അത്തം 

Posted: August 25, 2017 in ഇന്ദുവദന

അത്തദിനമായി, ചമയത്തൊടകതാരി-
ലെത്തിടുവതുണ്ടുടനെയോര്‍മ്മകളനേകം
ഹൃത്തടമിതില്‍ ത്തെളിവതുണ്ടു മമനാടിന്‍
ചിത്രമൊരു പൂക്കളമൊരുക്കുമഴകോടെ

ചിത്രമിതു കാണുമളവെന്റെയകതാരില്‍
ചിത്രമണയുന്നു ഗതകാലമിതിലെങ്ങോ
തത്തിടുകയോ ശലഭമായി മമ ചിത്തം
നൃത്തമതു കാണുവതുമിന്നു സുഖദം മേ

Leave a comment