Archive for August 5, 2017

പണമാണത്രെ ഭക്തിയ്ക്കും
ഗുണമേകുന്നതീയുഗേ
തൃണമായ്‌ കാണുമീലോകം
പണമില്ലാത്ത ഭക്തനെ

ഇണങ്ങും ഭഗവൻ! മണ്ണിൻ
കണമായ്‌ നിൻ പദാംബുജേ
മണമായ്‌ നിറയൂ തേനിൻ
കണമായ്‌ മാനസാംബുജേ

കിരാതരൂപിയായ്‌ ശംഭു
ഗൗരിക്കൊത്തു വസിക്കവേ
പിറന്നോനെ നമിക്കുന്നേൻ
കാരുണ്യം കാട്ടണേ പ്രഭോ

ധ്യാനം 

Posted: August 5, 2017 in മാലിനി

ഒരുദിനമെരിതീയ്യില്‍ ഗോപരെല്ലാം നടുങ്ങി
ക്കരയുമളവതെല്ലാം കണ്ണനല്ലോ ഭുജിച്ചൂ
എരിയുമനലനോര്‍ത്താല്‍ കണ്ണ! നിന്‍ നാവു, വാഴ്വിന്‍
ദുരിതമൊരുവനുണ്ടോ ശ്രീഹരേ നീ തുണച്ചാല്‍

വൃക്ഷം ഭവാ, നുലകമായ് തെളിയുന്നതും, സം-
രക്ഷിച്ചിടുന്ന ബലവും, മിഴിയായി ലോകം
വീക്ഷിക്കുവാനകമനസ്സിലമര്‍ന്നതും നീ,
രക്ഷിക്കണേ സദയ, മിന്നു നമിച്ചിടുന്നേന്‍

(വസന്തതിലകം)