Archive for August 27, 2017

സ്വാതിയിലണഞ്ഞു ഭുവിയത്രെ നൃപനാമാ
സ്വാതിതിരുനാള്‍ പരമഭക്തനതുപോലെ
ചോതിയിവനും ജനനനാളകമനസ്സി-
ന്നാധിയകലാനരുളു ഭക്തി നിഗമേശാ

(എന്റെ ജന്മദിനമല്ല ഇന്ന്)

മൂകാംബികേ മാമകമാനസത്തില്‍
ശോകം വരുമ്പോളതുമാറ്റുവാനായ്
നീ കാണ്മതായീടണമേയെനിക്കി-
ങ്ങേകാശ്രയം നിന്‍ പദപദ്മമല്ലോ

ആനന്ദമത്രേ തവ രൂപമെന്നാല്‍
ഞാനിങ്ങു കാണാതെയലഞ്ഞിടുന്നൂ
ജ്ഞാനസ്വരൂപത്തെ മറച്ചിടാന-
ജ്ഞാനം മനസ്സാകെ നിറഞ്ഞു നില്പൂ

ഭക്തന്റെ പാദയുഗളങ്ങളിലത്രെ കൂപ്പാ-
നെത്തുന്നു നക്രമുടനെത്തുണയായ് വരുന്നൂ
ചിത്രം! മരുത്‌പുരനായകനെന്നുമിന്നീ
ചിത്രം രചിച്ചു മലരാമരുതാലയത്തില്‍

സ്വാതിയ്ക്കു തുല്യമൊരുനാളുലകത്തിലില്ലെ-
ന്നത്രേ പറഞ്ഞു പലരും മമ മാനസത്തില്‍
നിത്യം വിരിഞ്ഞിടുവതാം പല ചിന്തയാലേ
പ്രത്യേകമായ് കളമൊരുക്കി നമിപ്പു ഞാനും

പാണ്ഡിത്യം കഴിവും പ്രശസ്തിയറിവും
സ്ഥാനാദിയെന്നൊന്നുമേ
വേണ്ടാ, നിന്‍ തിരുരൂപമെന്നുമൊരുപോല്‍
കാണായ് വരാന്‍ മാനസേ
ഉണ്ടാകേണ്ടതു ഭക്തിയല്ലെ കൃപയായ്
ലോകം തെളിഞ്ഞീടുവാന്‍
പണ്ടാപാര്‍ത്ഥനു തേര്‍ തെളിച്ച പടിയെ-
ന്നുള്ളില്‍ തെളിഞ്ഞീടണേ

നിര്‍വ്വാണമായറിവതൊക്കെയുമങ്ങു താ, നെന്‍
ഗര്‍വ്വൊട്ടു മാറുമളവില്‍ ത്തെളിയും മനസ്സില്‍
സര്‍വ്വസ്വം കരുണയായ്, പ്രണമിപ്പു ഭക്ത്യാ
സ്വര്‍വ്വേശ്വരന്റെ ചരണാബ്ജയുഗത്തിലെന്നും

(വസന്തതിലകം)