കാളികേ

Posted: March 13, 2024 in അനുഷ്ടുപ്പ്

അമ്പിളിക്കല കാണുമ്പോൾ
നിൻ കേശം ഞാൻ സ്മരിച്ചിടും
കുമ്പിടും സാദരം കാളീ
നിൻ പത്തിൽ മമ മാനസം

താരാജാലങ്ങളെക്കണ്ടാൽ
കേശഭാരത്തിലുള്ളതാം
ഹാരമായ് തോന്നിടും കൂപ്പും
കാളീ! നിൻ നാമമോതി ഞാൻ

പൂർവ്വാദ്രി തന്നിലായ് സൂര്യൻ
പൊങ്ങിടും കാഴ്ച കാൺകിലോ
കാളി! നിൻ തീമിഴിക്കണ്ണെ –
ന്നോർത്തു കൈകൂപ്പിനിന്നിടും

പൂനിലാവൊളി കാണുമ്പോൾ
കാളീ! നിൻ മന്ദഹാസമായ്
കണ്ടുകൂപ്പിസ്തുതിക്കും ഞാ-
നന്തകാരിസുതേ! സദാ

മിന്നൽ മാനത്തു മിന്നുമ്പോൾ
നിൻ വാളെന്നോർത്തു മാനസം
കാളി! നിൻ നാമമന്ത്രം ഞാൻ
ചൊല്ലി വന്ദിച്ചുനിന്നിടും

സാന്ധ്യവാനത്തിലായെന്നും
കാണുമാച്ചോപ്പു കാളികേ
നിൻ നാവിലൂറിടും ദൈത്യ-
നിണമെന്നോർത്തുകൂപ്പിടും

തെന്നലെത്തിത്തലോടുമ്പോൾ
നിൻ കരസ്പർശമെന്നുതാൻ
ചിന്തിച്ചു കൈവണങ്ങീടും
സന്തതം കാളികേയഹം

കാണുമീ വാഴ്‌വിലായ് നിത്യം
കാണും കാഴ്ചകളൊക്കവേ
കാളി! നിൻ കൃപയായ് തന്നെ
കണ്ടുകൂപ്പാൻ വരം തരൂ

Leave a comment