Archive for August 29, 2017

രൂപങ്ങളും ഗുണവുമറ്റൊരു വസ്തുവത്രേ
നീ പദ്മനാഭ! തവ ഭക്തനു വേണ്ടിയല്ലോ
രൂപം ധരിച്ചവതരിപ്പു കൃപാര്‍ദ്രനായി-
ട്ടാപത്തകറ്റുവതിനായി പലേ വിധത്തില്‍

 

ഇമ്മട്ടോതി നമിക്കുവാന്‍ കഴികയി-
ല്ലെന്നാലുമെന്തോ സദാ
സമ്മോദത്തൊടു മാനസം പറകയാ-
ണച്ചോരനെന്മാനസേ
ചെമ്മേ വന്നണയുന്നതാകിലവനെ-
ക്കെട്ടീടുവാന്‍ പാശമാം
കര്‍മ്മം കൊണ്ടു കഴിഞ്ഞിടില്ലയതിനാ-
യുണ്ടാകണം ഭക്തി മേ

ottur

thanks, Ramachandran Kannannur, for this Ottur Kavitha

ധ്യാനം 

Posted: August 29, 2017 in ശാലിനി

ആളും തീയ്യായ് ദുഃഖമെത്തുന്ന നേരം
പാളും ചിത്തേ വന്നിടും ചിന്തയെല്ലാം
കാളും ശോകം മാറ്റുവാനാരുനിന്നെ-
ക്കാളും ഭക്തന്നാശ്രയം കാളിയമ്മേ

തമ്പുരാന്റെ തിരുനാവിലെന്നുമേ
തമ്പടിച്ച കവിതയ്ക്കു കൂട്ടിനായ്
ഇമ്പമോടെ നടമാടിയോരെ ഞാന്‍
കുമ്പിടുന്നു വിനയാന്വിതം സദാ

 

ബലി

Posted: August 29, 2017 in വസന്തതിലകം

സമ്പദ്‌സമൃദ്ധി നിറയും പടിയത്രെ വാണി-
ങ്ങന്പോടു മാബലി സുഖത്തൊടു വാണു ലോകര്‍
വമ്പിച്ചതാം പടി പുരോഗതി കണ്ടു വിണ്ണോ-
രമ്പേ ഭയന്നു ഹരി തന്‍ പദമാശ്രയിച്ചു

ഇന്നീജഗത്തിലുളവായ സമൃദ്ധിയോര്‍ത്താല്‍
തന്‍ സ്വര്‍ഗ്ഗവും നരകമെന്നു നിനച്ചു പോകും
എന്നാലതും ബലിയെടുത്തു രണത്തിനാലെ-
ന്നിന്ദ്രന്‍ പറഞ്ഞു കരയുമ്പൊഴണഞ്ഞു വിഷ്ണു

എന്‍ ഭക്തനാണു ബലി ധാര്‍മ്മികനാണു യുദ്ധേ
നിന്നെത്തുണയ്ക്കുവതിനായി വരില്ലയെന്നാല്‍
ഒന്നുണ്ടുപായമതിനായി കനിഷ്ഠനായ് ഞാന്‍
വന്നെത്തിടാമദിതി തന്‍ സുതനായി ഭൂവില്‍

എന്നോതിയാഹരി മറഞ്ഞു പിറന്നുവത്രേ
പിന്നീടു നല്ല തിരുവോണദിനത്തിലായി
സന്താനമായദിതി തന്നുദരേഗമിച്ചൂ
പിന്നീടു മാബലി നടത്തുവതായ യജ്ഞേ

എന്താണു വേണ്ട വരമെന്നുരചെയ്കയെന്നാ-
യന്നോതിയാബലി, യിരന്നതുമേവമത്രേ
തന്‍ മൂന്നു കാലടിയിലെത്തുവതാമിടം താ-
നെന്നായി ബാലനഥ മാബലി ചൊല്ലിയേവം

ഈരേഴുലോകമഖിലം ബലി തന്‍ വശം നീ
ചാരേയണഞ്ഞതിതിനോ ഹിതമെങ്കിലേകാം
പാരൊക്കെ പിന്നെയൊരുമൂന്നടിയെന്തിനായി-
ന്നാരാഞ്ഞിടുന്നു, നൃപനിങ്ങിനെയും പറഞ്ഞു

സന്തോഷമേകുവതിനായൊരുവന്നൊരല്പം
തന്നീടിലും വരുവതത്രെയതില്‍ വരായ്കില്‍
എന്തൊക്കെ നേടുവതിലും സുഖമെന്നതുള്ളില്‍
വന്നിടുകില്ലയിതി ചൊന്നഥ വിപ്രബാലന്‍

എന്നാകിലാട്ടെ തരുവേനിതി ചൊല്ലി ദൈത്യന്‍
നന്നല്ല നിര്‍ത്തു ഹരി താനിതു മായയെന്നായ്
ചൊന്നത്രെ ദൈത്യഗുരു നല്കിയ വാക്കു മാറ്റീ-
ടുന്നില്ലയെന്നു ബലിയോതി കൊടുത്തു ദാനം

യാഗം നടത്തി ഭഗവാനെ നിനച്ചു മുന്നില്‍
ഭാഗ്യം സ്വയം ഹരിയണഞ്ഞു ലഭിക്കുമാര്‍ക്കീ
യോഗം സമസ്തമവിടുത്തെ വരം നിനച്ചാല്‍
ത്യാഗം വെറും മറയിതൊക്കെ ഭവാന്റെ തന്നെ

എന്റേതിതെന്നു കരുതിച്ചില നാള്‍ കഴിച്ചേ-
നെന്നല്ലെ സത്യമിതു താന്‍ നിജമാര്‍ക്കുമോര്‍ത്താല്‍
എന്നും വസിക്കുവതിനാവുകയില്ല തന്റേ-
തെന്നോര്‍ത്തതൊക്കെ വെടിയേണ്ടതു തന്നെയല്ലേ

ഓട്ടൂര്‍

Posted: August 29, 2017 in ശാലിനി

ഓട്ടൂരായ് നിന്‍ വേണുവോ കണ്ണ! വിപ്രന്‍
കഷ്ടപ്പെട്ടിങ്ങാമയത്താലെ നിന്നെ
വിട്ടില്ലെന്നും പാടി നിന്‍ കീര്‍ത്തനം കൈ-
വിട്ടില്ലങ്ങും നിന്നിലേയ്ക്കായ് ലയിച്ചൂ

കൂടുന്നില്ലാ കൂടതെന്നായറിഞ്ഞൂ
കൂടാനായിക്കേണു മൂശാരിയത്രേ
കൂടൂം ചേര്‍ന്നൂ ശ്രീഹരേ നിന്നിലേയ്ക്കായ്
കൂടിച്ചേര്‍ന്നാഭക്തനെന്നല്ലെ ചൊല്വൂ

ഇന്നിക്കാലത്തുത്സവാഘോഷമായീ-
ടുന്നെന്നോര്‍പ്പൂ ശ്രീഹരേ! ജീവനേകൂ
നിന്‍ പാദാബ്ജേ ഭക്തിയെന്മാനസത്തില്‍
വന്നെത്തീടൂ ഭക്തനാക്കീടുകെന്നേ

ഇന്നലെ കൊടികയറി തിരുവോണത്തിന്‌ ആറാട്ടായി മൂശാരിയെ അനുസ്മരിക്കുന്ന ഉത്സവം പൂര്‍ണ്ണത്രയീശക്ഷേത്രത്തില്‍

ലോകം* കാണുവതാ, ണലോകമതുപോല്‍ കാണാത്തതാകാ, മിതിന്‍
ലോകാലോക+മതിര്‍ത്തിയത്രെ, യതു താണ്ടിപ്പോകിലോ കൂരിരുള്‍
ആകെപ്പാടെ ഭയന്നു പാര്‍ത്ഥ, നവിടെപ്പോലും തുണച്ചീടുവാ-
നാകുന്നാര്‍ക്കു, സുദര്‍ശനം++ കനിയണം പൂര്‍ണ്ണത്രയീശാ ഹരേ

* ആലോക്യതേ ഇതി ലോകഃ (കാണപ്പെടുന്നത് എന്തോ അത് ലോകം)

+ പഞ്ചേന്ദ്രിയത്താലെയും മനസ്സാലെയും അനുഭവവേദ്യമായ ലോകത്തിന്റെ അതിര്‍ത്തി; അതിനപ്പുറം തമസ്സ്

++ ചക്രായുധം /ഭഗവദ് ദര്‍ശനപുണ്യം

എന്മാനസം മലരു, നിന്റെ പദാംബുജത്തില്‍
വന്നെത്തിടട്ടെ, ബലനൊത്തതിലാടിടാനായ്
വന്നെത്തിടൂ, ഗുരുമരുത്‌പുരനാഥ! ചിത്തേ-
യിന്നീക്കളത്തിലമരുന്നതു പോലെ നിത്യം

അനിഴം

Posted: August 29, 2017 in മാലിനി

കനിവുനിറയുമോരാപ്പൂവിലെത്തേന്‍ കണക്കാ-
യനിതരസുഖമേകും നന്മ താന്‍ സ്നേഹമെന്നും
മനസി വിരിയുമോരോ ചിന്തയായ് കണ്ടിടാമീ
യനിഴദിനമിതില്‍ നാമൊത്തു ചേരാമതോർക്കാം