Archive for March 27, 2024

ഭഗവൻ!

Posted: March 27, 2024 in വസന്തമാലിക

ഭവസാഗരമെത്ര ദീതിദം മേ
ഭവ! നീ താൻ തുണയായണഞ്ഞിടേണം
ഇവനേതുമറിഞ്ഞുകൂട ശംഭോ!
ഭവദുഃഖം ഭഗവൻ! കളഞ്ഞുകാക്കൂ

നാവേ! ഭവാനിഷ്ടമുള്ളതോതീടുവാ-
നാവുമെന്നാൽ നിൻ്റെ കൂട്ടുകാരൻ
കണ്ണിനാമട്ടിലായ് കണ്ണിൽപ്പെടുന്നവ
കാണാതിരിക്കുവാൻ സാധിക്കുമോ?

എന്നാലതിൽപ്പിന്നെ കാണാതിരിക്കണം
എന്നാകിൽ കണ്ണടയ്ക്കാനുമാകും

കാതിൻ്റെ കാര്യമാണേറ്റവും സങ്കടം
കേൾക്കുവാനിഷ്ടമില്ലാത്തതെല്ലാം
കേൾക്കാതിരിക്കുവാൻ സാധ്യമല്ലാ കൂടെ
കൈവിരൽ രക്ഷയ്ക്കായ് വേണമെന്നും

ഒരേ തണ്ടു രണ്ടായ് പിരിഞ്ഞിങ്ങു കാണായ്-
വരും ബുദ്ധിയായും മനസ്സായുമേവം
ഒരമ്മയ്ക്കു ഭൂവിൽ പിറന്നോരിവർ , പു-
ഞ്ചിരിക്കും കളിക്കും തഥാ പോരടിക്കും

കൊന്ന

Posted: March 27, 2024 in മഞ്ജരി

കൊന്നയിക്കാലത്തു പൂവിട്ടു നിൽക്കുവാ-
നെന്താണു ഹേതു, ഞാൻ ചിന്തിക്കവേ
ഒന്നീവിധം തോന്നി, യക്കാര്യമോതിടാ-
മിന്നിത്തരത്തിലായ് കൂട്ടുകാരേ!

പൊന്മയമായ് കണി പൂർവ്വാദ്രിതന്നിലായ്
അമ്മയാം ഭൂമി വയ്ക്കുന്നു നിത്യം

വന്നെത്തിടും വിഷുക്കാലത്തു വയ്ക്കുവാൻ
നന്നായി ശീലിക്കയായിരിക്കാം

എന്നാലതൊട്ടും ധരിക്കാതെയിപ്പാവം
കൊന്ന തൻ കൺമിഴിച്ചെന്നതാകും
ഇന്നീവിധം പൂത്തുനിൽപ്പതിൻ കാരണം
എന്നു തോന്നുന്നു മന്മാനസത്തിൽ

അല്ലെങ്കിൽ കൈവിരലാൽ കണ്ണുമൂടിയാ –
നല്ലൊരു പൊൻകണി കാണുവാനായ്
ചെല്ലുന്നതിന്നിടയ്ക്കേറ്റവും ഗൂഢമായ്
തെല്ലൊന്നു നോക്കുന്നതായിരിക്കാം

ദിലീപേട്ടൻ്റെ ശ്ലോകം



മഴവില്ലു കാണുവാൻ വേണം
സൂര്യരശ്മികളാവിധം
മനസ്സിൻ കാന്തി കണ്ടീടാൻ
ദൈവാനുഗ്രഹമാവശ്യം

ശാസ്ത്രത്തെയന്ധമായ് നമ്പുന്നതല്ല, കേൾ,
നിത്യവും ശങ്കിച്ചിടുന്നതത്രേ
ശാസ്ത്രത്തിൻ രീതി, യാചോദ്യങ്ങളിൽ കൂടി
സത്യം തിരയുന്നതാണു മാർഗ്ഗം

ആനേ!

Posted: March 27, 2024 in സ്രഗ്ദ്ധര

ആനേ! എന്തേ വരാനീവഴി? വനനടുവിൽ
തള്ളിയോ മർത്യരെല്ലാം?
താനോടിപ്പോന്നതാണോ? മനുജനനുദിനം
നിന്നെ നോവിപ്പതുണ്ടോ?
ആനന്ദം പാരിലെങ്ങും തിരയുമവനഹോ
ഭക്തിപൂർവ്വം ഭവാനെ –
ത്താനോ കൂപ്പുന്നു, നിന്മേലമരുമൊരുവനെ-
തന്നെയോ തെല്ലു ചൊല്ലൂ

രത്നം

Posted: March 27, 2024 in കബീർ, മഞ്ജരി

ഏറെയമൂല്യമായുള്ളതാം രത്നത്തെ
എങ്ങൊരു മണ്ണിലോ നാം കളഞ്ഞൂ?

പൂർവ്വദിക്കിൽ ചിലർ തേടുന്നുണ്ടന്യരോ
പശ്ചിമദിക്കിലും തേടിടുന്നു

വെള്ളത്തിൽ തേടുന്നതുണ്ടേ ചിലർ, കരി –
ങ്കല്ലിൽ തിരയുന്നതുണ്ടന്യരും

മേത്തരം നന്മയേറുന്നൊരാ രത്നത്തി-
ന്നിത്തരം മേന്മകളോർത്താകബീർ
ഹൃത്തടം തന്നിലായ് ചേർത്തുവച്ചു, നന്നായ്
ശ്രദ്ധിച്ചു സൂക്ഷിച്ചു പൂജിക്കുവാൻ

(ചിത്രം: കബീർ ദാസിൻ്റെ ദോഹ, രവീന്ദ്രനാഥടാഗോറിൻ്റെ മൊഴിമാറ്റം)

തിരുനാഭിതന്നിലഴകേറെയുള്ളതാ –
മൊരുപൂവിലന്നുവിധി സൃഷ്ടി ചെയ്യുവാൻ
ഉരുവായ്, ജഗത്തിനടിവേരുവേറെയായ്
കരുതാതെ വിഷ്ണുചരണം ഭജിക്ക നാം