Archive for August 23, 2017

വാക്കാല്‍ കുറിക്കുവതിനാവുകയില്ലയെന്നാ-
ലൊക്കില്ലമൂകമമരാന്‍ കരുണാകടാക്ഷം
ചിക്കെന്നു കാണുമളവെന്‍ മിഴിനീര്‍ വീഴും
നില്ക്കാതെ പക്ഷെയതു ഞാന്‍ കരയുന്നതല്ല

ചുറ്റും കനക്കുമിരുളാണു മനസ്സു പാരം
നീറ്റുന്ന മട്ടു ഭയമേകുവതുണ്ടു ലോകം
പറ്റുന്ന പോലെ ഭഗവദ് കഥ പാടി കണ്ണീ-
രിറ്റുന്നനേരമറിയാതെ വിളിച്ചു കണ്ണാ

പറ്റുന്നതാര്‍ക്കു തുണയേകുവതിന്നു കാലം
ചുറ്റിച്ചിടുന്ന പടി ചുറ്റുകയാണു ജീവന്‍
ചുറ്റുന്നു ഭൂമിയതു പോല്‍ ദിവി താരകങ്ങള്‍
മാറ്റങ്ങളറ്റ പൊരുളൊന്നതു കണ്ണനത്രേ

മറ്റാരുമില്ല തുണയേകുവതായിതോര്‍ത്താ-
ലൊറ്റാപ്പെടുന്ന പടി തോന്നുവതാകുമപ്പോള്‍
തെറ്റെന്നണഞ്ഞു കരതാരിലെടുത്തു കണ്ണീ-
രിറ്റുന്നതൊപ്പിയമരുന്നവനെന്‍ പ്രണാമം

 

ധ്യാനം 

Posted: August 23, 2017 in രഥോദ്ധത
വെണ്ണ ഭക്തിയതു വച്ചു മാനസേ
കണ്ണനാ, യവനണഞ്ഞു ഗൂഢമായ്
വെണ്ണയും ഹൃദയവും കവര്‍ന്നു പോയ്
കണ്ണനത്രെ, യിതു വിസ്മയാവഹം 
 
വെണ്ണ വച്ചിടുവതെങ്ങു മേലിലെന്‍ 
കണ്ണ! പാത്രമതു നിന്റെ കൈയ്യിലായ്
കണ്ണടച്ചിടുകയാണു തെല്ലക-
ക്കണ്ണിലായ് തെളിയണേ പ്രഭോ ഭവാന്‍

കണ്ണടച്ചു തിരുനാമമോതുകില്‍
തിണ്ണമുള്ളിലണയുന്ന വിസ്മയം
കണ്ണനല്ലെ, കരുണാകടാക്ഷമീ
വണ്ണമാര്‍ക്കു തരുവാന്‍ കഴിഞ്ഞിടും

കാര്‍മേഘമാണിനനെ മൂടി മറയ്പതത്രേ-
യാമേഘമൊട്ടു മഴയായിഹ പെയ്തു തോര്‍ന്നാല്‍
ആമോദമേകുമളവങ്ങു തെളിഞ്ഞു കാണാ-
മാമട്ടിലത്രെ ഹരിയുള്ളതുനെഞ്ചിനുള്ളില്‍

ആരാണു താനുലകമോതിയതിന്നു മുന്നേ-
യാരായിരുന്നതവനെങ്ങു മറഞ്ഞിരിപ്പൂ
ആരാഞ്ഞു നോക്കിടുവതാലറിഞ്ഞിടാം ഹൃ-
ത്താരാകെയും കരുണയായറിയുന്നതെന്നായ്

രഥോദ്ധത

Posted: August 23, 2017 in രഥോദ്ധത

വൃത്തലക്ഷണമിതു താന്‍ രഥോദ്ധത-
യ്ക്കാദ്യമായ് രഗണമത്രെ പിന്നെയോ
ഒത്തു ചേര്‍ന്നു നഗണത്തൊടായി രാ,
കൃത്യമായ് ഗുരുവുമന്ത്യമാത്രയായ്

ധ്യാനം 

Posted: August 23, 2017 in രഥോദ്ധത

വെണ്ണയായി ഹൃദി ഭക്തിയല്പമു-
ണ്ടുണ്ണുവാനരികിലെത്തിടേണമെന്‍
കണ്ണ! നീ വരുവതെന്നു നാളു ഞാ-
നെണ്ണിയത്രെ കഴിയുന്നു വാഴ്വിലായ്

ഓണം ടീവിയിലത്രെയിന്നു, മലരോ ?
വാങ്ങേണ്ടതാണത്രെ, യാ
പാണന്‍ പാടുവതില്ല, വാമനനു നേര്‍-
ക്കെത്തുന്ന കൂരമ്പുകള്‍
കാണ്മൂ, മാബലിയോതിടുന്ന വചനം 
കേള്‍ക്കാതെ യുദ്ധത്തിനെ-
ന്നോണം വന്നു പറഞ്ഞിടുന്നു പലരും,
കേട്ടീടുവോര്‍ ദുര്‍ലഭം

നന്നെന്താണതെടുക്കണം, കളയണം
വേണ്ടാത്ത, തെന്നാകിലേ
നന്നാവൂ നരനിങ്ങു ലോക, മതിനാല്‍
വേണ്ടാത്തതാം ചിന്തകള്‍
എന്നും തന്നെ കളഞ്ഞിടാം ചകിരി പോല്‍,
തേങ്ങയ്ക്കകക്കാമ്പു താന്‍
തിന്നീടാന്‍ രുചിയുള്ളതായ് വരുവതെ-
ക്കാലത്തുമേയോര്‍ക്കണം

പൊട്ടിക്കാത്തൊരു തേങ്ങയോടു ശുനകന്‍
പോരാടുമെന്നോണമാ-
യിട്ടത്രേ പല ചര്‍ച്ചയും, മധുരമു-
ണ്ടുള്‍ത്താരിലായുണ്ണുവാന്‍
പൊട്ടിച്ചീടണമത്രെ, വേണമതിനായ്
സാമര്‍ത്ഥ്യ, മല്ലായ്കിലോ
പൊട്ടീടുന്നതു പല്ലു മാത്രമുളവാ-
യേക്കാം കുറേ ശബ്ദവും

സാമര്‍ത്ഥ്യമാണിവിടെ വേണ്ടതുമെന്നുകേട്ടി-
ട്ടാമട്ടു തന്നെ ചില നാളു കഴിച്ചു നോക്കി
കര്‍മ്മത്തിലാണ്ടു പലരും പറയുന്ന പോ, ലാ
നിര്‍മ്മിച്ച കോട്ട തകരുന്നതു കണ്ടറിഞ്ഞൂ

കര്‍മ്മത്തിലല്ല ബലമത്രെയതിന്‍ കരുത്താ-
ധര്‍മ്മത്തിലത്രെ, യതു തെല്ലു മറന്നിടായ്കില്‍
കര്‍മ്മം നടക്കുമിഹ വേണ്ട പടിക്കു, കാക്കും
ധര്‍മ്മം സദാ തുണയുമേകുവതാകുമെന്നും

ധര്‍മ്മത്തെ നല്ല പടിയൊന്നറിയാന്‍ ശ്രമിക്കും
കര്‍മ്മത്തിലാണ്ടു ചില നാളു കഴിച്ചു പിന്നെ
ധര്‍മ്മജ്ഞനായ് കരുതി ലോക, രതില്‍ ഭ്രമിച്ചെന്‍
ധര്‍മ്മം വെടിഞ്ഞു ചില നാളു നടന്നു ലോകേ

വാചസ്പതേ! സ്വയമുണര്‍ന്നിടു മാനസത്തില്‍
നീചസ്വഭാവമകലാന്‍ തെളിയേണമെന്നും
നീ ചിത്തിനുള്ളിലമരുന്നതയോനിജന്‍ താ-
നെന്‍ ജീവനിങ്ങു തിരയുന്നതു നിന്‍ പദാബ്ജം