ധ്യാനം 

Posted: August 28, 2017 in മാലിനി

നരനിഹ ഭഗവാനേ വിശ്വസിക്കേണമെന്നായ്
കരുതി ചിലതു കാട്ടീടുന്നതോ ഭക്തി, സൂര്യന്‍
വരുമനുദിനമത്രേ വെട്ടമേകീടുവാനാ-
യരുണനെയതിനായ് ഞാന്‍ വിശ്വസിക്കേണ്ടതുണ്ടോ?

അഭയമരുളിടുന്നൂ ഭക്തിയത്രേ, മനസ്സോ
സഭയമിവിടെയെന്നും വാണിടുന്നൂ, വിചിത്രം !
വിഭുവിനെയകതാരില്‍ നിത്യമോര്‍ത്തുള്ള കര്‍മ്മം
സഫലമതുമറന്നോ നീ ഭയക്കുന്നിതേവം

ഒരുവനുഭയമുണ്ടായീടണം നിന്നിലെന്നാ-
ലരുളുമഭയമങ്ങെന്നോതിടുന്നോരറിഞ്ഞോ
കരുണനിറയുമോരാരൂപമെന്നീശ്വരാ നീ-
യരുളുക ശരണം നിന്‍ പാദപദ്മത്തിലെന്നും

അരുളിടുമഭയം നീ ലോകമോ ഭീതിയേകും
പൊരുളി, നിയവിടുത്തെത്തന്നെയെന്നും നിനയ്ക്കാന്‍
അരുളുകയിവനുള്ളില്‍ ഭക്തി നിന്‍ പാദപദ്മേ
ഗുരുപവനപുരേശാ! ഭക്തനാക്കീടുകെന്നെ

Leave a comment