Archive for August 4, 2017

ലക്ഷ്മിക്കു താനിവിടെ ഭാഗവതാദിയെന്നോ
ലക്ഷ്മീപതേ തവ കൃപാബലമല്ലെ നിത്യം
രക്ഷിപ്പതെന്നെയുലകത്തെയുമെന്നുമേ ശ്രീ-
ലക്ഷ്മിയ്ക്കുമാശ്രയമഹോ തവ പാദപദ്മം

ലക്ഷ്മിക്കു വേണ്ടിയലയാതെ മനസ്സു നിത്യം
ലക്ഷ്മീപതേ തവ പദാബ്ജയുഗത്തിലെന്നും
രക്ഷയ്ക്കു വേണ്ടിയണയട്ടെ തുണയ്ക്കുവാന്‍ പ്ര-
ത്യക്ഷപ്പെടൂ കമലയൊത്തിനിയെന്റെ വാഴ്വില്‍

ഭക്ഷിച്ചിടാന്‍ പൊരുളു നല്കുവതാട്ടെയെന്നും
രക്ഷിപ്പതും കരുണയല്ലെ പറക്കുവാനായ്
പക്ഷിയ്ക്കു ശക്തി പകരുന്നതു വിശ്വമാകും
വൃക്ഷത്തിനുള്ള തുണയാവതുമങ്ങു തന്നെ

കാശിക്കു പോകുവതിനാകിലുമിന്നു വേണം
കാശത്രെ മോശമതു തെല്ലുകൊടുത്തിടായ്കിൽ
കാശിന്നു വേണ്ടി പല വേഷവുമിട്ടുകാണു-
ന്നീശാ ഭവാന്റെ കഥ ചൊല്ലിടുവോരുമത്രെ

പറഞ്ഞു തരികെന്‍ ഗുരോ ലളിതമായിതും നല്ല പോ-
ലറിഞ്ഞുചിലതെങ്കിലും തനിയെ ഞാന്‍ കുറിച്ചീടുവാന്‍
തിരഞ്ഞു പല മാര്‍ഗ്ഗവും കഠിനമാണിതിന്നും സ്വയം
കുറിച്ചിടുവതൊക്കെയും കരുതിടാം വെറും വാക്കുകള്‍

മനസ്സു തവ പദ്മമായ് കരുതീടു വാണീ മുദാ
കനിഞ്ഞു മരുവീടണേ സതതമെന്റെ വാക്കായ് വരൂ
നിനച്ചിടുവതൊക്കെയും ചരണപൂജ ചെയ്തീടുവാ=
നെനിക്കു ഹൃദി മോഹമി-ല്ലിതിനു മേല്‍ പറഞ്ഞീടുവാന്‍

ആനയ്ക്കു മേലെയമരും ഹരി-ലക്ഷ്മിയായി
ട്ടാനന്ദി മേല്‍ മരുവിടും ശിവയുഗ്മമായും
ഞാനിന്നു കാണ്മു സുമനോഹരചിത്രമായി-
ത്താനോതിടാം ഹൃദി നിറഞ്ഞൊരു വിസ്മയത്താല്‍

https://www.facebook.com/photo.php?fbid=1190587221046946&set=a.482647358507606.1073741825.100002870388082&type=3&theater

ഭാഗവതമോതിടുവതാരവരെയാകാം
ഭാഗവതരെന്നുപടി ചൊല്ലിയതതിന്നായ്
രാഗലയമേകുവതു ഭക്തിയതുപാടാന്‍
യോഗ്യത കൊടുക്കുവതുമോര്‍ക്ക ദൃഢഭക്തി

വാരുണാ! നിന്‍ കൃപാവര്‍ഷമെന്നാളുമുള്‍
ത്താരിലജ്ഞാനമാം കൂരിരുള്‍ മാറ്റണേ
പാരിലാശ്വാസമുണ്ടായ് വരാനായി ഹൃ-
ത്താരിലെക്കാലവും കാണ്മതായീടണേ

(സ്രഗ്വിണി)