Archive for March 21, 2024

അമ്മേ!

Posted: March 21, 2024 in Uncategorized

ഓടുന്നു ചിന്ത, പതറുന്നൂ, പാവം
വീഴുന്നു ഹന്ത! തളരുമ്പോൾ

കൂടുന്ന ചൂടിലുലയുമ്പോൾ ദേവീ
പാടുന്നു നിൻ്റെ തിരുനാമം

വാടുന്ന വേള മനമമ്മേ നിന്നെ
തേടുന്നു നല്ല വഴികാട്ടൂ

സ്നേഹം പ്രേരണ ലോകത്തിൽ
ജ്ഞാനം താൻ വഴികാട്ടിയും


ചിരിപ്പൂ വിടരും പുഷ്പം
മോദിപ്പിക്കുന്നു കാണിയെ
അന്യനാഹ്ലാദമേകും മ-
ട്ടാകട്ടേ മമ കർമ്മവും

ദിലീപേട്ടൻ്റെ ശ്ലോകം



ശലഭത്തിന്നലങ്കാരം
ഏതു സൌന്ദര്യശാലയിൽ
അതിൻ്റെ മഹതാം തത്ത്വം
ആഗ്രഹിപ്പൂ മഹർഷിമാർ

ദിലീപേട്ടൻ്റെ ശ്ലോകം

കറുപ്പു മോശമാണെങ്കിൽ
കറുപ്പിക്കേണമോ നര?

ഉള്ളിൽ ക്കൃപതൂകിത്തെളിയൂ ശങ്കരസൂനോ!
വള്ളിക്കണവാ! ഷണ്മുഖ! വേലായുധ! പാഹി
അല്ലിൽ ത്തുണയേകും മുരുകാ! എൻ പടയപ്പാ!
തെല്ലിപ്പടിനാമം തൊഴുതോതാം തുണയേകു


മോഹിനി

Posted: March 21, 2024 in Uncategorized

കൃഷ്ണവർണ്ണത്തിലല്ലയോ കാളിയും
കൃഷ്ണനും രഘുരാമനും കൂട്ടരേ

കൃഷ്ണയും തഥാ മോഹിനീദേവിയും
വിഷ്ണുവും കറുത്തെന്നുതാൻ കേൾപു ഞാൻ

മാ നിഷാദ

Posted: March 21, 2024 in Uncategorized

അപദാനങ്ങൾ പാടേണ്ടവരെ
അപമാനിക്കുവതെന്തു മനുഷ്യൻ ?

അവനവനവനുടെ വഴിയും മൊഴിയും
അറിയാതെന്തോ പറവതു ചിതമോ ?

അറിയേണ്ടതു ബത! പറയാതെന്തി –
ന്നതുമിതുമിതുപോൽ ചൊല്ലുവതെന്തേ?

അതുമൊരു സുഖമോ പറയുന്നവനതു
ഹിതമഥ കേൾക്കുന്നവനും തരുമോ ?

https://www.mathrubhumi.com/literature/features/mahakavi-p-kunhiraman-nair-daughter-leela-memoir-with-jayasree-vadayakkalam-1.9414298




ദേവനെത്തലയിൽ കേറ്റും
പാവമാനയ്ക്കു ചങ്ങല!
നോവേവം നൽകുവാൻ തെറ്റെ-
ന്താവോ ചെയ്തു പുരാ ഗജം

കാതുപ്പൊട്ടും വിധം കേൾക്കും
പടക്കം, കൊട്ടു, ചുറ്റിലും
കൂട്ടവും, ചൂടുമായ്, പൂരം
ആനയ്ക്കാഘോഷകാലമോ?

വൻ കുരുക്കിലകപ്പെട്ടൂ
തൻ കരുത്തറിയാത്തവൻ
ചങ്ങലക്കെട്ടിലിപ്പാവം
സങ്കടപ്പെട്ടു നിൽക്കയോ?

പട്ട തിന്നാൻ കൊതിച്ചാവാം
കൊട്ടവൻ കേട്ടുനില്പതും
കെട്ടിലാണതു, കാതാട്ടാം
കഷ്ടം മറ്റെന്തു ചെയ്തിടാം

നോവിനാൽ വന്നതേയല്ലെ-
ന്നാവാമൂറുന്ന കണ്ണുനീർ
പാവം, സങ്കടമോതാനെ –
ന്താവും, ബന്ധിതനല്ലയോ!

തലയ്ക്കുമേലെയും ദേവൻ
കാൽക്കലുള്ള മനുഷ്യനോ
അല്പം കനിവു കാണിച്ചാൽ
പോലും തൃപ്തിയടഞ്ഞിടും

അന്നു നക്രം പിടിച്ചപ്പോൾ
മോക്ഷമേകിയവൻ ഹരി
ഇന്നു മർത്യൻ വലയ്ക്കുമ്പോൾ
വന്നു കാക്കുകയില്ലയോ?

യന്ത്രഹസ്തീന്ദ്രനെതീർക്കാം
ഇന്നെല്ലാം പിന്നെയെന്തിനായ്
ഹന്ത! നോവേകിടുന്നൂ നാ-
മിന്നുമാനയ്ക്കിതേവിധം

സ്വാതന്ത്ര്യത്തിനു വാദിക്കും
മർത്യരിൽ ചിലരെങ്കിലും
ഒന്നുവന്നെത്തി രക്ഷിച്ചാൻ
തന്നെയും മോദമാർന്നിടും


കൊല്ലമൊന്നു കഴിഞ്ഞുപോയെന്നതും
തെല്ലറിഞ്ഞില്ലൊരാളുമെന്തത്ഭുതം

തമ്മിൽത്തല്ലിക്കലഹിച്ചിരുന്നവർ
തമ്മിലും കണ്ടൊരൈക്യവും സ്നേഹവും
പാൽക്കടൽതോറ്റുമണ്ടുന്നമട്ടിലായ്
പാൽചുരത്തുന്ന ഗോക്കളും, ചുറ്റിലും
മുറ്റിനിന്നതാം ശാന്തിയും കാൺകെയൊ-
ന്നേട്ടൻ രാമനു കൌതുകം വന്നുപോയ്

ദേവഗന്ധർവ്വയക്ഷാദി ചെയ്യുന്ന
ദിവ്യമായൊരുമായാപ്രഭാവമോ
മാറ്റമീവിധം വന്നതിൻ ഹേതുവെ –
ന്നൊട്ടുചിന്തിച്ചു രോഹിണീനന്ദനൻ

ദേവമായകൾക്കെന്മിഴിമൂടുവാ –
നാവുകില്ലൊരുനാളിലും നിർണ്ണയം

ആകയാലിതു കണ്ണൻ്റെ മായതാ –
നാകണമെന്നു രാമൻ നിരൂപിച്ചു

ഒന്നുകണ്ണടച്ചിട്ടു തന്നുള്ളിലായ്
മിന്നിനിൽക്കുന്ന ശേഷപ്രകൃതിയായ്
ആയിരം നാവുമായ് പാടി നാമങ്ങൾ
ആയിരം ബലഭദ്രനന്നേരത്തിൽ

ഗോപബാലരും പൈ പൈക്കിടാങ്ങളും
ഗോക്കളെ മേച്ചിടുന്ന കോൽ വേണുവും
കണ്ണനെന്നുടൻ കണ്ടു മന്ദം ഹലി
കണ്ണു മെല്ലെ തുറന്നു ചിരിച്ചുപോൽ