Archive for August 21, 2017

തന്നെത്തന്നെ മറന്നു വാഴുമടവി-
യ്ക്കുള്ളില്‍ സരസ്സില്‍ സ്വയം
ചെന്നെത്തും ഗജമത്രെ കാലമവിടെ-
ക്കാത്തല്ലൊ വാഴുന്നതും
വന്നെത്തും സമയത്തു ഭക്തചരണം 
തന്നില്‍ പിടിച്ചീടുവാ-
നെന്നോണം ഹരിയെത്തുമന്നു സദയം
മോക്ഷം കൊടുത്തീടുവാന്‍

തന്നാലാവതു പോലെയൊക്കെ കഠിനാ-
ദ്ധ്വാനം തുടര്‍ന്നിട്ടവന്‍
തന്നെക്കൊണ്ടിനി സാദ്ധ്യമല്ല പൊരുതാ-
നെന്നായറിഞ്ഞീടവേ
തന്നുള്ളില്‍ തെളിയുന്ന ഭക്തികമലം
മാത്രം സമര്‍പ്പിക്കവേ
വന്നീടുന്നു കൃപാകടാക്ഷമരുളാന്‍
പൂര്‍ണ്ണത്രയീശന്‍ സ്വയം

ധ്യാനം 

Posted: August 21, 2017 in വിയോഗിനി

തിരുമുന്നിലണഞ്ഞു കുമ്പിടാ-
നൊരു മോഹം വളരുന്നു മാനസേ
അരുളീടുക മാര്‍ഗ്ഗമൊന്നു നീ
തിരുമാന്ധാം മല വാഴുമംബികേ

ഇന്ദു ജടയിങ്കലണിയുന്ന ഭഗവാനു-
ണ്ടെന്നകമെയെന്നതറിയേണമവനല്ലോ
തന്നതുടലിന്റെയൊരുപാതി ഹൃദി വാഴാന്‍
“ഇന്ദുവദനേ! വരിക യെന്നരികില്‍ വേഗം”

എന്തെഴുതിടേണ്ടതറിയാതെയെഴുതാനായ്
തന്നെ മമ തൂലിക ചലിക്കുമളവല്പം
നന്മയതിനേകുവതിനായി സദയം നീ
“ഇന്ദുവദനേ! വരിക യെന്നരികില്‍ വേഗം.

വന്നിടണമാദ്യഗണമായി ഭഗണം താന്‍
പിന്നെ ജഗണം വരുവതാകണമതൊപ്പം
തന്നെ സഗണം ജഗണമൊത്തു ഗുരുരണ്ടാ-
“യിന്ദുവദനേ! വരിക യെന്നരികില്‍ വേഗം..”

ഇന്ദു വദനത്തെമുകിലാലിഹ മറയ്ക്കു-
ന്നിന്ദുവദനേ വദനകാന്തിയൊടു തോല്‍ക്കേ
എന്തു പറയാനടിയനും വരികളായ് നീ
“യിന്ദുവദനേ! വരിക യെന്നരികില്‍ വേഗം..”

ധ്യാനം

Posted: August 21, 2017 in വിയോഗിനി

ധര സൂര്യനു ചുറ്റുമെന്നുമേ
തിരിയുന്നൂ മനമോ സുഖം തരും
ഒരു നാള്‍ വരുമെന്നുറച്ചു താന്‍
തിരയുന്നൂ ഭുവനത്തിലാകവേ

ഒരു നാളണയുന്നതല്ല പോല്‍
തിരയേണ്ടും പൊരുളല്ല തന്നിലായ്
ഒരു തെല്ലണയാതെ നില്പതായ്
കരുതാനായ് പറയുന്നു വേദവും

കാണാനാവുകയില്ലെനിക്കു ഭഗവദ് തൃപ്പാദമെന്നാലുമെ-
ന്താണെന്നീശ്വര! നിന്റെ മുന്നിലണുവിന്നംശം കണക്കല്ലെ ഞാന്‍
കാണുന്നുണ്ടവിടുന്നു നിത്യമിവനെക്കാരുണ്യമോടേയതൊ-
ന്നാണെന്നും മമ ജീവനുള്ള തുണയെന്‍ പൂര്‍ണ്ണത്രയീശാ ഹരേ

കല്ലായിടട്ടെയടിയന്‍ വ്രജഭൂവിലേതോ
പുല്ലായിടട്ടെ തവ ചുണ്ടിലണഞ്ഞു പാടും
പുല്ലാങ്കുഴല്‍ സുകൃതിയാണതുപോലെവാഴാ-
നല്ലോ മനസ്സിലുണരുന്നതു മോഹമെന്നും

ദിവഃസ്പൃക്ക് വാഴ്വെല്ലാം നിറയുവതു നീ തന്നെയതുപോ-
ലിവന്നുള്ളില്‍ നിത്യം മരുവിടുവതും ശാന്തിയകമേ
ഭവാനേകീടുന്നൂ സതതമവിടെത്തന്നെമനമു-
ത്ഭവിച്ചീടുന്നത്രേയതിനുബലമങ്ങാണു ഭഗവന്‍