ബ്രഹ്മഗർവ്വശമനം – 2

Posted: March 19, 2024 in കഥ, പാന

*ബ്രഹ്മഗർവ്വശമനം – 2*

ഇന്നുകൂടെ കളിക്കാൻ വിരിഞ്ചനും
തോന്നിവന്നതു നന്നായവനൊപ്പം
ഒന്നു ഞാനും കളിക്കാനിറങ്ങിടാം
എന്നു ചിന്തിച്ചു കണ്ണൻ ചിരിച്ചുപോൽ

മണ്ണിൽ വീടൊന്നുപൊക്കിക്കളിച്ചതും
തിണ്ണം കുട്ടികൾ തച്ചുടയ്ക്കുംവിധം
മൂന്നുലോകവും സൃഷ്ടിച്ചു രക്ഷിച്ചു
പിന്നെ സംഹരിക്കുന്നവനല്ലയോ

കൂടെയിപ്പോൾ കളിക്കും വിരിഞ്ചനും
കൂടിവിസ്മയം തീർക്കുവാനെന്നപോൽ
വിശ്വമൊക്കെയും സൃഷ്ടിച്ചൊടുക്കിടും
വിശ്വനാഥനാം കണ്ണൻ സ്വലീലയാൽ
പൈക്കളെ, ഗോപബാലരെയും തഥാ
പൈക്കിടാങ്ങളെയെന്നല്ല തത്ക്ഷണം
കാലിമേയ്ക്കുന്ന ബാലരേന്തുന്നതാം
കോലും വേണുവും മറ്റു വസ്തുക്കളും
തന്നുടൽ തന്നിൽ നിന്നു താനുണ്ടാക്കി
ചെന്നു ഗോകുലത്തിങ്കലേയ്ക്കായ് ദ്രുതം

ഒട്ടനേകമാം പൈക്കളായമ്മയോ –
ടൊട്ടിനിൽക്കുന്നപൈക്കുട്ടിക്കൂട്ടമായ്
കോലുമോടക്കുഴലും പിടിക്കുന്ന
ബാലരായതും കണ്ണൻ തിരുവടി

കൂട്ടുകാരായ ഗോപാലബാലരായ്
വീട്ടിലേയ്ക്കന്നു ചെന്നവർ, പൈക്കളും
നന്ദനന്ദനൻ തന്നംശമെന്നൊട്ടും
തോന്നിയില്ല പോലേട്ടനാം രാമനും

കുട്ടികൾ തൊഴുത്തിങ്കൽ പശുക്കളെ
കെട്ടി വീട്ടിന്നകംപൂകിയപ്പൊഴും
ഒട്ടുസംശയം തോന്നിയില്ലാർക്കുമുൾ-
ത്തട്ടിലെങ്കിലും വാത്സല്യമേറിപോൽ
(തുടരും..)

Leave a comment