Archive for March 6, 2024

*തൃപ്പൂണിത്തുറയിൽ മെട്രോ വരുമ്പോൾ*

തീവണ്ടിത്തമ്പുരാനപ്പൊഴുതുജനഹിതം
കണ്ടറിഞ്ഞേകിയത്രേ
തീവണ്ടിക്കെത്തുവാനായ് ചിലവിനു നിഗമേശൻ്റെ പൊന്നേറെ, ചിത്രം!
ദേവൻ തൻ പൂജയായിക്കരുതി ജനതതൻ –
സേവ രാജർഷിയന്നാ –
ളേവം വന്നെത്തികൊച്ചിക്കനുപമനില പിൽ-
ക്കാലമെന്നല്ലി കാണ്മൂ

ഇക്കാലത്തിന്നുചേരുംപടി വികസനവും
.കൊണ്ടുമെട്രോ വരുമ്പോ-
ളോർക്കാമാമന്നനേയും സവിനയ, മവന –
ന്നാളുചെയ്തോരു പുണ്യം
എക്കാലത്തും യശസ്സിൻ കൊടുമുടി മുകളിൽ
കൊച്ചിയെൻ ജന്മഭൂവും
നിൽക്കാൻ നന്നായൊരുക്കീവഴി, യിതുവഴിയായ്
നാടു പുഷ്ടിപ്പെടട്ടേ

ശിവപ്രിയേ! ശങ്കരി! ഗൌരി, യംബികേ!
തപസ്വിനീ! പാർവ്വതി! ലോകനായികേ
വിപത്തകറ്റിത്തുണയേക, നിൻ മഹാ –
കൃപയ്ക്കു കാക്കുന്നു ശിവേ! മഹേശ്വരീ

കവിത രസിക്കാതമരുകയാണോ?
കഠിനമതെന്നേ കരുതുക നല്ലൂ
കഴിവതിനേറ്റം വരുവതിനായി
കൊതിവളരട്ടെ നരനകതാരിൽ

ചൊടികളിലെത്തേൻ നുകരുവതായാൽ
ഉടനടി പാടും ചെറിയൊരുപുല്ലും
കടമിഴിയമ്പാലടിപതറിപ്പോയ്
പിടയുമൊരായർതരുണിമനസ്സും

ശരണം

Posted: March 6, 2024 in രസരംഗം

മുരഹര! സാക്ഷാൽ നിഗമപുരീശാ, ഭഗവാനേ
ഹര മമ ദുഃഖം,  മമ ഹൃദി വാഴൂ ഭയമാറ്റാൻ
വരദ! കൃപാലോ! പാർത്ഥസഖേ! കാത്തരുളേണം
തരണമെനിക്കാചരണയുഗത്തിൽ ശരണം നീ