Archive for August 31, 2017

സന്യാസമെന്നു പറയുന്നൊരു തോന്നിവാസ-
ത്തിന്നോ മനസ്സിലൊരുമോഹമുണര്‍ന്നു, വാഴ്വില്‍
എന്തൊക്കെയുണ്ടവയിലൊക്കെയുമീശ്വരന്‍ താ-
നെന്നോര്‍ക്കിലെന്തു കളയാനതിനിവിടെന്തു നേടാന്‍

ശാന്തസ്വരൂപനവിടുന്നു ജഗത്തിലെല്ലാ-
മെന്നും രമിച്ചു കഴിയുന്നൊരുജീവനായും
എന്നാലതില്‍ ക്കലരാതെയിരിപ്പതായും
ശാന്ത! സ്വയം തെളിയുന്നു മനസ്സിനുള്ളില്‍

(വസന്തതിലകം)

പോര്‍ക്കലിയ്ക്കരികെ നില്ക്കുവാന്‍ ഭയമൊടോടി ഭൂതഗണമൊക്കെയാ
പോര്‍ കഴിഞ്ഞളവു ശാന്തമാക്കുവതിനെത്തിയത്രെ ഗണനാഥനും
തൃക്കരങ്ങളിലെടുത്തുടന്‍ ചെറിയ ബാലനായരികിലെത്തിയോ-
രക്കുറുമ്പനെ കൃപാരസത്തൊടു വസിച്ച കാളിയെ നമിപ്പു ഞാന്‍

എന്റെ മാനസമിതെന്നു ചൊല്വിടുവതെന്തിനാണു വെറുതേ, സദാ
തോന്നിടുന്ന പടി പാഞ്ഞിടുന്നു, പറയുന്ന പോലിഹ നടക്കുവാന്‍
എന്തിനിത്ര മടി കാട്ടിടുന്നതു, മടുപ്പു തോന്നു, മതിനില്ല പോ-
ലെന്നൊടിഷ്ട, മലയട്ടെ തോന്നിയ വഴിക്കു തന്നെ, യതു വേണ്ട മേ

മൂലമന്ത്രമറിയില്ലെനിക്കു തവ പൂജ ചെയ്വതിനു പോലുമെ-
ന്നാലുമെന്റെയകതാരിലായ്. തെളിയണേ വരുന്ന പല ചിന്തയും
മാലയാക്കിടുവതിന്നു വാക്കരുളു ഹാരമായണിയു നല്കിടാം
മൂലമായ് പറയുമീദിനത്തിലിതു ഭക്തിയേകു മമ ജീവനും

ബലി

Posted: August 31, 2017 in മാലിനി

ബലിയൊരു ബലമായിക്കണ്ടു നിന്നേയതിന്നാല്‍
വലിയൊരുമഖമത്രേ ചെയ്തു നിന്‍ പേരിലപ്പോള്‍
അലിവൊടെയരികത്തായ് ചെന്നു പോല്‍ ദൈത്യനേകീ
ബലിയവനവനെത്താനത്രെ സംപൂജ്യനായി

കരുണയൊടരുളീ നീ നിന്നെയും കണ്ടു ചാരേ
മരുവിടുവതിനായ് വേണ്ടുന്നതാം ഭാഗ്യമേവം
അരുളി ഹരിയൊരുത്തന്‍ തന്റെയെല്ലാം കൊടുത്താല്‍
വരുമവനകതാരില്‍ ശാന്തിയായ് താനുമെന്നായ്

ശ്രീശങ്കരൻ ഗിരിയിലായമരുന്ന രൂപം
ശ്രീശന്റെ മുന്നിലഴകോടെ തെളിഞ്ഞു കാണ്മൂ
ആശിപ്പതൊക്കെയരുളും ഗുരുവായുരപ്പൻ
താൻ ശം തരുന്ന പൊരുളെന്നു പറഞ്ഞിടുന്നോ?‌?

ധ്യാനം 

Posted: August 31, 2017 in സ്വാഗത

പീലിയാമുടിയിലും കളവേണു
ചേലിലായ്‌ കരതലത്തിലുമായ്‌
കാലി മേച്ചിടുവതാം തവ രൂപം
പോലെയെന്തിനഴകുണ്ടു ജഗത്തിൽ

കാലം മനസ്സിലുളവാക്കിയ ചിന്തയും നീ
മൂലം, സ്വയം സമയമായതുമ, ങ്ങിതോര്‍ത്തീ
മൂലം ദിനത്തിലൊരുപൂക്കളമിട്ടുകൂപ്പാ-
മാലംബമെന്നുമിവനീശ്വരപാദപദ്മം

അമരുന്നു മനസ്സിനകത്തു സദാ
ശമമായ് ഹൃദി ചിന്തയടങ്ങി മനം
ക്ഷമയോടെ തിരഞ്ഞിടുകില്‍ തെളിയും
ശമ! നീയരുളൂ ശരണം സതതം