മഹാബലി

Posted: August 30, 2017 in സ്രഗ്ദ്ധര

 

വിശ്വത്തെക്കാൾ വളർന്നൂ ഹരിയുലകഖിലം
രണ്ടു കാൽ വയ്പിനാല-
ങ്ങാശ്ചര്യം താനളന്നൂ, ബലിയൊടു പദമൂ-
ന്നേണ്ടു മൂന്നാമതായി
വിശ്വത്തിൻ നാഥനല്ലേ, പറയുകയെവിടേ-
യെന്നു, ഗൂഢം ചിരിച്ചൂ,
വിശ്വാസത്തോടിരിപ്പോനൊരുഭയമണയി-
ല്ലെന്നു കാട്ടിത്തരാനോ?

എന്തുണ്ടെന്റേതു കണ്ണാ! സകലവുമവിടു-
ത്തേതു താന്‍ കാണ്മതെല്ലാം
നിന്നില്‍ നിന്നും വരുന്നൂ, കലരുമൊരുദിനം
നിന്നിലായ് തന്നെ, യെന്നാല്‍
എന്‍ സ്വത്തെന്നോര്‍ത്തു കഷ്ടം! മമ ഹൃദി മറയായ്
നിന്ന ദര്‍പ്പത്തിനാലി-
ന്നെന്നില്‍ക്കാരുണ്യമോടീവടിവിലരികിലായ്
വന്നതേയെന്റെ ഭാഗ്യം

ധന്യം യജ്ഞം നമിപ്പൂ തവ പദകമലം
വയ്ക്കണേയെന്‍ ശിരസ്സില്‍
തന്നേയാപാദധൂണീകണമിവനണിയാ-
നായ് വരം മാത്രമേകൂ
എന്റേതായൊന്നുമില്ലിങ്ങഖിലവുമവിടു-
ത്തേതു താന്‍ കൃഷ്ണ! ലോക-
ത്തിന്നൊപ്പം നീയെടുത്തീടുകയുടനിവനെ
ക്കൂടി, നിന്നോടു ചേര്‍ക്കൂ

വന്നെത്തീപോരിനായാദിതിജരുമവരോ-
ടോതി കാലം സ്വയം താ-
നിന്നീക്കാണുന്നതെന്നായ് കരുതുകയൊരുനാള്‍
നല്കിടും വേണ്ടതെല്ലാം
പിന്നീടെല്ലാം ഹരിയ്ക്കും ഹരിയിതുപൊരുതാന്‍
നിന്നിടേണ്ടാ ഭവാന്മാര്‍
വന്നെത്തും വീണ്ടുമെല്ലാമതുവരെതുടരൂ
കര്‍മ്മമെന്നോതിയത്രേ

സന്തോഷത്തോടെ വച്ചൂ ബലിയുടെ തലയില്‍
തന്‍ പദം വിഷ്ണു, ഭക്തര്‍-
ക്കെന്തുണ്ടാശിക്കുവാനായിതിനുമുപരിയായ്,
ചൊല്ലി പോലീവിധത്തില്‍
നിന്നോടായ് ഭിക്ഷ യാചിച്ചൊരുദിന, മിനിമേല്‍
ഭിക്ഷ യാചിച്ചിടാ ഞാ-
നെന്നായക്കാരണത്താല്‍ വ്രജഭുവി ഭഗവാന്‍
വെണ്ണ കട്ടത്രെയുണ്ടൂ

കാരുണ്യത്തോടെയേകീസുതലമമരുവാ-
നത്രെ രക്ഷിയ്ക്കുവാനായ്
ചാരേ നിന്നീടുമെന്നും വരമരുളി, യതെ-
ല്ലാമെ കാണാകുമെന്നും
പോരാ വംശത്തെരക്ഷിക്കുവതിനുമരികെ-
ക്കാണുമെന്നായുമേകീ
പാരിന്നിന്ദ്രത്വമൊപ്പം ഹരി,യിതിനു സമം
ഭക്തവാത്സല്യമുണ്ടോ

Leave a comment