Archive for March 13, 2024

ആരാണാനമുഖൻ, മഹേശനുമകൻ,
വിത്തേശദർപ്പദ്രുമം
വേരോടെപ്പിഴുതോ, നുമയ്ക്കൊരരുമ-
ക്കുഞ്ഞായ് പിറന്നോൻ സ്വയം
പാരിൻ ദുഃഖമകറ്റുവാനണയണം,
പങ്കം കളഞ്ഞെൻ്റെ ഹൃ-
ത്താരിൽ കാണുവതാകണം, ശരണമീ-
ലോകത്തിനേകീടണം

വാക്കാണു വിത്തം, ഭുവി നാവു ചൊല്ലും
വാക്കാണു ശസ്ത്രങ്ങളുമോർക്ക നല്ലൂ

വാക്കാണുപോൽ പ്രാണന, തിന്നു പ്രാണൻ
വാക്കാണ, തേകീടുക പാരിനെന്നും

വാക്കാണു ദൈവം, ഹരിപൂജയും, കേൾ,
വാക്കാണതോർത്തോതുക വാക്കു നിത്യം

പ്രചോദനം (മൊഴിമാറ്റമല്ല):

आम्ही घरी धन शब्दांचीच रत्ने ।
शब्दांचीच शस्त्रे यत्ने करुं ।।१।।

शब्दाची आमूच्या जीवाचे जीवन ।
शब्दे वांटू धन जनलोकां ।।२।।

तुका म्हणे पहा शब्दाची हा देवा ।
शब्देंची गौरव पूजा करूं ।।३।।
(സന്ത് തുക്കാറാം)

സുല്ലെന്നോതി മറഞ്ഞിടുന്നു കതിരോൻ
ചൂടിങ്ങു കൂടീടവേ
വല്ലാതത്തനു നീറി പാവമവന –
ങ്ങാഴിയ്ക്കകത്താഴ്കയായ്
എല്ലാടത്തുമിരുട്ടുതിങ്ങുമളവിൽ
കാരുണ്യമൂറും നിലാ –
വെല്ലാർക്കും പകരുന്ന ചന്ദ്രനഭയം
നൽകും ഭവൻ മേ ബലം


ചായ

Posted: March 13, 2024 in അനുഷ്ടുപ്പ്

പ്രേയസീസ്മേരമെന്നോണം
കപ്പിൽ ചായ ചിരിക്കയാം
മധുരം ചൊടിപോൽ, മോദം
പകരും വാക്കുപോലെയും

ദിലീപേട്ടൻ്റെ ശ്ലോകം

പാളിടാം ചിന്ത, യെന്നുള്ളം
കാളിടാം ചില വേളയിൽ
ആളിടും ഭയമറ്റീടാൻ
കാളികേ! കൃപ തൂകണേ

അമ്പിളിക്കല കാണുമ്പോൾ
നിൻ കേശം ഞാൻ സ്മരിച്ചിടും
കുമ്പിടും സാദരം കാളീ
നിൻ പത്തിൽ മമ മാനസം

താരാജാലങ്ങളെക്കണ്ടാൽ
കേശഭാരത്തിലുള്ളതാം
ഹാരമായ് തോന്നിടും കൂപ്പും
കാളീ! നിൻ നാമമോതി ഞാൻ

പൂർവ്വാദ്രി തന്നിലായ് സൂര്യൻ
പൊങ്ങിടും കാഴ്ച കാൺകിലോ
കാളി! നിൻ തീമിഴിക്കണ്ണെ –
ന്നോർത്തു കൈകൂപ്പിനിന്നിടും

പൂനിലാവൊളി കാണുമ്പോൾ
കാളീ! നിൻ മന്ദഹാസമായ്
കണ്ടുകൂപ്പിസ്തുതിക്കും ഞാ-
നന്തകാരിസുതേ! സദാ

മിന്നൽ മാനത്തു മിന്നുമ്പോൾ
നിൻ വാളെന്നോർത്തു മാനസം
കാളി! നിൻ നാമമന്ത്രം ഞാൻ
ചൊല്ലി വന്ദിച്ചുനിന്നിടും

സാന്ധ്യവാനത്തിലായെന്നും
കാണുമാച്ചോപ്പു കാളികേ
നിൻ നാവിലൂറിടും ദൈത്യ-
നിണമെന്നോർത്തുകൂപ്പിടും

തെന്നലെത്തിത്തലോടുമ്പോൾ
നിൻ കരസ്പർശമെന്നുതാൻ
ചിന്തിച്ചു കൈവണങ്ങീടും
സന്തതം കാളികേയഹം

കാണുമീ വാഴ്‌വിലായ് നിത്യം
കാണും കാഴ്ചകളൊക്കവേ
കാളി! നിൻ കൃപയായ് തന്നെ
കണ്ടുകൂപ്പാൻ വരം തരൂ

കോമരം പോലെ തുള്ളുന്നുൾ-
ക്കാവിലെത്തുന്ന ചിന്തകൾ
കാവുതീണ്ടാൻ വരം നൽകൂ
കാവിലമ്മേ! കൃപാനിധേ!

മാനത്തു മാരിതൂകാൻ വരും മേഘവും,
മുറ്റത്തു പൂക്കളും, ദാഹനീരേകുവാൻ
മന്ദം ഗമിച്ചിടുമാറും മനോഹരം
തന്നെയിഗ്രാമത്തിൻ കാഴ്ചയെൻ തോഴരേ



നുള്ളിനോവിക്കുവാൻ മെയ്യിൽ
മുള്ളുണ്ടെന്നാകിലെന്തുവാൻ!
തൊട്ടാൽ വാടിയ മട്ടെന്നും
തൊട്ടാവാടിയമർന്നിടും

തന്നടുത്തുള്ളവർക്കെല്ലാം
വന്നുചേരുന്ന സങ്കടം
തൻ്റെ ദുഃഖം കണക്കായ്താൻ
ചിന്തിച്ചക്കണ്ണടയ്ക്കയോ ?

അന്യർക്കു ദുഃഖമേകാതി-
ങ്ങെന്നും വാഴാൻ ശ്രമിപ്പവൻ
ധന്യൻ, സദ്ഗുരു താനെന്നും
വന്ദ്യനാണക്കൃപാമയൻ

വിരളംതന്നെയാണിപ്പോൾ
പാരിലിമ്മട്ടുവാഴുവോർ
എന്നാലും കണ്ടിടാമിന്നും
ഗ്രാമത്തിൽ ചില വേളയിൽ

പൂന്താനത്തിനൊരുണ്ണിയായ് സകരുണം
വന്നെത്തിയോൻ തന്നെയീ-
സന്താപത്തിരതല്ലിയാർക്കുമുലകിൽ
കാണാകണം തോണിയായ്
ചിന്താപുഷ്പമിറുത്തുകോർത്തു ഭഗവൻ!
വയ്ക്കുന്നു ഞാൻ തൃപ്പദ-
ച്ചെന്താരിൽ, തിരുമാറിലൊന്നണിയണേ
വാതാലയാധീശ്വരാ!