ ഞാനറിവതുണ്ടു ജീവനായ്

സാമമോതിടുവതും ത്രിസാമ! നിന്‍
നാമമത്രെയകതാരിലെത്തുവാന്‍
താമസം വരരുതെന്നുമേ ഭവാന്‍
താമസിച്ചിടണമങ്ങു തത്വമായ്

ധ്യാനം 

Posted: August 24, 2017 in രഥോദ്ധത

കണ്ണുനീരു മറയാക്കിയെന്തിനായ്
കണ്ണനങ്ങു മറയുന്നു മാനസേ
ദെണ്ണമേകിടുവതെന്തിനീവിധം
കണ്ണിലൊന്നു തെളിയൂ കൃപാനിധേ

ഗുരുപവനപതേ തൊഴാന്‍ വരാനാ-
യരുളുക ഭാഗ്യ, മിവന്‍ വസിച്ചിടട്ടേ
ഒരുദിനമരികില്‍, കഥാമൃതം ഞാ-
നുരുവിടുവാനരുളൂ പ്രഭോ കടാക്ഷം

ധ്യാനം 

Posted: August 24, 2017 in സ്വാഗത

ഉള്ളി പോലെയുലകെന്നതു കാണാ-
മുള്ളു പൊള്ള, മറയെങ്ങുമനേകം
ഉള്ളതാണു തൊലിയായതു, പോയാ-
ലുള്ളതോ വരുവതാം മിഴിനീര്‍ താന്‍

ഉള്ളതുള്ള പടി കാട്ടുവതാകു-
ന്നുള്ളിയെന്റെ ഗുരുനാഥ, നിതെല്ലാം
പൊള്ളയത്രെ, മിഴിനീരിലൊടുങ്ങും
ഭള്ളിതെന്നതു പറഞ്ഞു തരുന്നോന്‍

ഉള്ളു നീറിയൊരു മാത്ര വിളിച്ചാ-
ലുള്ളിലായ് തെളിവതാം കൃപയല്ലേ
ഉള്ളതാം പൊരുള, തിന്നൊളി കണ്ടോ-
നുള്ളതെന്തിവിടെ തേടുവതിന്നായ് ?

ഭള്ളകന്നു മിഴിനീരു തുടച്ചാ-
ലുള്ളിലായ് തെളിവതായ രഹസ്യം
കള്ളമല്ലയതറിഞ്ഞു വസിപ്പോര്‍-
ക്കുള്ളതത്രെ സുഖമീയുലകത്തില്‍