Archive for March 20, 2024

എന്തോന്ന്?

Posted: March 20, 2024 in Uncategorized

ഇതെന്തോന്നു കുന്ത്രാണ്ടമെന്നൊന്നു ചിന്തിച്ചും
അന്തിച്ചുമന്നായ്കളെല്ലാം വിരണ്ടോ ?

പടച്ചോൻ പടച്ചുള്ളതല്ലെന്നുകണ്ടി-
ട്ടടുക്കാൻ മടിച്ചെന്നു താൻ തോന്നിടുന്നൂ

https://youtube.com/shorts/ZFR7Dc5ntx0?si=gzqQ1dnR9sRXYLXj

കണ്ടുകൂടാത്തതിപ്പാരിൽ
കണ്ടെന്നാൽ കണ്ണടച്ചിടാം
കാണ്മതെന്നുള്ളിലാണെന്നാൽ
കണ്ണടക്കാവതല്ല, കേൾ

മുനപൊട്ടിയതോർത്തൊട്ടും
മാറിനിൽക്കേണ്ട പെൻസിലേ
മൂർച്ച കൂട്ടിത്തരാം നോവാ-
മേനിതാങ്ങിടുമെങ്കിൽ ഞാൻ

Me

Posted: March 20, 2024 in അനുഷ്ടുപ്പ്

മാറ്റത്തിനൊത്തുമാറുമ്പോൾ
മാറ്റേറും ഞാൻ മറഞ്ഞുവോ?
മാറ്റിത്തം വന്നുപോയോ, “നോ
മാറ്റ”റെന്നായ് നിരീയ്ക്കണോ

ജ്ഞാനപ്പാൽ നൽകിയന്നാള-
ജ്ഞാനത്തിൻ മറ മാറ്റിയോൻ
ആനന്ദരൂപനെന്നുള്ളിൽ
സാനന്ദം കളിയാടണം

തോണിയിൽ വന്നു ലോകത്തെ
ത്രാണനം ചെയ്ത തമ്പുരാൻ
തോണിയപ്പരെയെന്നുള്ളിൽ
കാണുവാൻ തുണയീശ! നീ

അംഗാരകനുതൻ സാംബൻ
ഗംഗാധരനഹർനിശം
സങ്കടം മാറ്റണം ചിത്താം
രംഗത്തിൽ കളിയാടണം

അണ്ണൻ പെരുമാളേ, ന-
ല്ലലർമേൽമങ്കയെത്തഥാ
അകമേ കണ്ടുകൂപ്പാൻ ത-
ന്നരുളൂ ഭക്തി മാനസേ

നാവോതും വാക്കു നൽകൊല്ലാ
നോവാർക്കുംതന്നെയാകയാൽ
ആവതും ശിവനാമം താ-
നാവണം ഞാനുരയ്പതും

യമനെക്കാൺകിലോ കാണാ-
മെവനും പേടിയുള്ളതായ്
അവനോ ബാലനക്കാലം
ശിവനെക്കൂപ്പി മുക്തനായ്


വാണിയായ്, ഗൌരിയായ്, ലക്ഷ്മിയായ്, കാളിയായ്
വാണിടും ദേവി! കൊല്ലൂരെഴും കാവിലും
കാണിനേരം മനക്കാവിലും കാൺകിലെ-
ന്താണിതിന്മീതെ, ഞാൻ കൂപ്പിടാം സാദരം