Archive for August 20, 2017

ആനന്ദരൂപനരികത്തണയുന്നതിന്മേ-
ലാനന്ദമെന്തു കരുതേണ്ടു നമിച്ചിടുന്നേന്‍
ജ്ഞാനാമൃതം പകരുവാന്‍ കഴിയട്ടെ ഭക്തി-
ജ്ഞനാദി നിത്യമകതാരിലണഞ്ഞിടട്ടേ

തൂണിന്നകത്തു ബലമായമരുന്നതാം നീ-
യാണത്രെയുള്ളിലിരുളില്‍ തെളിയുന്നതെന്നായ്
കാണാന്‍ കഴിഞ്ഞൊരസുരന്‍ ഗുരു, ഭക്തനായി-
ട്ടാണത്രെയേവമവിടുന്നു തെളിഞ്ഞു മുന്നില്‍

ആനന്ദമായ് കരുണയായുലകായി ചിത്തേ
ഞാനെന്നു ചൊല്ലിയമരുന്നൊരുതത്വമല്ലോ
ജ്ഞാനസ്വരൂപനതുശങ്കരനല്ലെയെന്ന-
ജ്ഞാനം കളഞ്ഞു ഹൃദി കാണുവതായ് വരേണം

പൂവേതാകിലു, മീവിധത്തിലഴകൊ-
ത്തായക്ഷരത്തേന്‍ കണം
തൂവും നല്ല കവിത്വമേ! കൊഴിയുമാ-
പാദങ്ങളില്‍ ക്കുമ്പിടാന്‍
പാവം പൂവിനു കാണ്മതാകുമഴക-
ല്പം വാടിയാലില്ല, ഹൃത്-
പൂവിന്‍ ഭംഗിയനശ്വരം കവിതയാ-
യേവം വിരിഞ്ഞാടവേ

വന്നെത്തിടുന്ന മിഴിനീരിനറിഞ്ഞുകൂടാ-
യെന്തിന്നണഞ്ഞു മിഴി വിട്ടതുമെന്നുമേവം
വന്നെത്തിടുന്നു ഭഗവന്‍ തവ മുന്നിലേയ്ക്കാ-
യെന്നും മനസ്സതിലെ നോവറിയുന്നവന്‍ നീ

എന്തോതിടേണ്ടു പറയാതെയറിഞ്ഞിടുന്നോ-
നെന്നാകിലും മിഴി നിറഞ്ഞൊഴുകുന്നു മുന്നില്‍
വന്നെത്തിടുന്ന സമയത്തു മറഞ്ഞു നിന്നെന്‍
കണ്ണീര്‍ തുടയ്ക്കുമവിടുന്നതു ഞാന്‍ മറന്നോ

കണ്ടൂ, നമിച്ചു ഗുരുപാദയുഗങ്ങളേ ഞാന്‍
കണ്ടങ്ങു കണ്ണിലൊളി മിന്നുവതായ സത്യം
രണ്ടല്ലയുണ്മ ഹൃദി കാണുവതെന്നതുള്ളില്‍
കണ്ടെത്തുകെന്നു പറയാതെ പറഞ്ഞുവപ്പോള്‍

കൊതുകിനുമൊരുനാളു ണ്ടത്രെ, യിന്നാ, ണതാകാം
കുതുകമൊടതു പാട്ടും മൂളിയെത്തുന്നു കാതില്‍
പതിവു പടി ലഭിക്കും രക്തബന്ധത്തിനാലോ
കൊതിയതിനു വളര്‍ന്നൂ ചോരയോടീവിധത്തില്‍

കൊതുകുദിനാശംസകള്‍

ആരോതി നിര്‍ഗുണമിതെന്നു ഗുണങ്ങളെല്ലാം
ചേരുന്നതാം പൊരുളു നീയുലകത്തിനെന്നും
കാരുണ്യമായറിവതൊക്കെയുമങ്ങു താന്‍ ഹൃ-
ത്താരില്‍ സദാ തെളിവതും കൃപ മാത്രമല്ലോ

ദ്രവിണപ്രദ! നിന്‍ പദഭക്തി തരും
ദ്രവിണം ഭുവി വാഴ്വതിനായ് സതതം
അവിടുന്നു വസിക്കുകയെന്‍ മനവും
കവിയും പൊരുളായ് കരുണാമൃതമായ്

(തോടകം)