Archive for August 30, 2017

കാര്‍വര്‍ണ്ണം കാണ്മു പീതാംബരവുമതിനിട-
യ്ക്കായ് തെളിഞ്ഞല്ലോ വാനില്‍ –
കാര്‍വര്‍ണ്ണാ നീ കടാക്ഷം ചൊരിയുവതൊളിയായ്
വന്നു കാരുണ്യമല്ലോ
ഈവണ്ണം വന്നണഞ്ഞീടുവതതിലിളയാ-
റാടി നില്ക്കുന്നു ദൂരെ-
പോവൊല്ലാ തെന്നലായിത്തഴുകിയരികിലായ്
കാണ്മതാകേണമെന്നും

ധ്യാനം

Posted: August 30, 2017 in മാലിനി

കരുണ നരനു കാണും മട്ടിലായ് രൂപമാര്‍ന്നാ
ഗുരുപവനപുരത്തില്‍ മേവിടുന്നുണ്ടു, ചിത്തേ
ഒരുകുറി നിരുപിച്ചാല്‍ ദുഃഖമെല്ലാമകറ്റു-
ന്നൊരുപൊരുളവനല്ലോ വേദവേദാന്തസാരം

ഒരുവനൊരു ദിനം നിന്‍ നാമമോതീടുമെന്നാല്‍
കരുണയൊടരികത്തായെത്തിടും നിന്റെ രൂപം
വരുമളവതുകാണാന്‍ ഭക്തിയുള്‍ത്താരിനേകൂ
ഗുരുപവനപുരേശേ ഭക്തനാക്കീടുകെന്നേ

===

കരുണ നിറയുമോരാരൂപമുള്‍ത്താരിലോര്‍ത്തി-
ട്ടൊരു കുറി മിഴിയാലെക്കാണുവാന്‍ മോഹമോടെ
മരുവിടുമളവല്ലോ മുന്നിലായ് വന്നു ഗോപര്‍
മുരരിപു ഭഗവാനായ് ഭിക്ഷ യാചിച്ചു നിന്നൂ

ഒരു കുറി ഭഗവാനെ ക്കാണുവാന്‍ മോഹമുണ്ടായ്
വരുകിലതു ലഭിക്കും ജീവനെന്നിങ്ങെന്ന സത്യം
കരുണയൊടറിയിക്കാനായിരിക്കാമിതേപോല്‍
വരുവതിനിടയായെന്നത്രെ നാമോര്‍ത്തീടേണ്ടൂ

ഒരു ഞൊടിയിലവന്നായ് വേണ്ടതെല്ലാമൊരുക്കീ
തരുണികളരികത്തായ് നേദ്യമോടേയണഞ്ഞൂ
അരുതിനി തിരികേ പോകാനയയ്ക്കൊല്ലയെന്നായ്
കരയുമളവിലേകീ സാന്ത്വനം കണ്ണനപ്പോള്‍

(വിപ്രപത്ന്യനുഗ്രഹം)

മഹാബലി

Posted: August 30, 2017 in സ്രഗ്ദ്ധര

 

വിശ്വത്തെക്കാൾ വളർന്നൂ ഹരിയുലകഖിലം
രണ്ടു കാൽ വയ്പിനാല-
ങ്ങാശ്ചര്യം താനളന്നൂ, ബലിയൊടു പദമൂ-
ന്നേണ്ടു മൂന്നാമതായി
വിശ്വത്തിൻ നാഥനല്ലേ, പറയുകയെവിടേ-
യെന്നു, ഗൂഢം ചിരിച്ചൂ,
വിശ്വാസത്തോടിരിപ്പോനൊരുഭയമണയി-
ല്ലെന്നു കാട്ടിത്തരാനോ?

എന്തുണ്ടെന്റേതു കണ്ണാ! സകലവുമവിടു-
ത്തേതു താന്‍ കാണ്മതെല്ലാം
നിന്നില്‍ നിന്നും വരുന്നൂ, കലരുമൊരുദിനം
നിന്നിലായ് തന്നെ, യെന്നാല്‍
എന്‍ സ്വത്തെന്നോര്‍ത്തു കഷ്ടം! മമ ഹൃദി മറയായ്
നിന്ന ദര്‍പ്പത്തിനാലി-
ന്നെന്നില്‍ക്കാരുണ്യമോടീവടിവിലരികിലായ്
വന്നതേയെന്റെ ഭാഗ്യം

ധന്യം യജ്ഞം നമിപ്പൂ തവ പദകമലം
വയ്ക്കണേയെന്‍ ശിരസ്സില്‍
തന്നേയാപാദധൂണീകണമിവനണിയാ-
നായ് വരം മാത്രമേകൂ
എന്റേതായൊന്നുമില്ലിങ്ങഖിലവുമവിടു-
ത്തേതു താന്‍ കൃഷ്ണ! ലോക-
ത്തിന്നൊപ്പം നീയെടുത്തീടുകയുടനിവനെ
ക്കൂടി, നിന്നോടു ചേര്‍ക്കൂ

വന്നെത്തീപോരിനായാദിതിജരുമവരോ-
ടോതി കാലം സ്വയം താ-
നിന്നീക്കാണുന്നതെന്നായ് കരുതുകയൊരുനാള്‍
നല്കിടും വേണ്ടതെല്ലാം
പിന്നീടെല്ലാം ഹരിയ്ക്കും ഹരിയിതുപൊരുതാന്‍
നിന്നിടേണ്ടാ ഭവാന്മാര്‍
വന്നെത്തും വീണ്ടുമെല്ലാമതുവരെതുടരൂ
കര്‍മ്മമെന്നോതിയത്രേ

സന്തോഷത്തോടെ വച്ചൂ ബലിയുടെ തലയില്‍
തന്‍ പദം വിഷ്ണു, ഭക്തര്‍-
ക്കെന്തുണ്ടാശിക്കുവാനായിതിനുമുപരിയായ്,
ചൊല്ലി പോലീവിധത്തില്‍
നിന്നോടായ് ഭിക്ഷ യാചിച്ചൊരുദിന, മിനിമേല്‍
ഭിക്ഷ യാചിച്ചിടാ ഞാ-
നെന്നായക്കാരണത്താല്‍ വ്രജഭുവി ഭഗവാന്‍
വെണ്ണ കട്ടത്രെയുണ്ടൂ

കാരുണ്യത്തോടെയേകീസുതലമമരുവാ-
നത്രെ രക്ഷിയ്ക്കുവാനായ്
ചാരേ നിന്നീടുമെന്നും വരമരുളി, യതെ-
ല്ലാമെ കാണാകുമെന്നും
പോരാ വംശത്തെരക്ഷിക്കുവതിനുമരികെ-
ക്കാണുമെന്നായുമേകീ
പാരിന്നിന്ദ്രത്വമൊപ്പം ഹരി,യിതിനു സമം
ഭക്തവാത്സല്യമുണ്ടോ

രോഗം തോഴരു തന്നെയത്രെയഥവാ
പാണ്ഡിത്യമുള്ളോരെഴും
യോഗത്തില്‍, പല കാവ്യമൊക്കെ നുകരാ-
യായ് വാഴുമെക്കാലവും
ഭോഗത്തില്‍ കഴിയും ഭജിച്ചിടുവതും 
പിന്നേയ്ക്കു വയ്കൂം മഹാ-
ഭാഗ്യം കാലപുരിക്കു പോകുവതിനായ്
തീര്‍ന്നീടുമീജീവിതം

പ്രചോദനം (മൊഴിമാറ്റമല്ല)

ഹേ രോഗാനനുയൂയമേവസുഹൃദോ
യൈര്‍ നിസ്പൃഹോഹംകൃതഃ
കാവ്യാലം കൃതിതര്‍ക്കകോവിദസഭാ
യോഗേഷു ഭോഗേഷു ച
നോ ചേത് കൃഷ്ണപദാരവിന്ദഭജനം
വേദാന്തചിന്തമപി
ത്യക്ത്വാശ്വശ്വ ഭ്രമാദരഹരഹോ
യാമ്യേവ യാമ്യാം പുരിം

(മേല്പത്തൂര്‍ ഭട്ടതിരിപ്പാടിന്റെ ശ്ലോകം ആണ് മൂലം)

ധ്യാനം

Posted: August 30, 2017 in സ്രഗ്ദ്ധര

ബ്രഹ്മജ്ഞാനപ്രവാഹം വരുമളവുലയാ-
മെന്റെയീ കര്‍മ്മഭൂവീ
മര്‍മ്മം നന്നായറിഞ്ഞാതിരുജടയിലൊളി-
പ്പിച്ചു ഗംഗപ്രവാഹം
ഇമ്മണ്ണിന്നേകിടുന്നൂ കൃപയുടെ തെളിനീ-
രായി നിത്യം മഹേശന്‍
സമ്മോദത്തോടു വാഴാന്‍, മമ ഗുരുവരനായ്
കണ്ടു കൂപ്പുന്നിതാ ഞാന്‍

കണ്ണന്നേകുവതിന്നു ചേര്‍ത്ത നവനീ-
തം തെല്ലെടുത്തീടുവാന്‍
കണ്ണാ! വന്നണയുന്നതെന്നു, പഴകി-
പ്പോകില്ലെ വൈകീടുകില്‍ ?
കണ്ണാല്‍ കാണുവതല്ലയെന്നു പറയു-
ന്നുണ്ടെങ്കിലും ഭക്തിയാം
വെണ്ണയ്ക്കായണയുന്നതാകിലതുമെന്‍
ഭാഗ്യോദയം നിര്‍ണ്ണയം

തൃക്കേട്ട നാളിലൊരു പൂക്കളമെന്മനസ്സില്‍
പൂക്കുന്നതായ പല ചിന്തകളാലൊരുക്കാം
ഭക്ത്യാ, ഹരേ വരികയെന്നകതാരിലായ് നിന്‍
ഭക്തന്നു നിത്യമഭയം തവ പാദപദ്മം

തൃക്കേട്ടയാ, യോണമണഞ്ഞിടുന്നു, നല്‍
വാക്കാലൊരുക്കീടുക നല്ല പൂക്കളം
ഇക്കാണ്മതാം വാഴ്വിനു ശാന്തിയേകുവാ-
നെക്കാലവും നന്മ പകര്‍ന്നു നല്ക നാം

സന്യാസമെന്നുള്ളൊരു മാര്‍ഗ്ഗവും നീ
സന്യാസകൃത് ജീവനു നല്കിയെല്ലാം
നിന്റേതെനിക്കില്ലൊരുവസ്തുവെന്നായ്
നന്നായുറയ്ക്കാ, നതിനായ് നമിപ്പൂ

(ഇന്ദ്രവജ്ര)