Archive for March 29, 2024

.
രക്തമായ് ധമനിക്കകത്തൊഴുകുന്നതാം കൃപ രക്ഷയായ്
നിത്യമീയുലകത്തിനായ് നറുവീഞ്ഞുപോലെ പകർന്നവൻ
ഹൃത്തടത്തിലുയർന്നിടും മമ കെട്ട ചിന്തയകറ്റണം
ഭക്തിയായതിനേശുദേവനെനിക്കുതന്നു തുണയ്ക്കണം

മർത്യവേഷമെടുത്ത ദേവസുതൻ ഭവാൻ ഭുവി വന്നുചേർ-
ന്നെത്രയും കൃപയോടെ പാപികളാകിലും ഹിതമേകിടും
മുക്തിതൻ വഴികാട്ടുവാനതറിഞ്ഞിടാതെ നരനെന്നുതാ –
നോർത്തുപോയ് മിഴിമൂടുമജ്ഞതയാ, ലതൊട്ടു പൊറുക്കണേ

അധികാരം

Posted: March 29, 2024 in കേക

ആപത്താണധികാരം, നിർണ്ണയം ലോകത്തെന്നും
നല്ലോരെ ദുഷിപ്പിക്കും കെട്ടോരെകൂടെ കൂട്ടും

സമ്പത്തുമിതേപോലെതന്നെയെന്നല്ലോ പണ്ടേ
പാക്കനാർ ചൊല്ലിയാളെക്കൊല്ലിതാൻ സ്വത്തെന്നാളും

സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട, സ്ഥാനവും കാശും നമ്മെ
രക്ഷിക്കില്ലവ നൽകും  സുഖങ്ങൾ ക്ഷണികം താൻ

ആകയാൽ ഭാഗ്യവാനക്കൌപീനക്കാരനെന്നായ്
ലോകരോടായി ചൊല്ലീ ശങ്കരൻ മഹാജ്ഞാനി


പോരും പ്രേമവുമൊന്നുപോലെ, വിജയം
താൻ മുഖ്യമെന്നാകയാൽ
ചേരുംപോൽ പൊളിയോതിടാം, നിയമവും
നോക്കേണ്ടതില്ലേതുമേ
ആരുംതന്നെ വിശുദ്ധരല്ലിതു ജനാ –
യത്തപ്പെരുംപോരിതിൽ
ചേരുന്നോർ കരുതാതെ നിൽക്കിലണയും
വല്ലാത്ത പൊല്ലാപ്പുകൾ

ഇന്ദ്രജാലം

Posted: March 29, 2024 in Uncategorized

ഒരാറ്റത്തിൻ ആറ്റത്തിന്നുള്ളിലായ് കാണുന്നു
ബ്രഹ്മാണ്ഡമെന്നതാം മറ്റൊരാറ്റം

ഒരോരോ  അണ്ഡത്തിൽ നിന്നുമുണ്ടാകു-
ന്നതാറ്റങ്ങളായിരമായിരങ്ങൾ

അങ്ങിനെ കാണ്മതാമാറ്റങ്ങൾ ഓരോന്നും 
ഓരോ പ്രപഞ്ചമായ് തീർന്നിടുന്നൂ

കണ്ണൻ തൻവായ്ക്കുള്ളിലമ്മ കണ്ടീടുവാൻ
കാണിച്ച വിസ്മയക്കാഴ്ചപോലെ

(ആശയം കടപ്പാട്: രാജുച്ചേട്ടൻ Rajendran Maliakal  )

നിർമ്മമൻ നിസ്സംഗനീശ്വരനെങ്കിലും
നമ്മൾ നന്നായിങ്ങു ജീവിക്കുവാൻ
നിർമ്മലസ്നേഹത്തിൻ സന്ദേശവും കൊണ്ടു
തന്മകനെത്തന്നെ വിട്ടയച്ചൂ!

നമ്മളെന്നാൽ തിരിച്ചീശ്വരപുത്രനായ്
വന്മരത്തിൽ കുരിശ്ശേകി, കഷ്ടം!

അക്കുരിശ്ശിന്മേൽ കിടന്നുനീറുമ്പൊഴു –
മുൾക്കാമ്പിൽ നീരസം തോന്നിയില്ല
ഇജ്ജനം ചെയ്യുന്ന കർമ്മത്തിൻ കാരണം
അജ്ഞാനം തന്നെയെന്നോർത്തു ധീമാൻ
എല്ലാം പൊറുക്കുകെന്നോതിയീലോകർക്കായ്
വല്ലാത്ത നോവും സഹിച്ചുനിന്നൂ

കണ്ണൻതന്നെ പറഞ്ഞതാണു പൊളിയാ –
ണായർകുലം തന്നിലായ്
വെണ്ണയ്ക്കായൊരുവീട്ടിലും കയറിയി-
ല്ലമ്മേയിവൻ നിർണ്ണയം
മണ്ണും തെല്ലു ഭുജിച്ചതില്ല, വെറുതേ
കേൾക്കൊല്ലയിക്കൂട്ടരീ-
വണ്ണം പൊയ് പറയുന്നതിന്നുമകനെ-
തല്ലാനൊരുങ്ങൊല്ല നീ

പൊയ്പോയ് മാഞ്ഞൊരു നാളിനെപ്രതി വൃഥാ
ചിന്തിപ്പതെന്തിന്നു നാ-
മിപ്പോൾ, പോയതുപോ, യതിൻ്റെ കുഴിമാ –
ടത്തിൽ തിരഞ്ഞീടണോ?
തപ്പുമ്പോൾ പലതും പുറത്തുവരുമാ-
ദൃശ്യങ്ങൾ നോവേറ്റമി –
ങ്ങുൾപ്പൂവിൽ പകരാം നമുക്കു, ഹിതമാ-
യെന്തൊന്നു വന്നീടുവാൻ

മാറ്റം പോയ ദിനത്തിലാർക്കു പകരാ-
നാവുന്നഹോ , നാളെയെ –
പ്പറ്റിച്ചിന്തന ചെയ്തുമെന്തു ഗുണമീ –
ലോകർക്കു വന്നീടുവാൻ?
പറ്റുംപോൽ തുണയന്യനേകിയമരാൻ
സാധിക്കുമെന്നാലതാ
ണേറ്റം നല്ലതു, പോയനാളിലമരാ-
നില്ലേതുമേ കൌതുകം

ഒരു ചെറുവിത്തിന്നകമെയിരിക്കു-
ന്നൊരുമരമേവം മമ മനതാരിൽ
ഒരുവനിരുപ്പുണ്ടവനിഹ കാണു –
ന്നൊരുകനവാണോ ഭുവനമിതെല്ലാം?