ബലി

Posted: August 29, 2017 in വസന്തതിലകം

സമ്പദ്‌സമൃദ്ധി നിറയും പടിയത്രെ വാണി-
ങ്ങന്പോടു മാബലി സുഖത്തൊടു വാണു ലോകര്‍
വമ്പിച്ചതാം പടി പുരോഗതി കണ്ടു വിണ്ണോ-
രമ്പേ ഭയന്നു ഹരി തന്‍ പദമാശ്രയിച്ചു

ഇന്നീജഗത്തിലുളവായ സമൃദ്ധിയോര്‍ത്താല്‍
തന്‍ സ്വര്‍ഗ്ഗവും നരകമെന്നു നിനച്ചു പോകും
എന്നാലതും ബലിയെടുത്തു രണത്തിനാലെ-
ന്നിന്ദ്രന്‍ പറഞ്ഞു കരയുമ്പൊഴണഞ്ഞു വിഷ്ണു

എന്‍ ഭക്തനാണു ബലി ധാര്‍മ്മികനാണു യുദ്ധേ
നിന്നെത്തുണയ്ക്കുവതിനായി വരില്ലയെന്നാല്‍
ഒന്നുണ്ടുപായമതിനായി കനിഷ്ഠനായ് ഞാന്‍
വന്നെത്തിടാമദിതി തന്‍ സുതനായി ഭൂവില്‍

എന്നോതിയാഹരി മറഞ്ഞു പിറന്നുവത്രേ
പിന്നീടു നല്ല തിരുവോണദിനത്തിലായി
സന്താനമായദിതി തന്നുദരേഗമിച്ചൂ
പിന്നീടു മാബലി നടത്തുവതായ യജ്ഞേ

എന്താണു വേണ്ട വരമെന്നുരചെയ്കയെന്നാ-
യന്നോതിയാബലി, യിരന്നതുമേവമത്രേ
തന്‍ മൂന്നു കാലടിയിലെത്തുവതാമിടം താ-
നെന്നായി ബാലനഥ മാബലി ചൊല്ലിയേവം

ഈരേഴുലോകമഖിലം ബലി തന്‍ വശം നീ
ചാരേയണഞ്ഞതിതിനോ ഹിതമെങ്കിലേകാം
പാരൊക്കെ പിന്നെയൊരുമൂന്നടിയെന്തിനായി-
ന്നാരാഞ്ഞിടുന്നു, നൃപനിങ്ങിനെയും പറഞ്ഞു

സന്തോഷമേകുവതിനായൊരുവന്നൊരല്പം
തന്നീടിലും വരുവതത്രെയതില്‍ വരായ്കില്‍
എന്തൊക്കെ നേടുവതിലും സുഖമെന്നതുള്ളില്‍
വന്നിടുകില്ലയിതി ചൊന്നഥ വിപ്രബാലന്‍

എന്നാകിലാട്ടെ തരുവേനിതി ചൊല്ലി ദൈത്യന്‍
നന്നല്ല നിര്‍ത്തു ഹരി താനിതു മായയെന്നായ്
ചൊന്നത്രെ ദൈത്യഗുരു നല്കിയ വാക്കു മാറ്റീ-
ടുന്നില്ലയെന്നു ബലിയോതി കൊടുത്തു ദാനം

യാഗം നടത്തി ഭഗവാനെ നിനച്ചു മുന്നില്‍
ഭാഗ്യം സ്വയം ഹരിയണഞ്ഞു ലഭിക്കുമാര്‍ക്കീ
യോഗം സമസ്തമവിടുത്തെ വരം നിനച്ചാല്‍
ത്യാഗം വെറും മറയിതൊക്കെ ഭവാന്റെ തന്നെ

എന്റേതിതെന്നു കരുതിച്ചില നാള്‍ കഴിച്ചേ-
നെന്നല്ലെ സത്യമിതു താന്‍ നിജമാര്‍ക്കുമോര്‍ത്താല്‍
എന്നും വസിക്കുവതിനാവുകയില്ല തന്റേ-
തെന്നോര്‍ത്തതൊക്കെ വെടിയേണ്ടതു തന്നെയല്ലേ

Leave a comment