Archive for August 25, 2017

എന്നെന്നുമേയകമെയുള്ളവനാകിലും ഞാ-
നെന്തേ ഭവാനെയറിയാതെ കഴിഞ്ഞിടുന്നൂ
നിന്നെസ്മരിച്ചു കഴിയാന്‍ കഴിയായ്കിലെല്ലാം
നിന്‍ രൂപമായറിയുവാന്‍ കഴിവേകിടേണേ

ചിത്തേ നിനയ്ക്കുമളവില്‍ തുണയേകുവാനാ-
യെത്തുന്നതാം കരുണയല്ലെ ഗണേശനെന്നും
ഹൃത്താരിലായ് തെളിവതാട്ടെയവിഘ്ന, മുള്ളില്‍
നിത്യേന ശാന്തി പകരാന്‍ കനിവായ് വരട്ടെ

ധ്യാനം 

Posted: August 25, 2017 in ഇന്ദുവദന

ശങ്കരനൊടൊത്തുമരുവീടുവതിനായ് താന്‍
ശങ്കരികൊതിച്ചുപല നാള്‍ തപമിരുന്നൂ
പങ്കമിവനുള്ളിലുളവാകിലതുമാറാന്‍
നിന്‍ കരുണ വേണമതിനായ് തൊഴുതിടുന്നേന്‍

എന്താണശുദ്ധമുടലോ, മനമോ, പ്രഭോവി-
ങ്ങെന്താകിലെന്തു ഭഗവന്‍! കലരും ഭവാനില്‍
എന്നാകി, ലെന്തു കുറവുണ്ടുതിലൊക്കെ, യുണ്ടായ്
വന്നാലതും കരുണയായറിയേണ്ടതല്ലേ?

എന്നാലുമുണ്ടുകുറവെന്നു വരുന്ന പക്ഷം
തന്നീടണേ കരുണ സൂര്യനണഞ്ഞിടുമ്പോള്‍
വന്നെത്തിടും കിരണമെന്നതു പോലെ ദോഷം
പിന്നെന്തു കാണുമിതിലൊക്കെ നമിച്ചിടുന്നേന്‍

ഉണ്ടാകാം പണവും പ്രശസ്തി കഴിവെ-
ന്നായാലുമുള്‍ത്താരിലാ-
യുണ്ടാകേണ്ടതു ഭക്തിയത്രെ, യതിനാല്‍
കാണുന്നതായൊക്കെയും
കണ്ടീടാം കൃപയായഹന്തയകലും 
താനേ മനം ശാന്തമാ-
യുണ്ടാകും വിനയം മനസ്സി, ലകമേ
സത്യം പ്രകാശിച്ചിടും

അത്തം 

Posted: August 25, 2017 in രഥോദ്ധത

എത്തിടാന്‍ കഴികയില്ല, ദൂരെയാ-
ണത്രെ നാ, ടവിടെ നിന്നുമീവിധം
ചിത്രമെത്തുമളവെന്റെയുള്ളിലായ്
ചിത്ര, മേറെയണയുന്നുമോദവും

ഇന്നു ഗണനായകനു ജന്മദിനമായീ-
ടുന്നു, വതുകൊണ്ടു പലഹാരമവനേകാന്‍
എന്തു കരുതേണ, മകമേ മധുരമേറീ-
ടുന്ന പടി മോദകമൊരുക്കിടുകയാകാം

അന്നമയമായ് പുറമെ കാണുവതിനുള്ളില്‍
തന്നെയൊരു പൂര്‍ണ്ണ, മതിനത്രെ രുചിയേറും
എന്നൊരു പടിയ്ക്കുടല, കത്തു ഭഗവാനും
നിന്നിടുവതത്രെ, യിതുമോദകനിവേദ്യം

ധ്യാനം 

Posted: August 25, 2017 in വിയോഗിനി

ഒരു നാമമുറച്ച നാവിലേ
വരുവത്രേ ഗുരുഭക്തിയൊക്കെയാ
പൊരുളായറിയുന്ന നേരമാ
കരുണയ്ക്കില്ലളവെന്നു കണ്ടിടാം

ഒരു നാമമൊരിക്കലോതിയാല്‍
വരുമത്രേയൊരുനാളജാമിളന്‍
ഉരുവിട്ടു മകന്റെ പേരുടന്‍
കരുണാര്‍ദ്രം ഹരിദാസരെത്തി പോല്‍

അത്തം 

Posted: August 25, 2017 in ഇന്ദുവദന

അത്തദിനമായി, ചമയത്തൊടകതാരി-
ലെത്തിടുവതുണ്ടുടനെയോര്‍മ്മകളനേകം
ഹൃത്തടമിതില്‍ ത്തെളിവതുണ്ടു മമനാടിന്‍
ചിത്രമൊരു പൂക്കളമൊരുക്കുമഴകോടെ

ചിത്രമിതു കാണുമളവെന്റെയകതാരില്‍
ചിത്രമണയുന്നു ഗതകാലമിതിലെങ്ങോ
തത്തിടുകയോ ശലഭമായി മമ ചിത്തം
നൃത്തമതു കാണുവതുമിന്നു സുഖദം മേ

ആനന്ദമാണു ഭഗവന്‍ തവ രൂപമെന്നായ്
താനത്രെ ചൊല്വു മമ മാനസതാരിലെന്നാല്‍
ഞാനെന്തു കൊണ്ടറിവതില്ല മനസ്സിലുണ്ട-
ജ്ഞാനം മറയ്ക്കുമതു നിന്‍ കൃപയെന്നതാണോ