Archive for August 18, 2017

ദാരുണമാകും തവ തിരുരൂപം
ദാരുണ! കാണും രിപുവിനു ചിത്തേ
ചേരുവതുണ്ടാം ഭയമഭയം ഹൃ-
ത്താരിനു നല്കീടുക ഭഗവാനേ

ധ്യാനം

Posted: August 18, 2017 in സമ്മത

വരുവതാകുമെന്‍ ചിന്തയൊക്കെ നിന്‍
ചരണപങ്കജം തന്നിലെത്തുവാന്‍
അരുളു ഭക്തിയെന്‍ വിഘ്നരാജ! വാ-
ണരുളുകെന്മനസ്സില്‍ സദാ ഭവാന്‍

പണ്ടു ഭുവി വാണനൃപരൊക്കെയുലകത്തേ-
യിണ്ടലിലുലയ്ക്കുമളവെത്തിയൊരുരാമന്‍
ഖണ്ഡപരശു! ദ്വിജകുലത്തിലതുചിത്തേ
കണ്ടിടുവതിന്നരുളു ഭക്തി പദപദ്മേ

(ഇന്ദുവദന)

ഗുരുമരുത്പുരനാഥനഹർനിശം
തരുവതാട്ടെ കൃപാമൃത, മീശ്വരൻ
അരുളിടട്ടെ സമസ്തസുഖങ്ങളും
വരുവതാം പുതുവത്സരനാൾകളിൽ

സാരംഗമാം ധനുവെടുത്തുകുലച്ചു നിൽക്കും
കാരുണ്യമേ! ശരമയയ്ക്കുക ദർപ്പദൈത്യൻ
പാരാകെ നോവു പകരാതെയിരിക്കുവാനായ്‌
നേരിന്റെ വെട്ടമരുളീടണമേ സുധന്വാ!

കൃപ

Posted: August 18, 2017 in തോടകം

വരയും വരയിൽ തെളിയുന്നതു പൂ
വിരിയുന്നതു പോൽ ഭഗവദ്കൃപയായ്‌
കരുതാമതു പുണ്യമറിഞ്ഞിടണം
വരമായ്‌ ഭഗവാനെ നമിച്ചിടണം

ഗൗരി! മനം നിന്നുടെ ഭവനം ഹൃ-
ത്താരിനു നീ താൻ ബലമതു തന്നെ
പാരിനുമെന്നും മറയരുളീടും
നേരിതു നിന്നെത്തൊഴുതു നമിപ്പൂ

മായാനാടകമാടിടുന്ന ഭഗവൻ ഹൃത്താകുമിപ്പൂവിനേ
മായാശക്തിയിലൊട്ടുലഞ്ഞുകരിയാനാക്കീടൊലാ വാഴ്‌വിലായ്‌
നീയാരെന്നതറിഞ്ഞതാരു, തിരയുന്നെല്ലായിടത്തും മന-
സ്സായാസത്തൊടു, മാനസത്തിലമരൂ ശ്രീയായ്‌ മനശ്ശാന്തിയായ്‌

കണ്ണീരിലാണ്ടെന്തിനു കൺകളെന്നോ
കണ്ണാ! യുഗാന്ത്യത്തെ നിനച്ചതല്ലാ
കണ്ണന്റെ ലീലാമൃതമേഴു നാളൊ-
ന്നുണ്ണാൻ കഴിഞ്ഞെന്നൊരു ഭാഗ്യമോർക്കെ

കണ്ണിന്നു കാണാൻ കഴിയുന്നതല്ലൊ-
ട്ടുണ്ണാനതെൻ നാവിനുസാദ്ധ്യമല്ലാ
കർണ്ണാമൃതം നിൻ കഥ കേട്ട കാതിൻ
പുണ്യം നിനച്ചാൽ പറയാവതല്ലാ

കണ്ണിന്നു കണ്ണാകിയ സത്യമായി-
തിണ്ണം തെളിഞ്ഞിട്ടു മറഞ്ഞിടുമ്പോൾ
കണ്ണീരിലാണ്ടെന്നുടെ കൺകളെന്നാൽ
കണ്ണാ! കരഞ്ഞെന്നു പറഞ്ഞിടാമോ?

കേണന്നു ഞാനെന്നു പറഞ്ഞുവെന്നാൽ
ക്ഷീണം നിനയ്ക്കേണ്ടൊരുകാര്യമുണ്ടോ?
നാണം വെടിഞ്ഞിട്ടു ലയിച്ചു നിന്നൂ
വേണുസ്വനത്തിൽ മയിലെന്ന പോലെ

കാർവർണ്ണനെ ക്കണ്ടു മനസ്സു, പാടി-
പ്പോവുന്നു കാർമേഘമകന്നു പോയാൽ
പാവം മയിൽ കേഴുവതില്ലെയോ ഞാ-
നേവം കരഞ്ഞാലതു മോശമാണോ

സൂര്യനണഞ്ഞൂ ഗഗനതലേ ഹൃ-
ത്താരിനു മോദം പകരുവതിന്നായ്‌
പാരിനു വെട്ടം പകരുവതാകും
കാരണരൂപാ! തൊഴുതു നമിപ്പൂ

ഗതിസത്തമ! ഭക്തമനസ്സിനു സദ്‌
ഗതി നിൻ ചരണാബ്ജയുഗം സതതം
ഗതിയേകുവതാം കൃപയായ് തെളിയും
പതിതർക്കഭയം തരുമീശ്വര! നീ