ഓട്ടൂര്‍ ഉണ്ണിനമ്പൂതിരിപ്പാട് അനുസ്മരണം 25/08/2017

Posted: August 26, 2017 in വസന്തതിലകം

നിന്‍ മുന്നിലെത്താതെ ഗമിച്ചിടാന്‍ തുനി-
ച്ചന്നത്രെയോട്ടൂര്‍, ഭഗവന്‍! സവിസ്മയം
നിന്നൂ ചിലര്‍, ചൊല്ലുകയെന്നുമായ്, “ഭവാ-
നെന്തേ തൊഴാനിന്നു മടിച്ചിടുന്നു?”

“എന്തേ ഭവാന്‍ വായുപുരേശനെ ത്തൊഴാന്‍
നന്നേ മടിച്ചങ്ങു ഗമിപ്പു, ഭക്തരില്‍
എന്നും ഭവാന്‍ ശ്രേഷ്ഠതമന്‍ “‍, പറഞ്ഞു പോല്‍
തന്‍ കണ്ണുനീര്‍ തൂകിയ വിപ്രവര്യനും

തന്‍ ഭക്തനുള്ളോരു വിഷാദമൊക്കെയും
തന്റേതു താന്‍ കണ്ണനു നിത്യ, മാകയാല്‍
ഇന്നീവിധം ദെണ്ണമെനിക്കു കാണ്കിലോ
നന്നായിരിക്കി, ല്ലവനും കരഞ്ഞു പോം

എന്‍ ദുഃഖമെല്ലാമെയറിഞ്ഞു വേണ്ടതി-
ങ്ങെന്താണതെല്ലാമവനേകുമെന്നുമേ
എന്നാലുമാകണ്ണിലെയശ്രു കാണുവാ-
നെന്നില്‍ ക്കരുത്തില്ലതുകൊ, ണ്ടറിഞ്ഞിടൂ

എന്‍ കണ്ണനേ വിട്ടു ഗമിപ്പതില്ല ഞാ-
നെന്നുള്ളതല്ലേ നിജ, മെങ്ങു പോകിലും
മുന്നില്‍ തെളിഞ്ഞീടുവതുണ്ടു കാണ്മതാ-
യെന്തുണ്ടതെല്ലാം ഗുരുവായുരപ്പ! നീ

Leave a comment