Archive for August 3, 2017

ഗുരുവായുവുമൊരുവിഗ്രഹമൊരുനാളലകളിലായ്
വരുമാക്ഷണമതുകണ്ടുടനതുനല്ലൊരുകരയില്‍
മരുവീടുക ഹിതമായിടുമിതുമോര്‍ത്തതിനിടമായ്
കരുതീട്ടതുവിധമായിഹതവ കോവിലു പണിതൂ *

ഒരു പാനയിലറിവായ്+. കൃപയതുപോല്‍ രുജ വളരു-
ന്നൊരു വിപ്രനു തുണയാ, യഥ നൃപനും പദമലരില്‍
അരുളീയിട**, മകമാനസമലരില്‍ ചൊരിയണമേ
കരുണാമൃത, മരുളീടുകശരണാഗതി സദയം

* ഗുരുവായൂരിലെ പ്രതിഷ്ഠ ഗുരുവും വായും ചേര്‍ന്ന് ചെയ്തത് എന്ന ഐതിഹ്യം

+ ജ്ഞാനപ്പാന

++ മേല്പത്തൂര്‍ ഭട്ടതിരിപ്പാട്

** വില്വമംഗലസ്വാമിയാര്‍ വഴി സാമൂതിരിയ്ക്ക് ദര്‍ശനം കിട്ടി എന്നും പിന്നെ ചെങ്കോല്‍ ഉപേക്ഷിച്ച് ഗുരുവായൂര്‍ എത്തി എന്നും ഐതിഹ്യം

മഴ

Posted: August 3, 2017 in വസന്തതിലകം

പെയ്യുന്നതില്ല മഴയെന്നു പഴിച്ചു പിന്നെ
പ്പെയ്യുന്ന നേരമതിലൊട്ടു നനഞ്ഞിടൊല്ലാ
മെയ്യെന്നു ചൊല്ലി കുടയൊന്നു നിവര്‍ത്തി മെല്ലെ
കയ്യില്‍ പിടിച്ച നരനെന്തൊരു മൂഢനോര്‍ത്താല്‍

സൂര്യന്‍ ജ്വലിക്കുമനിശം ദിവി തിങ്ങി നില്ക്കും
കാര്‍ മേഘജാലമതുമൂടിമറച്ചുവെന്നായ്
പാരില്‍ ജനം പറയുമത്രെ മറയ്ക്കുവാനി
ങ്ങാരാലെയാകവതു ശാശ്വതസത്യമല്ലേ

സത്യം സദാ കരുണയായൊളിയേകിടുന്നൂ
ഹൃത്താരിലത്രെയതുപോല്‍ പല താരകത്തില്‍
മിഥ്യാഭിമാനമറയാലറിയാതെ പോകു-
ന്നത്രേ മനുഷ്യനിതു തേടിയലഞ്ഞിടുന്നൂ

കാര്‍ മേഘജാലമവിടുള്ളതു കാണ്മു നാമാ-
സൂര്യപ്രകാശമണയുന്നതിനാലെ മാത്രം
മിഥാഭിമാനമറപോലുമറിഞ്ഞിടാനായ്
നിത്യം തുണയ്ക്കുവതുമാകരുണാകടാക്ഷം

സഗണത്തിനു പിറകേയൊരുനഗണം വരു, മുടനേ
ജഗണം, പുനരതിനപ്പുറമണയുന്നതു ‘ന’, യുടന്‍
ഭഗണം വരുവതുമോര്‍ക്കണമവയൊത്തൊടുവിലതാ
സഗണം സുഖകരമാണിതു വഴി ശങ്കരചരിതം

പണ്ടാദ്വിജന്നു സുതരൊക്കെ മരിച്ചുപോയി-
ട്ടുണ്ടായി ദുഃഖമളവറ്റതു ചൊല്വതായി
കണ്ടത്രെ പാര്‍ത്ഥനൊരുനാളതു കേള്‍പ്പതിന്നായ്
കണ്ടില്ലൊരാളെ യദു തന്റെ കുലത്തിലേതും

ശങ്കിച്ചിടേണ്ടയിനിയങ്ങു ഭവാനു കാണാ-
മെന്‍ കൈക്കരുത്തു തുണയായിടുമെന്നു പാര്‍ത്ഥന്‍
ഹുങ്കോടെയോതിയതു കേട്ടൊരുവിപ്രനേറെ
ശങ്കിച്ചു നിന്നു ചിലതിങ്ങിനെയോതിയത്രെ

പങ്കേരുഹാക്ഷനരുതാത്തതു ചെയ്വതിന്നോ
വങ്കന്‍ തുനിഞ്ഞിടുവതെന്തൊരബദ്ധമാവോ
വങ്കത്തരം കളക കൃഷ്ണനു സാദ്ധ്യമല്ലാ-
യെങ്കില്‍ ഭവാനിതിനു വേണ്ടിയൊരുങ്ങിടാമോ

ശങ്കിച്ചിടേണ്ട! പറയാം ദ്വിജ! പാര്‍ത്ഥനീ ഞാ-
നങ്കം കുറിച്ചു ഹരനോടുമൊരിക്കലോര്‍ക്കൂ
വങ്കത്തരം പറകയല്ല കരുത്തിനാലാ-
തങ്കം കളഞ്ഞു തരുമെന്നു ധരിച്ചു കൊള്‍ക

എന്നാലിതൊട്ടു കഴിയുന്നതുമില്ലയെന്നായ്
വന്നാലെരിക്കുമെരിതീയിലറിഞ്ഞു കൊള്‍ക
എന്‍ ദേഹമെന്നുമിതു ചൊല്വതു പാര്‍ത്ഥനത്രേ-
യെന്നും ധരിക്കയിനിമെല്ലെ ഗമിക്ക ഗേഹേ