ധ്യാനം

Posted: August 30, 2017 in മാലിനി

കരുണ നരനു കാണും മട്ടിലായ് രൂപമാര്‍ന്നാ
ഗുരുപവനപുരത്തില്‍ മേവിടുന്നുണ്ടു, ചിത്തേ
ഒരുകുറി നിരുപിച്ചാല്‍ ദുഃഖമെല്ലാമകറ്റു-
ന്നൊരുപൊരുളവനല്ലോ വേദവേദാന്തസാരം

ഒരുവനൊരു ദിനം നിന്‍ നാമമോതീടുമെന്നാല്‍
കരുണയൊടരികത്തായെത്തിടും നിന്റെ രൂപം
വരുമളവതുകാണാന്‍ ഭക്തിയുള്‍ത്താരിനേകൂ
ഗുരുപവനപുരേശേ ഭക്തനാക്കീടുകെന്നേ

===

കരുണ നിറയുമോരാരൂപമുള്‍ത്താരിലോര്‍ത്തി-
ട്ടൊരു കുറി മിഴിയാലെക്കാണുവാന്‍ മോഹമോടെ
മരുവിടുമളവല്ലോ മുന്നിലായ് വന്നു ഗോപര്‍
മുരരിപു ഭഗവാനായ് ഭിക്ഷ യാചിച്ചു നിന്നൂ

ഒരു കുറി ഭഗവാനെ ക്കാണുവാന്‍ മോഹമുണ്ടായ്
വരുകിലതു ലഭിക്കും ജീവനെന്നിങ്ങെന്ന സത്യം
കരുണയൊടറിയിക്കാനായിരിക്കാമിതേപോല്‍
വരുവതിനിടയായെന്നത്രെ നാമോര്‍ത്തീടേണ്ടൂ

ഒരു ഞൊടിയിലവന്നായ് വേണ്ടതെല്ലാമൊരുക്കീ
തരുണികളരികത്തായ് നേദ്യമോടേയണഞ്ഞൂ
അരുതിനി തിരികേ പോകാനയയ്ക്കൊല്ലയെന്നായ്
കരയുമളവിലേകീ സാന്ത്വനം കണ്ണനപ്പോള്‍

(വിപ്രപത്ന്യനുഗ്രഹം)

Leave a comment