Archive for March 19, 2024

ആശംസ

Posted: March 19, 2024 in രഥോദ്ധത

നല്ല വൈലിലതിശോഭയാർന്നിടും
കേരവൃക്ഷസമമായുയർന്നുതാൻ
ഏറിടും പുകഴണഞ്ഞിടട്ടെയി –
ക്കോടിലിംഗനൃപർ തൻ കുലത്തിനും

ദിലീപേട്ടൻ്റെ ശ്ലോകം

ശിവഭക്തിയമൃതായ് പകരാനണഞ്ഞതാം
നാൽവർക്കുമോതുന്നു നന്ദി നിത്യം

അപ്പർ
തിരുജ്ഞാനസംബന്ധർ
മാണിക്യവാസകർ
സുന്ദരർ

ആലംബം

Posted: March 19, 2024 in മഞ്ജരി

കാലപാശം മെയ്യിലേല്പിച്ചതാം ക്ഷതം
കാലം മറയ്ക്കാതെ സൂക്ഷിച്ചിടും
കാലാരിത്തമ്പുരാൻതൻ്റെ തൃക്കാലെനി- ക്കാലംബമിപ്പാരിലെക്കാലവും

അതിനാലാവണം ഫോട്ടോൺ
പതിവായൊറ്റപ്പെടുന്നതും
മതിമാനും പ്രയാസം താ-
നതിനോടൊപ്പമെത്തിടാൻ

തൃക്കടയൂർ വാഴും പാർവ്വതീദേവി നിൻ
തൃക്കഴൽ കൂപ്പിത്തൊഴുതിടുന്നേൻ

അമ്മേ അഭിരാമി നിൻ കീർത്തനം പാടാൻ
എന്മനസ്സാശിച്ചിടുന്നു പാരം

പണ്ടൊരു നാളിലായ് സുബ്രഹ്മണ്യാഭിധൻ
ഉണ്ടായിരുന്നു നിൻ ഭക്തവര്യൻ

അന്നൊരമാവസിനാളിലായീഭക്തൻ
നിന്നെയും ധ്യാനിച്ചിരുന്നനേരം
മന്നവൻ വന്നുപോലല്പം പരീക്ഷിക്കാ-
മെന്നോർത്തുചോദ്യമൊന്നുന്നയിച്ചു

ഇന്നു ചന്ദ്രൻ വാനിൽ വന്നുദിച്ചീടുമോ
എന്നായിരുന്നുപോൽ ചോദ്യമെന്നാൽ
പൂർണ്ണചന്ദ്രൻ മെല്ലെ വാനിൽ തെളിഞ്ഞിടും
നിർണ്ണയമെന്നോതി ഭക്തനത്രേ

അന്ത്യനാളാകും നിനക്കിതു രാത്രിയിൽ
ചന്ദ്രൻ വരില്ലെങ്കിലെന്നു ചൊല്ലീ
മന്നവനക്ഷണം കോപിച്ചു, സേവകർ
തന്നെയും സങ്കടപ്പെട്ടു പാരം

എന്തീവിധം ഭക്തനുത്തരം ചൊല്ലിയി-
ങ്ങെന്തിനായ് മന്നവൻ കല്പിച്ചതും

ധ്യാനം കഴിഞ്ഞൊന്നുണർന്നനേരം ഭക്തൻ
താനെന്തുചെയ്തതെന്നോർത്തുപോയി

എന്തിനി ചെയ്യാവതും മൂവുലകവും
സന്തതം കാക്കുമെന്നമ്മ കാക്കും

എന്നായഭിരാമി “അന്താദി” കീർത്തനം
അന്നാദ്യമായ് തീർത്തുടൻ പാടിയത്രേ

പ്രത്യക്ഷയായ് വന്നു ദേവി, തൻ കമ്മലിൻ
മുത്തിനെ ചന്ദ്രനായ് കാട്ടിയല്ലോ

ഇന്നുമാകീർത്തനം കേൾക്കുന്നു സാദരം
ധന്യരാം ഭക്തരിപ്പാരിടത്തിൽ

  • അന്താദി = തൊട്ടു മുമ്പത്തെ വരികളുടെ അവസാനപദം കൊണ്ടു പുതിയ വരി തുടങ്ങുന്ന കാവ്യരീതി

*ബ്രഹ്മഗർവ്വശമനം – 2*

ഇന്നുകൂടെ കളിക്കാൻ വിരിഞ്ചനും
തോന്നിവന്നതു നന്നായവനൊപ്പം
ഒന്നു ഞാനും കളിക്കാനിറങ്ങിടാം
എന്നു ചിന്തിച്ചു കണ്ണൻ ചിരിച്ചുപോൽ

മണ്ണിൽ വീടൊന്നുപൊക്കിക്കളിച്ചതും
തിണ്ണം കുട്ടികൾ തച്ചുടയ്ക്കുംവിധം
മൂന്നുലോകവും സൃഷ്ടിച്ചു രക്ഷിച്ചു
പിന്നെ സംഹരിക്കുന്നവനല്ലയോ

കൂടെയിപ്പോൾ കളിക്കും വിരിഞ്ചനും
കൂടിവിസ്മയം തീർക്കുവാനെന്നപോൽ
വിശ്വമൊക്കെയും സൃഷ്ടിച്ചൊടുക്കിടും
വിശ്വനാഥനാം കണ്ണൻ സ്വലീലയാൽ
പൈക്കളെ, ഗോപബാലരെയും തഥാ
പൈക്കിടാങ്ങളെയെന്നല്ല തത്ക്ഷണം
കാലിമേയ്ക്കുന്ന ബാലരേന്തുന്നതാം
കോലും വേണുവും മറ്റു വസ്തുക്കളും
തന്നുടൽ തന്നിൽ നിന്നു താനുണ്ടാക്കി
ചെന്നു ഗോകുലത്തിങ്കലേയ്ക്കായ് ദ്രുതം

ഒട്ടനേകമാം പൈക്കളായമ്മയോ –
ടൊട്ടിനിൽക്കുന്നപൈക്കുട്ടിക്കൂട്ടമായ്
കോലുമോടക്കുഴലും പിടിക്കുന്ന
ബാലരായതും കണ്ണൻ തിരുവടി

കൂട്ടുകാരായ ഗോപാലബാലരായ്
വീട്ടിലേയ്ക്കന്നു ചെന്നവർ, പൈക്കളും
നന്ദനന്ദനൻ തന്നംശമെന്നൊട്ടും
തോന്നിയില്ല പോലേട്ടനാം രാമനും

കുട്ടികൾ തൊഴുത്തിങ്കൽ പശുക്കളെ
കെട്ടി വീട്ടിന്നകംപൂകിയപ്പൊഴും
ഒട്ടുസംശയം തോന്നിയില്ലാർക്കുമുൾ-
ത്തട്ടിലെങ്കിലും വാത്സല്യമേറിപോൽ
(തുടരും..)

പാലയ മാം

Posted: March 19, 2024 in Uncategorized

കുമതിനിവാരണ! മുനിജനമാനസ –
കമലാശ്രിത! കരുണാജലധേ!

വിഷമവിലോചന! ഫണിഗണഭൂഷിത!
വിഷമവിനാശക! ചന്ദ്രധര!

ഭവഭയമോചന! യമഭയനാശന!
ഭവ! ശിവശങ്കര! സാംബശിവ!

അമൃതകരാശ്രിത! അമൃതഘടേശ്വര!
അമരാധീശ്വര! ഗുണജലധേ!

അഭയവരപ്രദ! ഭസ്മവിലേപന!
അഭിരാമിപ്രിയ! പാലയ മാം

ഭുവനമനോഹര! സകലസുഖപ്രദ!
പുരഹര! ശങ്കര! ഹര ദുരിതം

സുരഗണസേവിത! നതജനപാലക!
സ്മരഹര! ശരണം തവ ചരണം

(തിരുക്കടയൂർ തിരുക്കോവിലേയ്ക്ക് ദർശനത്തിനായി പോകുന്നു. അവിടെ ശിവഭഗവാൻ അമൃതഘടേശ്വരനായും ശ്രീപാർവ്വതി അഭിരാമിയായും അറിയപ്പെടുന്നു)