സമസ്യാപൂരണം

Posted: August 21, 2017 in ഇന്ദുവദന

ഇന്ദു ജടയിങ്കലണിയുന്ന ഭഗവാനു-
ണ്ടെന്നകമെയെന്നതറിയേണമവനല്ലോ
തന്നതുടലിന്റെയൊരുപാതി ഹൃദി വാഴാന്‍
“ഇന്ദുവദനേ! വരിക യെന്നരികില്‍ വേഗം”

എന്തെഴുതിടേണ്ടതറിയാതെയെഴുതാനായ്
തന്നെ മമ തൂലിക ചലിക്കുമളവല്പം
നന്മയതിനേകുവതിനായി സദയം നീ
“ഇന്ദുവദനേ! വരിക യെന്നരികില്‍ വേഗം.

വന്നിടണമാദ്യഗണമായി ഭഗണം താന്‍
പിന്നെ ജഗണം വരുവതാകണമതൊപ്പം
തന്നെ സഗണം ജഗണമൊത്തു ഗുരുരണ്ടാ-
“യിന്ദുവദനേ! വരിക യെന്നരികില്‍ വേഗം..”

ഇന്ദു വദനത്തെമുകിലാലിഹ മറയ്ക്കു-
ന്നിന്ദുവദനേ വദനകാന്തിയൊടു തോല്‍ക്കേ
എന്തു പറയാനടിയനും വരികളായ് നീ
“യിന്ദുവദനേ! വരിക യെന്നരികില്‍ വേഗം..”

Leave a comment