ധ്യാനം 

Posted: August 3, 2017 in വസന്തതിലകം

സൂര്യന്‍ ജ്വലിക്കുമനിശം ദിവി തിങ്ങി നില്ക്കും
കാര്‍ മേഘജാലമതുമൂടിമറച്ചുവെന്നായ്
പാരില്‍ ജനം പറയുമത്രെ മറയ്ക്കുവാനി
ങ്ങാരാലെയാകവതു ശാശ്വതസത്യമല്ലേ

സത്യം സദാ കരുണയായൊളിയേകിടുന്നൂ
ഹൃത്താരിലത്രെയതുപോല്‍ പല താരകത്തില്‍
മിഥ്യാഭിമാനമറയാലറിയാതെ പോകു-
ന്നത്രേ മനുഷ്യനിതു തേടിയലഞ്ഞിടുന്നൂ

കാര്‍ മേഘജാലമവിടുള്ളതു കാണ്മു നാമാ-
സൂര്യപ്രകാശമണയുന്നതിനാലെ മാത്രം
മിഥാഭിമാനമറപോലുമറിഞ്ഞിടാനായ്
നിത്യം തുണയ്ക്കുവതുമാകരുണാകടാക്ഷം

Leave a comment