Archive for March 17, 2024

പിള്ളയാർപെട്ടിവാണിടും
പിള്ളയാർ ഗണനായകൻ
ഉള്ളലിഞ്ഞരികേ വന്നെ-
ന്നുള്ളത്തിൽ കളിയാടണം

പയ്യിൻ്റെ പാലിനായ് ദാഹിച്ചു കേഴുന്ന
പൈക്കുഞ്ഞിൽ വാത്സല്യം പൂണ്ടാർദ്രചിത്തനായ്
പയ്യെക്കയറൂരിവിട്ടതാം നന്ദൻ്റെ
പയ്യൻ്റെ പുഞ്ചിരി കാക്കട്ടെ നമ്മളെ

ചേട്ടനെക്കാളും വലുതായിതാനെന്നു
കാട്ടുവാൻ പീഠത്തിലേറിച്ചിരിക്കുന്ന
കുട്ടിക്കുറുമ്പനാം തൃച്ചംബരത്തേവർ
കാട്ടട്ടെ നല്ലതാം മാർഗ്ഗം നമുക്കെന്നും

ഒന്നിച്ചിരുന്ന നരനാരിയുഗത്തെയന്നാൾ
ഭിന്നിച്ചുവാഴുവതിനായിടവച്ചു സീയൂസ്
എന്നിട്ടുമിന്നുമൊരുമിപ്പതിനുള്ള മാർഗ്ഗം
മന്നിൽ ത്തിരഞ്ഞു വിജയിച്ചു വസിപ്പു മർത്യർ



പോരാടാനൊരുപാങ്ങുമില്ലയിവിടെ –
പ്പോരാളിമാർക്കുള്ളതാം
പേരാൽ തന്നെ നടുങ്ങിടുന്നു ഹൃദയം
നേരാണെനിക്കാകയാൽ
ആരാണാലില തന്നിലായ് തെളിയുവോൻ,
പാരായ വൃക്ഷത്തിനും
വേരായ് നില്പവനാശ്രയം തരണമാ-
നാരായണസ്വാമിതാൻ

കാട്ടിലന്നക്കൊടുങ്കാറ്റും
കണ്ടുപേടിച്ച കണ്ണനെ
കയ്യിലേന്തിയതാം രാധ-
ക്കുട്ടിക്കിന്നെൻ്റെകൂപ്പുകൈ

നീലാംബരമണിഞ്ഞോരാ –
ബാല തൻ കുഞ്ഞുകൈകളിൽ
ചേലെഴും മിന്നൽ പോൽമിന്നും
ബാലനും മമ വന്ദനം

(ശ്രീ വൈദ്യമഠം ചെറിയ നാരായണൻ നമ്പൂതിരിയുടെ ഗർഗ്ഗഭാഗവതം വിവർത്തനം വായിക്കുന്നു)

പെട്രോളിൻ വില കൂടുകില്ലയിനിജൂൺ
മാസം വരേയ്ക്കും തഥാ
കിട്ടും കിറ്റുകളും നമുക്കു , വരുമാ –
നേതാക്കളും കാണ്മതായ്
തിട്ടം താ, നിനിയുത്സവം ജനതതി –
ക്കിന്നാട്ടിലായ്, പിന്നെയോ
കഷ്ടം, നാകമിതെന്നുതോന്നിയധുനാ
വിണ്ണോരുമിങ്ങെത്തിടാം

കണ്ണനെക്കാണാനെങ്ങുപോകേണ്ടൂ നിത്യം തന്നുൾ-
ക്കണ്ണായിട്ടിരിക്കുന്ന സത്യമെന്നറിഞ്ഞെന്നാൽ ?

മറ്റെങ്ങും നോക്കാതുള്ളിൽ തേടിയാൽ മനസ്സിൻ്റെ
മുറ്റത്തു കളിക്കുന്ന കണ്ണനെ കാണാമല്ലോ

കണ്ണടച്ചിരുന്നാലും കണ്ണിനും കണ്ണായ് വാഴും
കണ്ണനുണ്ണിയെ കാണാം സാദരം പ്രണമിക്കാം

ദൂരെയാസ്വർലോകത്തിലല്ലവൻ, നോക്കൂ നിൻ്റെ
ചാരെയുണ്ടെന്നും ഭക്തവാത്സല്യരത്നാകരം

ജ്യേഷ്ഠൻ ബലരാമസ്വാമിയോടൊന്നിച്ചി –
മ്മട്ടിലായ് കണ്ണൻ കളിക്കുന്നതുകാണാൻ

വന്നണഞ്ഞീടുന്നു തൃച്ചംബരത്തേയ്ക്കു
വിണ്ണവർ വിസ്മയം തന്നെയിക്കാഴ്ചകൾ