Archive for March 30, 2024

അന്യരോടുള്ളതാം തർക്കം
വാചാടോപം കണക്കുതാൻ
തന്നോടുതന്നെ തർക്കിച്ചീ –
ടുന്നതോ കാവ്യമായ് വരും

യേശുനാഥ!

Posted: March 30, 2024 in സമ്മത

കരുണ തന്നെയാണേശുദേവനായ്
ധരയിലെത്തിയോൻ ദൈവനന്ദനൻ
നരനവൻ തരും രക്ഷ, കുമ്പിടാം
ചരണപങ്കജം തന്നിലെന്നുമേ



ഒരേമാവുതാനിഡ്ലിയായ് ദോശയായും
വരുന്നൂ, ചിലപ്പോഴൊരൂത്തപ്പമായും
ശരിക്കും വിശപ്പൊക്കെയും മാറ്റുമൊപ്പം
തരും സൌഖ്യമേറ്റം രസജ്ഞയ്ക്കിതെല്ലാം

അമ്പിളിമാമനെക്കാണിച്ചുകണ്ണനെ
അമ്മയൂട്ടുംനേരം മേഘങ്ങളിൽ
ചന്ദ്രൻ മറഞ്ഞുപോയ്, കേണുവാബാലനും,
മന്ദം ചിരിച്ചുടൻ നന്ദപത്നി
“എന്നോമലെ നിന്നെ കാണുവാനാശയാൽ
വന്നതാണമ്മാമൻ താഴേയ്ക്കേവം
ഇപ്പോളടുത്തെത്തു”മെന്നും പറഞ്ഞവൾ
ക്ഷിപ്രമടുക്കളയ്ക്കുള്ളിലെത്തി

ചന്തത്തിൽ വട്ടത്തിലുണ്ടാക്കിയപ്പമാ
ചെന്താമരാക്ഷൻ്റെ കൈയ്യിലേകി

ഇത്രയും പെട്ടെന്നങ്ങമ്മാവൻ വന്നതിൽ
എത്രയും നന്ദജൻ സന്തോഷിച്ചു

ഇന്നതാണേറ്റവും മന്നിൽ പ്രശസ്തമായ്
തീർന്നതാമിഡ്ഡലി കൂട്ടുകാരേ

ഇഡ്ഡലി

Posted: March 30, 2024 in രഥോദ്ധത

ആവികേറ്റി തനു കഷ്ടമേറ്റവും
നോവുതിന്നതിനുശേഷമാകണം
പൂവുപോൽ മൃദുലമായി നിൻ്റെ മെയ്
ഭൂവിലാരിതുകണക്കിലിഡ്ഡലീ!

ഇഡ്ലി

Posted: March 30, 2024 in സ്രഗ്ദ്ധര

അന്നപ്പാലാഴിദേവാസുരനിര കടയും
വേള പീയുഷമുണ്ടായ്
വന്നൂ, മോഷ്ടിച്ചുപെട്ടെന്നസുരരമൃത, മ-
പ്പോഴതും വീണ്ടെടുക്കാൻ
ചെന്നോരാവിഷ്ണുമായാഭഗവതി സുധയാൽ
തീർത്തുമർത്യർക്കശിക്കാൻ
തന്നോരിഡ്ലിക്കു തുല്യം മൃദുലത വരുവാൻ
പൂവുമാശിപ്പു പാവം

കുഴൽ

Posted: March 30, 2024 in ശങ്കരചരിതം

കുഴലിപ്പടിരണമാടിടുവതിനല്ലകതളിരി –
ന്നഴലാറ്റിടുമളവൂറണമൊരുപാട്ടതിലനിശം
നിഴൽനാടകമിതിലെന്തിനു കലഹിപ്പതു, കൃപ താൻ
മഴ പാരിനുസുഖമേകിടുവതുപോലിതുതരണം

കൈതപ്പൂവേ! കവർന്നോ വനഭുവിയമരും
മന്നനായ് ദൂതുപോകെ-
ക്കൈതേരിപ്പെൺകിടാവിന്നഴകു, സകരുണം
ദാനമായ് തന്നതാണോ?
കൈതട്ടിപ്പാടിയോ നിൻ ഗുണഗണമവളൊ-
ന്നാടവേ സ്നേഹപൂർവ്വം
കൈ തൊട്ടോ മെയ്യിലന്നാ, ളവളതുവഴിയായ്
ഗന്ധവും തന്നതാണോ?

തേൻകണം വരുംവണ്ടിനേകാത്ത
പൂവിനെത്രമേൽ സൌന്ദര്യം
കാണുമെങ്കിലും നല്ല പുഷ്പമായ്
ആരുചൊല്ലുമിപ്പാരിലായ്

നല്ല ചിന്ത തന്നുള്ളിലില്ലാതെ
തെല്ലു നന്മ ചെയ്യാതെയും
കാലമെന്നുമേ തള്ളിനീക്കിലോ
കഷ്ടമേറ്റമജ്ജീവിതം